പാരീസ്: ആഗോള ടെക് ഭീമന്മാരായ ഗൂഗിളും ആപ്പിളും ഉൾപ്പെടെയുള്ളവയ്ക്ക് നികുതി ചുമത്താനുള്ള ഫ്രാൻസിന്‍റെ തീരുമാനത്തിനെതിരെ അമേരിക്ക. ഫ്രാൻസിന്‍റെ നടപടിയെ ഫ്രാന്‍സിന്‍റെ മണ്ടത്തരം എന്ന് വിശേഷിപ്പിച്ച ട്രംപ്, പിന്മാറിയില്ലെങ്കിൽ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി.

അമേരിക്കൻ ടെക്നോളജി ഭീമന്മാരായ ഗൂഗിളും ആപ്പിളും ഫേസ്ബുക്കും ആമസോണും മൈക്രോസോഫ്ടും ഉൾപ്പെടെയുള്ളവയ്ക്ക് നികുതി ചുമത്താനുള്ള ഫ്രാൻസിന്‍റെ നീക്കമാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നും കോടികളുടെ നേട്ടമുണ്ടാക്കുമ്പോഴും നിലവിൽ ഈ കമ്പനികള്‍ കോർപ്പറേറ്റ് നികുതി അടയ്ക്കുന്നില്ല. 

ഇത് തുടരാനാകില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് ഭരണകൂടം. ഫ്രാൻസിൽ നിന്ന് കുറഞ്ഞത് 250 ലക്ഷം യൂറോ ലാഭമുണ്ടാക്കുന്നുണെങ്കിൽ ഡിജിറ്റ‌ൽ ടാക്സ് അടയ്ക്കാൻ കമ്പനികള്‍ ബാധ്യസ്തരാണെന്നാണ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്റെ നിലപാട്. ഇതിലൂടെ വർഷം 40 കോടി യൂറോയുടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഫ്രാൻസിന്റെ നിലപാട്. 

ഏറെ വൈകാതെ തന്നെ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഡിജിറ്റൽ നികുതി മുപ്പതോളം അമേരിക്കൻ കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഇത് മുന്നിൽക്കണ്ടാണ് പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഫ്രാൻസിന്‍റെ നടപടിയെ വിമർശിച്ച ട്രംപ്, പുതിയ നികുതി നീക്കത്തെ മക്രോണിന്‍റെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ചു. 

ഡിജിറ്റൽ നികുതി ഏർപ്പെടുത്തുന്നതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ, ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈൽ ഉൾപ്പന്നങ്ങൾക്ക് നികുതി ചുമത്തി തിരിച്ചടിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഏറ്റവും വലിയ വൈൻ ഉൽപ്പാദകരായ ഫ്രാൻസിന്‍റെ പ്രധാന വിപണി അമേരിക്കയാണ്. ഇത് മുന്നിൽക്കണ്ടാണ് ട്രംപിന്റെ ഭീഷണി. എന്നാൽ ഫ്രാൻസ് സ്വതന്ത്രാവകാശമുള്ള രാജ്യമാണെന്നും ഡിജിറ്റൽ നികുതിയുമായി മുന്നോട്ടുപോകുമെന്നും ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലീ മെയർ വ്യക്തമാക്കി.