ലഖ്നൌ: അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ കാണുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമായി ഉത്തര്‍പ്രദേശ് പൊലീസ്. അത്തരം ഉള്ളടക്കം കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും അവരുടെ ഡിജിറ്റൽ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുപി പൊലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. 

ഇതിന് കീഴിൽ, ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും. ആരൊക്കെ, എന്ത്, എത്ര പോൺ കാണുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള ഡേറ്റ സൂക്ഷിക്കുന്നുമുണ്ട്. യുപി പൊലീസ് സ്ഥാപിച്ച പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പുതിയ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്.അശ്ലീല വെബ്‌സൈറ്റിലേക്ക് പോയാൽ യുപി പൊലീസിന്റെ 1090 സർവീസ് വെബ്‌സൈറ്റിൽ നിന്നുള്ള പോപ്പ്-അപ്പ് അലേർട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോർഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും.

ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുകളായ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെ 1090 ഡിജിറ്റൽ ക്യാംപെയ്‌നും നടത്തുന്നുണ്ട്. ഇത്തരം അശ്ലീലത്തിന്‌ ഇരയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

അശ്ലീലം കാണുന്നത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്നാണ് മുതിർന്ന നിയമവിദഗ്ധർ പറയുന്നത്. പൈലറ്റ് പ്രോജക്ടായി യുപിയിലെ ആറ് ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയതെന്നും ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നുമാണ് പൊലീസ് റിപ്പോർട്ട്. യുപിയിൽ ഏകദേശം 11.6 കോടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്.