ദില്ലി: ഐഡിയ വോഡഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ അവതരിപ്പിച്ച പ്രിമീയം പ്ലാന്‍ റദ്ദാക്കി ടെലികോം റെഗുലേറ്റററി അതോറിറ്റി. പ്രിമീയം പ്ലാനുകള്‍ പ്രകാരം ഇത് സെലക്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയില്‍ ഇന്‍റര്‍നെറ്റും, സര്‍വീസില്‍ മുന്‍തൂക്കവുമാണ് ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്തിരുന്നത്.

വോഡഫോണ്‍ ഐഡിയ റെഡ് എക്സ് എന്ന പേരിലും, എയര്‍ടെല്‍ പ്ലാറ്റിനം എന്ന പേരിലുമാണ് ഈ പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് ഈ പ്ലാനിന് വെളിയില്‍ നില്‍ക്കുന്ന ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രായി ഈ ഓഫറുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

ടെലികോം സര്‍വീസിന്‍റെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ഓഫറുകള്‍, ഒരു സാധാരണ ഉപയോക്താവില്‍ നിന്നും എന്ത് കൂടിയ സേവനമാണ് ഈ പ്ലാനുകള്‍ എടുക്കുന്ന ഉപയോക്താവിന് ലഭിക്കുക എന്ന് കൃത്യമായി ബോധിപ്പിക്കാന്‍ ഈ പ്ലാനുകള്‍ക്ക് സാധിക്കണം. അത്തരം മാനകങ്ങള്‍ വെളിവാക്കാന്‍ കഴിയാത്തോളം ഇത് സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കും - ട്രായിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

അതേ സമയം നേരത്തെ നെറ്റ് ന്യൂട്രാലിറ്റിയെ ബാധിക്കുന്ന ഒരു പ്രശ്നം തങ്ങളുടെ പ്ലാനില്‍ ഇല്ല എന്നാണ് കമ്പനികള്‍ വാദിച്ചത്. പുതിയ തീരുമാനത്തില്‍ കമ്പനികള്‍ പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനം നല്‍കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും, ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നും എയര്‍ടെല്‍ വക്താവ് ലൈവ് മിന്‍റിനോട് അനൌദ്യോഗികമായി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.