സര്‍ക്കാറില്‍ ടെലികോം കമ്പനികള്‍ അടയ്ക്കേണ്ട ബാധ്യതകള്‍ക്ക് മൊറട്ടോറിയം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്.

ദില്ലി: വോഡഫോണ്‍ ഐഡിയ ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് എംഡിയും, സിഇഒയുമായ രവീന്ദ്ര ടക്കാര്‍. ടെലികോം മേഖലയില്‍ പുതിയ ഇളവുകളും പരിഷ്കാരങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു 'വി' മേധാവി. വോഡഫോണ്‍ ഐഡിയ ഇവിടെ തന്നെ കാണും. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ അതിജീവിക്കും, ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ മറികടക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല - രവീന്ദ്ര ടക്കാര്‍ പറഞ്ഞു. 

കടബാധ്യതകളില്‍ ആശ്വാസം നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കമ്പനിയുടെ വാദം സര്‍ക്കാര്‍ കേട്ടതിന്‍റെ ഫലമാണ് പുതിയ പരിഷ്കാരങ്ങള്‍. ഈ ഇളവുകളും പാക്കേജും പുതിയ ധന സമാഹരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു. ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും രവീന്ദ്ര ടക്കാര്‍ പ്രതികരിച്ചു.

സര്‍ക്കാറില്‍ ടെലികോം കമ്പനികള്‍ അടയ്ക്കേണ്ട ബാധ്യതകള്‍ക്ക് മൊറട്ടോറിയം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്. വന്‍ കടബാധ്യതയുള്ള 'വി'ക്ക് തങ്ങളുടെ വരിക്കാരുടെ കൊഴിഞ്ഞുപോക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ആശ്വാസം ലഭിച്ചതോടെ 5ജി അടക്കം പുതിയ ബിസിനസ് സാധ്യതകളില്‍ പണം മുടക്കാന്‍ സാധിക്കുമെന്നാണ് 'വി'യുടെ പ്രതീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona