ന്യൂയോര്‍ക്ക്: അടുത്തകാലത്ത് തങ്ങളുടെ ഫീഡിലും, സമീപനത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റര്‍. ഇപ്പോഴിതാ കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നു. കോപ്പി പേസ്റ്റ് ട്വീറ്റുകളുടെ കാഴ്ചക്കാര്‍ ഇനി കുറയും എന്നാണ് ട്വിറ്റര്‍ നല്‍കുന്ന സൂചന. ട്വിറ്റര്‍ ഫീഡിലെ സ്പാം സന്ദേശങ്ങള്‍ ഒഴിവാക്കാനാണ് ട്വിറ്ററിന്‍റെ ഈ നീക്കം.

അടുത്തകാലത്ത് ട്വിറ്ററില്‍ ഒരു സോര്‍സ് ടെക്സ്റ്റില്‍ നിന്നും ഒരു മാറ്റവും വരുത്താതെ ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇത് ട്വിറ്റര്‍ ഫീഡുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇത്തരം ഒരു അവസ്ഥയിലാണ് ട്വിറ്റര്‍ ഇത്തരം ട്വീറ്റുകളുടെ കാഴ്ചക്കാരെ കുറയ്ക്കാന്‍ ശ്രമിക്കുന്നത് - ട്വിറ്റര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. 

അടുത്തിടെ ട്വിറ്റര്‍ അതിന്‍റെ സെന്‍സര്‍ഷിപ്പ് പോളിസി ഇതിന് അനുസരിച്ച് പരിഷ്കരിച്ചിരുന്നു. നേരത്തെ തന്നെ ട്വിറ്ററില്‍ ഒരു ട്വീറ്റ് കോപ്പി ചെയ്യാന്‍ അത് കുറച്ച് നേരം പ്രസ് ചെയ്താല്‍ മതി. അതുപോലെ തന്നെ റീട്വിറ്റ് വിത്ത് ക്വാട്സ്, റീട്വീറ്റ് വിത്ത് കമന്‍റ് എന്നീ സംവിധാനങ്ങളും ട്വിറ്ററിലുണ്ട്.

കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്പെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനാണ് ട്വിറ്ററിന്‍റെ പുതിയ നടപടി തടസ്സമാകുന്നത്. അടുത്ത ഡിസംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഇത്തരം ഒരു നീക്കം ട്വിറ്റര്‍ നടത്തുന്നത്.