ലണ്ടന്‍: കൊവിഡ് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കിയ മൊബൈല്‍ ആപ്പ് ഉപേക്ഷിച്ച് ബ്രിട്ടന്‍.  ഇതിന് പകരം ആപ്പിളും ഗൂഗിളും വികസിപ്പിച്ച സിസ്റ്റം ഉപയോഗപ്പെടുത്തും എന്നാണ് ബ്രിട്ടീഷ് ആരോഗ്യ വൃത്തങ്ങള്‍ ഇപ്പോള്‍ അറിയിക്കുന്നത്. നേരത്തെ വ്യാഴാഴ്ച വൈകീട്ടാണ് ആപ്പ് ശ്രമം ഉപേക്ഷിച്ച വിവരം ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചത്.

ടെസ്റ്റ് ആന്‍റ് ട്രൈസ് രീതിയിലുള്ള ആപ്പാണ് നേരത്തെ രാജ്യത്തിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഉണ്ടാക്കിയത്. ഇത് ബ്രിട്ടന്‍റെ ദക്ഷിണ തീരത്ത് ചിലയിടങ്ങളില്‍ ടെസ്റ്റിംഗും നടത്തി. പിന്നീട് ദേശീയ തലത്തില്‍ നടപ്പിലാക്കും എന്ന് പറഞ്ഞ ഈ ആപ്പാണ് ഇപ്പോള്‍ പിന്‍വലിച്ച്. ആപ്പിള്‍ ഗൂഗിള്‍ മോഡലിലിലേക്ക് തങ്ങളുടെ ടെസ്റ്റ് ആന്‍റ് ട്രൈസ് രീതി മാറ്റുവാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്.

കേന്ദ്രീകൃത സംവിധാനത്തിലാണ് ബ്രിട്ടന്‍ ആപ്പ് തയ്യാറാക്കിയിരുന്നത്. ഇത് പ്രകാരം ഉപയോക്താവ് നല്‍കുന്ന വിവരങ്ങള്‍ കേന്ദ്രീകൃതമായി സമാഹരിച്ച് വിവരങ്ങള്‍ തയ്യാറാക്കും. ഇന്ത്യയിലെ ആരോഗ്യസേതു ആപ്പിന് സമാനമായ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം ഇതിനും ഉണ്ടായിരുന്നു. 

എന്നാല്‍ ഈ സംവിധാനം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വികേന്ദ്രീകൃത സ്വഭാവമുള്ള ഗൂഗിള്‍ ആപ്പിള്‍ സിസ്റ്റത്തിന് സമാനമായ സംവിധാനത്തിന് വിരുദ്ധമാണ് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജര്‍മ്മനി, ഓസ്ട്രേലിയ നേരത്തെ തങ്ങളുടെ ആപ്പുകളിലെ സിസ്റ്റം ഉപയോഗിച്ച് ഗൂഗിള്‍ ആപ്പിള്‍ വികേന്ദ്രീകൃത സിസ്റ്റം സ്വീകരിച്ചിരുന്നു. ഈ വഴിക്ക് തന്നെയാണ് ബ്രിട്ടനും നീങ്ങുന്നത്.

അതേ സമയം എന്‍എച്ച്എസിന്‍റെ ആപ്പ് പിന്‍വലിക്കേണ്ട കാര്യത്തില്‍ ആപ്പിളിനെ കുറ്റപ്പെടുത്തി ബ്രിട്ടീഷ് ആരോഗ്യമന്ത്രി രംഗത്ത് എത്തിയിട്ടുണ്ട്. ആപ്പിള്‍ അവരുടെ സിസ്റ്റം മാറ്റുവാന്‍ സമ്മതിക്കാത്തതിനാല്‍ ഞങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കില്ല.  ഞങ്ങളുടെ ആപ്പിന് അകലം കണക്കാക്കുവാന്‍ സാധിക്കും, എന്നാല്‍ ആപ്പിള്‍ ഗൂഗിള്‍ സംവിധാനത്തിന് ആത് സാധ്യമല്ല. എങ്കിലും ഞങ്ങള്‍ ഒരു സ്റ്റാന്‍റേര്‍ഡ് എന്ന നിലയില്‍ ഇതില്‍ തൃപ്തരാണ്.

ഞങ്ങള്‍ ആപ്പിളിനും ഗൂഗിളിനും ഒപ്പം ചേരുവാന്‍ തീരുമാനിച്ചു. രണ്ട് സിസ്റ്റങ്ങളും ഏറ്റവും നല്ല രീതിയില്‍ ക്രമീകരിക്കാനാണ് ശ്രമം- ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍ഗോക്ക് ദിവസേനയുള്ള വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തങ്ങള്‍ തയ്യാറാക്കിയ ആപ്പ് നിര്‍ത്തിവച്ച സംഭവത്തില്‍ ആപ്പിളിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രിയുടെ നിലപാട്.