വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് മറ്റേതൊരു അമേരിക്കന്‍ രാഷ്ട്രതലവനെക്കാള്‍ ട്വിറ്ററില്‍ തന്‍റെ സമയം ചിലവഴിക്കുന്നയാളാണ്. അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഭ്രമം ലോകപ്രശസ്തവുമാണ്. എന്നാല്‍ ഈ ട്വിറ്ററിലെ പോസ്റ്റുകളിലുടെ വ്യക്തമാകുന്ന ട്രംപിന്‍റെ രീതികളും സ്വഭാവവും അമ്പരപ്പിക്കുന്നവയാണ്. താനൊരു കടുത്ത വംശീയവാദിയും സേച്ഛാധിപത്യത്തെ ഇഷ്ടപ്പെടുന്നയാളാണെന്നും കുടിയേറ്റ വിരുദ്ധനുമാണെന്ന് അടിവരയിടുന്നു ട്രംപ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ. 

ഇതില്‍ തന്നെ ട്രംപ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉയര്‍ത്തിക്കാണിക്കുന്ന വലിയൊരു കാര്യമാണ് കൗതുകകരം, താനൊരു വലിയ സംഭവമാണത്രേ. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വിവിധ അന്വേഷണത്തില്‍ ട്രംപിന്‍റെ ട്വിറ്റര്‍ സ്വഭാവങ്ങള്‍ പുറത്തു വന്നു. അത് ഏതാണ്ട് ഇങ്ങനെ-
പ്രസിഡന്റ് ആയതിനു ശേഷം ട്രംപ് നടത്തിയ ട്വീറ്റുകളില്‍ പകുതിയിലേറെയും ആക്രമണസ്വഭാവത്തോടു കൂടിയുള്ളതായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്തതിനെയൊക്കെ ആക്രമിക്കുക എന്ന ട്രംപിന്‍റെ സ്വാഭാവത്തില്‍ ഇരയായത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മുതല്‍ കറുത്ത വര്‍ഗക്കാരായ ഫുട്‌ബോള്‍ കളിക്കാര്‍ വരെയുണ്ട്. 

വംശീയതയുടെ നെടുതൂണായി നില്‍ക്കുന്ന ട്രംപ് ഒരാളെ ഏകദേശം രണ്ടായിരത്തോളം തവണ പ്രശംസിക്കുകയും ചെയ്യുന്നു. ആരെന്നോ, തന്നെ തന്നെ!
ട്രംപിന്റെ ഈ ബ്രേക്കില്ലാത്ത ട്വീറ്റിങ് വാഷിങ്ടണിനു നാണക്കേടുണ്ടാക്കുമെന്നു കണ്ട് അദ്ദേഹത്തിന്റെ ട്വീറ്റിങ്ങ് സെന്‍സര്‍ ചെയ്യാനും റീ എഡിറ്റ് ചെയ്യാനുമായി ഒരു പതിനഞ്ച് മിനിറ്റ് കാലതാമസം വരുത്താന്‍ കഴിയുമോയെന്നു ട്വിറ്ററിനോട് ആവശ്യപ്പെടാന്‍ പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ വൃത്തങ്ങള്‍ തീരുമാനിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ-മാധ്യമ ആക്രമത്തെ ഭയത്തെ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവത്രേ.

ചൈന, ഇറാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രംപ് വിരോധം മാറുന്നതായും അവിടെയൊക്കെ താനൊരു രക്ഷകനാണെന്നും കാണിക്കാനായി ഇവിടെ നിന്നുള്ള ട്രംപ് അനുയായികളുടെ പ്രശംസ ട്വിറ്റുകള്‍ നിരവധി തവണ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും റിട്വീറ്റ് ചെയ്യപ്പെടുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വെള്ളക്കാരെ കൂടുതലായി പിന്തുണക്കുന്ന, മുസ്ലീം വിരോധികളായവരുടെയും, സാത്താന്‍ സേവകരുടെയും ട്വീറ്റുകളെ ട്രംപ് റീട്വീറ്റ് ചെയ്യുന്നുണ്ടെന്നതും ഞെട്ടിക്കുന്നതാണ്. ഇതില്‍ ട്വിറ്റര്‍ വേരിഫൈ ചെയ്യാത്ത ഏകദേശം 145 ഓളം അക്കൗണ്ടുകള്‍ ട്രംപ് ഫോളോ ചെയ്യുന്നുമുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും പ്രാദേശിക ഭീഷണി ഉയര്‍ത്തുന്നവയാണെന്നതും അതില്‍ തന്നെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണത്തില്‍ ഉള്ളതാണെന്നതും രസകരം. 

മിനിറ്റില്‍ ആയിരം എന്ന കണക്കിനാണ് ട്രംപിന്റെ ട്വീറ്റുകളിലേക്ക് സന്ദര്‍ശകര്‍ എത്തുന്നത്. കാര്യമിങ്ങനെയാണെങ്കിലും ട്രംപ് അധികമാരെയൊന്നും ഫോളോ ചെയ്യുന്നില്ല. ഇപ്പോഴത് വെറും 47 പേരെ മാത്രമാണ്. അധികം പേരും അദ്ദേഹത്തിന്റെ കുടുംബക്കാരും, ചില സെലിബ്രിറ്റികളും, ഫോക്‌സ് ന്യൂസ് അവതാരകരോ റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരോ മാത്രമാണ്. അതില്‍ തന്നെ ചിലര്‍ കടുത്ത വംശീയവാദം ഉയര്‍ത്തുന്നവരും മുസ്ലീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നവരും, കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്നവരുമാണ്. ഇവരില്‍ പലര്‍ക്കും വേരിഫൈഡ് അക്കൗണ്ടുകളില്ലെന്നതും (ചിലതു വ്യാജമാണോയെന്നും സംശയിക്കുന്നു) ഞെട്ടിക്കുന്നു.

ട്രംപിന്റെ ചില ട്വിറ്റര്‍ സ്വഭാവങ്ങള്‍ കൂടി പുറത്തു വന്നിട്ടുണ്ട്. പൊതുജനമധ്യത്തില്‍ വച്ച് ഒരിക്കലും ട്രംപ് ട്വിറ്റര്‍ ഉപയോഗിക്കുന്നില്ല. ഐഫോണ്‍ ഉപയോഗിക്കുമ്പോള്‍ റീഡിങ് ഗ്ലാസ് ധരിക്കാന്‍ തീരെ താത്പര്യം കാണിക്കുന്നില്ലെന്നതാണ് ഇതിനു ന്യായീകരണമാണ് ചൂണ്ടിക്കാണിക്കുന്നത്. വൈറ്റ്ഹൗസില്‍ ട്വിറ്റര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഫോണ്ടിന്റെ വലിപ്പം കൂട്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ ഡയറക്ടമാര്‍ രക്ഷപ്പെടുന്നത്.
പ്രഭാതത്തിലാണ് ട്രംപ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ രാവിലെ ആറു മണി മുതല്‍ പത്തു മണിവരെ മാത്രം. വൈറ്റ്ഹൗസിലായിരിക്കുമ്പോഴുള്ള ഈ ചിട്ടയിലേക്ക് ഒരിക്കലും ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കുകയുമില്ല. ഈ സമയത്താണ് അദ്ദേഹത്തിന്റെ ആക്രമണസ്വഭാവമുള്ള ട്വീറ്റുകള്‍ കൂടുതലും എത്താറുള്ളത്. ഫോക്‌സ് ന്യൂസ് കണ്ടിരിക്കുമ്പോഴാണ് ഏറെയും ട്വീറ്റുകള്‍.

ട്രംപിന്റെ ഇതുവരെയുള്ള ട്വീറ്റുകള്‍ അവലോകനം ചെയ്തപ്പോള്‍ കണ്ടെത്തിയത് അതിലേറെ രസകരമായ കാര്യങ്ങളാണ്. താന്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ വലുപ്പത്തെക്കുറിച്ചോ പ്രസ്തുത പരിപാടികളിലെ കരഘോഷത്തെക്കുറിച്ചോ പ്രസിഡന്റ് 183 തവണയാണ് വീമ്പിളക്കിയതത്രേ! കുടിയേറ്റക്കാരെ ആക്രമിച്ചത് 570 തവണയും, സേച്ഛാധിപതികളെ പ്രശംസിച്ചത് 132 തവണയും ന്യൂസ് മീഡിയയെ ജനങ്ങളുടെ ശത്രുവെന്നു വിശേഷിപ്പിച്ചത് 36 തവണയുമാണ്. ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പ്രസിഡന്റ് താനാണെന്നു സ്വയം പുകഴ്ത്തിയതാവട്ടെ ഏതാണ്ട് 16 തവണയും.