Asianet News MalayalamAsianet News Malayalam

'ഇത് കമ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി' : ഷവോമിയെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി

ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് ചൈനീസ് കോടീശ്വരന്‍ ലീ ജുന്‍ സഹസ്ഥാപകനായി ഷവോമി സ്ഥാപിതമായത്. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്യൂവല്‍കോം ആയിരുന്നു ഷവോമിയുടെ ആദ്യകാലത്തെ നിക്ഷേപകരില്‍ ഒരു കമ്പനി. 

US blacklists Xiaomi, 10 other Chinese companies
Author
Washington D.C., First Published Jan 15, 2021, 12:55 PM IST

വാഷിംങ്ടണ്‍: ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയെ അമേരിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെതാണ് നടപടി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി. അമേരിക്കന്‍ നടപടിയെ തുടര്‍‍ന്ന് ഹോങ്കോങ്ങ് വിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ 11 ശതമാനം ഇടിഞ്ഞു. ഷവോമി അടക്കം 11 കമ്പനികളെയാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയത്.

ദേശീയ സുരക്ഷയുടെ ഭാഗമായി അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഏറ്റവും പുതിയ സംഭവ വികാസമാണ് ഷവോമിക്കും മറ്റ് കമ്പനികള്‍ക്കും എതിരെയുള്ള അമേരിക്കന്‍ നടപടി. ചൈനയുടെ ആപ്പിള്‍ എന്ന് അറിയിപ്പെടുന്ന ഷവോമിയുടെ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണിന് ആഗോള വ്യാപകമായി തന്നെ വലിയ ആരാധക വൃന്ദമുണ്ട്. ഇന്ത്യയില്‍ അടക്കം വിപണിയിലെ മുമ്പന്മാരാണ് ഈ ചൈനീസ് കമ്പനി. വാവ്വെയുമായി ചൈനീസ് വിപണിയില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന ഷവോമി ഫോണുകള്‍ക്ക് പുറമേ വിവിധ ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍ സ്മാര്‍ട്ട് ടിവി അടക്കം ഉത്പാദിപ്പിക്കുന്നുണ്ട്.

ഏതാണ്ട് പത്ത് വര്‍ഷം മുന്‍പാണ് ചൈനീസ് കോടീശ്വരന്‍ ലീ ജുന്‍ സഹസ്ഥാപകനായി ഷവോമി സ്ഥാപിതമായത്. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്യൂവല്‍കോം ആയിരുന്നു ഷവോമിയുടെ ആദ്യകാലത്തെ നിക്ഷേപകരില്‍ ഒരു കമ്പനി. പിന്നീട് ചൈനീസ് അതിര്‍ത്തികള്‍ കടന്ന് വളര്‍ന്ന ഷവോമി ഇന്ത്യയിലും യൂറോപ്പിലും അടക്കം ശക്തമായ സാന്നിധ്യമായി. ചൈനയില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയെ പലപ്പോഴും ഷവോമിയുടെ സാന്നിധ്യം ഉലച്ചു. എന്നാല്‍ പുതിയ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഷവോമിയുടെ ഔദ്യോഗിക പ്രസ്താവനയൊന്നും ലഭ്യമായിട്ടില്ല.

അതേ സമയം ചൈനയില്‍ സൈനിക ബന്ധങ്ങള്‍ ഉള്ള കമ്പനികളെയാണ് അമേരിക്കയിലെ ട്രംപ് സര്‍ക്കാര്‍ പ്രധാനമായും കരിമ്പട്ടികയില്‍ പെടുത്താറ്. ഇത്തരത്തില്‍ തന്നെയാണ് ഷവോമിക്കെതിരായ നടപടി എന്നാണ് സൂചന. 'കമ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി' എന്നാണ് അമേരിക്ക ഷവോമിയെ സൂചിപ്പിക്കുന്നത് എന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഷവോമിക്ക് ഒപ്പം അമേരിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികള്‍ക്കും വെള്ളിയാഴ്ച വിപണിയില്‍ നഷ്ടം രേഖപ്പെടുത്തിയെന്നാണ് വിവരം. 

അതേ സമയം ചൈനീസ് കമ്പനികള്‍ക്കെതിരെ യുഎസ് സര്‍ക്കാറിന്‍റെ നീക്കങ്ങള്‍ക്ക് അമേരിക്കയിലെ ഭരണമാറ്റത്തോടെ വലിയ മാറ്റം വരുമെന്നാണ് ചില നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. അതേ സമയം ട്രംപ് സര്‍ക്കാര്‍ ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ കമ്പിനിയായ ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്‍പ്പറേഷനെയും പുതിയ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതുതായി വരുന്ന യുഎസ് സര്‍ക്കാറിന്‍റെ മുന്‍ഗണന വിഷയങ്ങളില്‍ ചൈനീസ് കമ്പനികളുടെ കാര്യം ഉണ്ടാകില്ലെന്നും. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയില്‍ എത്താന്‍ അടുത്ത നവംബര്‍ ആകുമെന്നുമാണ് വിപണി വിദഗ്ധരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios