Asianet News MalayalamAsianet News Malayalam

UPI : ഇന്‍റര്‍നെറ്റ് ഇല്ലാതെ പണം കൈമാറ്റം നടത്താം; യുപിഐ 123 പേ നിലവില്‍ വന്നു, സംവിധാനം ഇങ്ങനെ

UPI for feature phones:  മൂന്ന് ലളിതമായ സ്റ്റെപ്പുകളിലൂടെ യുപിഐ 123 പേ ഉപയോക്താവിന് ഉപയോഗിക്കാന്‍ സാധിക്കും. 

UPI for feature phones: make Money payment without internet  smartphone
Author
New Delhi, First Published Mar 9, 2022, 8:38 AM IST

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (UPI) സംവിധാനം ആര്‍ബിഐ (RBI) അവതരിപ്പിച്ചു. നേരത്തെ വിവിധ ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായിരുന്ന സേവനം ഇനി മുതല്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സര്‍വീസിന് യുപിഐ 123 പേ ( UPI 123PAY) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് ചൊവ്വാഴ്ച ഈ സേവനം പുറത്തിറക്കിയത്. ഇന്ത്യയിലെ 40 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ യുപിഐ സേവനം ഇതുവഴി ലഭിക്കും. 

മൂന്ന് ലളിതമായ സ്റ്റെപ്പുകളിലൂടെ യുപിഐ 123 പേ ഉപയോക്താവിന് ഉപയോഗിക്കാന്‍ സാധിക്കും. ഇന്‍ററാക്ടീവ് വോയിസ് റെസ്പോണ്‍സ് (IVR) സാങ്കേതിക വിദ്യ വഴിയാണ് ഇതില്‍ ഇടപാടുകള്‍ നടത്തുന്നത്. ഒപ്പം മിസ്ഡ് കോള്‍ ബെസ്ഡ് സംവിധാനവും ഇതിനുണ്ട്. 

യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേമെന്‍റ് ഭൂമികയിലേക്ക് പ്രവേശം നല്‍കും. ഇത് സാമ്പത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തും - റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

ഈ സംവിധാനം ഉപയോഗിച്ച് പണം കൈമാറാനും, ബില്ലുകള്‍ അടക്കാനും, ഫസ്റ്റ് ടാഗ് റീചാര്‍ജ് തുടങ്ങിയ സേവനങ്ങള്‍ എല്ലാം ചെയ്യാം. ഒപ്പം തന്നെ ബാങ്ക് അക്കൌണ്ട് ബാലന്‍സ് ചെക്ക് ചെയ്യാനും, ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യാനും, യുപിഐ പിന്‍ചാര്‍ജ് മാറ്റാനും സാധിക്കും. 

ഈ സംവിധാനത്തിന് പിന്തുണയുമായി 24X7 ഹെല്‍പ് ലെയ്നും ആര്‍ബിഐ ആരംഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ നാഷണല്‍ പേമെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യും ഡിജിശക്തി എന്ന പേരില്‍ ഒരു ഹെല്‍പ് ലെയിന്‍ സ്ഥാപിച്ചിട്ടുണ്ട്.  14431, 1800 891 3333 എന്നീ നമ്പറുകളില്‍ ഈ സേവനം ലഭിക്കും.

Follow Us:
Download App:
  • android
  • ios