ലഖ്നൗ: കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈല്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാണ് പുതിയ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്.  ഈ സര്‍ക്കുലര്‍ പ്രകാരം കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അദ്ധ്യാപകരും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തെ എല്ലാ കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

സംസ്ഥാനത്തെ എല്ലാ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മികച്ച പാഠ്യ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാണ് പുതിയ നീക്കം എന്നാണ് സര്‍ക്കുലര്‍ പറയുന്നത്. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തങ്ങളുടെ പഠ്യസമയം മൊബൈല്‍ ഉപയോഗത്തിലൂടെ വെറുതെ കളയുന്നു എന്ന കണ്ടെത്തിലിനെ തുടര്‍ന്നുമാണ് ഈ നീക്കം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം മുന്‍പ് തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തന സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ക്യാബിനറ്റ് യോഗത്തില്‍ ചില മന്ത്രിമാര്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങളില്‍ മുഴുകിയതിനാല്‍ മന്ത്രിസഭ യോഗത്തില്‍ ഫോണിന്‍റെ ഉപയോഗം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരോധിച്ചത് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.