Asianet News MalayalamAsianet News Malayalam

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് ഹൈ റിസ്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

നിലവിൽ ഗൂഗിൾ ക്രോമിന്റെ  v122.0.6261.57  എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. 

UAE cyber security council issued high risk warning for google chrome users afe
Author
First Published Feb 26, 2024, 2:54 AM IST

അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം വെബ് ബ്രൗസർ ഉപയോഗിക്കുന്നവ‍ർക്കായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഹൈ റിസ്ക് മുന്നറിയിപ്പ് പുറത്തിറക്കി. നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെയും മറ്റും ചോർച്ച ഒഴിവാക്കുന്നതിനും ഇന്റർനെറ്റിലൂടെയുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനും ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്നാണ് ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ അറിയിപ്പിലെ നിർദേശം. 

ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നു. നിലവിൽ ഗൂഗിൾ ക്രോമിന്റെ  v122.0.6261.57  എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറ‌‌ഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്.

സാധാരണ ഗതിയിൽ ഗൂഗിൾ ക്രോം ക്ലോസ് ചെയ്യുകയും പിന്നീട് തുറക്കുകയും ചെയ്യുമ്പോൾ തനിയെ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടും. എന്നാൽ ബ്രൗസർ ക്ലോസ് ചെയ്തിട്ടില്ലെങ്കിൽ അപ്‍ഡേറ്റ് പെന്റിങായി ഇരിക്കുന്നുണ്ടാവും. ഇത് പരിശോധിക്കാൻ ക്രോം ഓപ്പൺ ചെയ്ത ശേഷം മുകളിൽ വലത്തേ അറ്റത്തുള്ള മോർ ഐക്കണിൽ ക്ലിക്ക് ചെയ്യണം. അപ്‍ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ അവിടെ ദൃശ്യമാവും. അതല്ലെങ്കിൽ അവിടെ നിന്ന് About Google Chrome എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ക്രോം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios