സാങ്കേതിക മാറ്റങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ വലിയ വ്യാവസായിക അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സമയം എടുക്കുന്ന സമയത്തിനുള്ളില്‍ ഇത് വിദഗ്ധമായി ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതിയാണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകള്‍ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: പാലക്കാട് നഗരമധ്യത്തിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ആയുർവേദ കടയുടെ മറവിൽ. പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. കടയിൽ നിന്നും നിരവധി സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു. കീര്‍ത്തി ആയുവര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

 കടയിൽ നിന്നും 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്സും നിരവധി സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ നേരത്തെ കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയതും വലിയ വാര്‍ത്തയായിരുന്നു. തീവ്രവാദ ബന്ധങ്ങള്‍ അടക്കം സംശയിക്കപ്പെടുന്ന സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നു ഇത് എത്രത്തോളം അപകടകരമാണ്? പരിശോധിക്കാം..

എന്താണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ച്.?

ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത് 1990 കളോടെയാണ് ഇന്ത്യയില്‍ ടെലിഫോണ്‍ ഉപയോഗം വ്യാപകമായത്. ഒരോ കാലഘട്ടത്തിന് അനുസരിച്ച് ടെലികോം മേഖലയിലെ ടെക്നോളജി വലിയതോതില്‍ മാറ്റം സംഭവിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന സാങ്കേതിക മാറ്റങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ വലിയ വ്യാവസായിക അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സമയം എടുക്കുന്ന സമയത്തിനുള്ളില്‍ ഇത് വിദഗ്ധമായി ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതിയാണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകള്‍ നടപ്പിലാക്കുന്നത്.

ഇപ്പോള്‍ വിദേശത്ത് നിന്നും നമ്മുക്ക് ഒരു കോള്‍ വരുന്നത് ഇങ്ങനെയാണ്, അവിടുത്തെ ഒരു നമ്പറില്‍ നിന്നും കോള്‍ ചെയ്യുന്നു. ഇത് അവിടുത്തെ ഗേറ്റ് വേ വഴി ഒരു ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍കണക്ട് ക്യാരിയര്‍ വഴി നമ്മുടെ രാജ്യത്തെ ഗേറ്റ് വേയില്‍ നിന്നും ഇവിടുത്തെ സെല്ലുലാല്‍ ഓപ്പറേറ്ററില്‍ എത്തുന്നു, പിന്നീട് ഈ കോള്‍ നിങ്ങളുടെ ഫോണില്‍ എത്തുന്നു. ഇതിനെ കോള്‍ ടെര്‍മിനേഷന്‍ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള വിദേശ കോളുകള്‍ സാധ്യമാകുന്നത് ടിഡിഎം ടെക്നോളജി പ്രവര്‍ത്തികമാക്കിയ പ്രത്യേക സര്‍ക്യൂട്ടുകള്‍ വഴിയാണ്. ഇതിന് വേണ്ടുന്ന ചാര്‍ജ് ടെലികോം ഓപ്പറേറ്റര്‍മാരും, ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍കണക്ട് ക്യാരിയര്‍ എല്ലാം തമ്മില്‍ പങ്കുവയ്ക്കുന്നു. 

ഇതില്‍ വിദേശ നെറ്റ്വര്‍ക്കിനെയും ഒരു ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍കണക്ട് ക്യാരിയറിനെയും പൂര്‍ണ്ണമായും ഒഴിവാക്കി ഇന്‍റര്‍നെറ്റ് വഴി കോള്‍ സ്വീകരിച്ച് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍ വഴിയുള്ള ലോക്കല്‍ കോളായി മാറ്റുന്നതാണ് ഈ സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന്‍റെ പ്രവര്‍ത്തന രീതി. ഇതിലൂടെ സാമ്പത്തിക ലാഭം അടക്കം നിരവധി കാര്യങ്ങള്‍ ഇത് നടത്തുന്നവര്‍ മുന്‍കൂട്ടി കാണുന്നു.

എങ്ങനെയാണ് ഇവരുടെ പ്രവര്‍ത്തനം

ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍കണക്ട് ക്യാരിയറെ ഒഴിവാക്കി ഇന്‍റര്‍നെറ്റ് വഴി കോള്‍ ബൈപ്പാസ് ചെയ്യുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഇത്തരം സമാന്തര എക്സേഞ്ചുകളുടെ പ്രവര്‍ത്തനം. എന്നാല്‍ അത്ര ലളിതമല്ല ഇവയുടെ പ്രവര്‍ത്തനം എന്ന് പറയാം. നിരവധി സിമ്മുകള്‍ ഇടാന്‍ സാധിക്കുന്ന 'സിം ബോക്സ്' എന്ന ഉപകരണമാണ് ഇതിലെ പ്രധാന ഉപകരണം. ഈ സിം ബോക്സില്‍ ഏത് ഓപ്പറേറ്ററുടെയും സിം ഇടാന്‍ സാധിക്കും. ഇത് ഇന്‍റര്‍നെറ്റുമായി കണക്ട് ചെയ്യാനും സാധ്യമാണ്. ഇത്തരം അനധികൃത എക്സേഞ്ച് ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യുക സിം ബോക്സിലെ ഏതെങ്കിലും സിമ്മിലേക്കാണ് വിളിക്കേണ്ടത്. അവിടെ കോള്‍ കണക്ട് ആയാല്‍ നിങ്ങളോട് വിദേശത്തെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ഇന്‍റര്‍നെറ്റ് സഹായത്തോടെ നിങ്ങളുടെ കോള്‍ ഇന്‍റര്‍നെറ്റ് വഴി റൂട്ട് ചെയ്ത് വിദേശത്തെ ടെലികോം ഓപ്പറേറ്ററുടെ ഗേറ്റ് വേയില്‍ എത്തിക്കും. ഇതുവഴി സാധാരണ ലോക്കല്‍ കോള്‍ പോലെ വിദേശത്തേക്ക് കോള്‍ ചെയ്യാന്‍ സാധിക്കും.

ഇന്ത്യയില്‍ ഐപി (ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍), വിഒഐപി (Voice over Internet Protocol) കോളുകള്‍ നിയമവിരുദ്ധമല്ല. പക്ഷെ ഒരു വിഒഐപി കോള്‍ സാധാരണ ജിഎസ്എം കോളാക്കി മാറ്റുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇത്തരം എക്സേഞ്ച് പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. വലിയ ബാധ്യതയാണ് ഇത്തരം കോളുകള്‍ ടെലികോം കമ്പനികള്‍ക്ക് ഉണ്ടാക്കുന്നത് എന്ന് വ്യക്തം. ഇത്തരം എക്സേഞ്ചുകളുടെ ഉപയോഗത്തിനായി വ്യാജ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതും, ഉപയോഗിക്കുന്നതും മറ്റൊരു വലിയ പ്രശ്നമാണ്. മരിച്ചവരുടെ നമ്പറുകള്‍ അടക്കം ഇത്തരത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് അടുത്തിടെ സമാന്തര ടെലിഫോണ്‍ എക്സേഞ്ച് റെയിഡ് ചെയ്തപ്പോള്‍ നൂറോളം സിമ്മുകളാണ് കണ്ടെത്തിയത്. ഇതില്‍ പകുതിയും വ്യാജമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ ഭീഷണി ഉയരുമ്പോള്‍.!

സാമ്പത്തിക, ടെലികോം രംഗത്തെ പ്രശ്നങ്ങള്‍ക്കപ്പുറം ഗൌരവമായ സുരക്ഷ പ്രശ്നമാണ് സമാന്തര എക്സേഞ്ചുകള്‍ ഉയര്‍ത്തുന്നത്. ഒരു സമാന്തര എക്സേഞ്ച് നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ പലതും നിരോധിത വസ്തുക്കള്‍ അല്ല. ചൈനീസ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ അടക്കം ഇവ വില്‍ക്കുന്നുണ്ട്. കോഴിക്കോട് അടുത്തിടെ ബംഗലൂരു സമാന്തര എക്സേഞ്ച് കേസുമായി ബന്ധപ്പെട്ടാണ് റെയിഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഇവയില്‍ ഭൂരിഭാഗവും ചൈനീസ് ഉപകരണങ്ങളായിരുന്നു. അതിനാല്‍ തന്നെ വലിയ വൈദഗ്ധ്യം ഇല്ലെങ്കിലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചേക്കും.

ഏറ്റവും വലിയ വെല്ലുവിളി ഇത്തരം എക്സേഞ്ചുകള്‍ ഉണ്ടാക്കുന്നത് രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് തന്നെയാണ്. രാജ്യത്തില്‍ ആഭ്യന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് ബന്ധപ്പെടാന്‍ സുരക്ഷിതമാര്‍ഗ്ഗം ഇത്തരം എക്സേഞ്ചുകള്‍ ഒരുക്കുന്നു. എന്‍ഐഎ അടക്കം ഇത്തരം എക്സേഞ്ചുകള്‍ക്ക് നേരെ അന്വേഷണത്തിലാണ്. പലപ്പോഴും നിരീക്ഷണ സംവിധാനങ്ങളെ വിദഗ്ധമായി കബളിപ്പിക്കാന്‍ അന്താരാഷ്ട്ര കോളുകള്‍ 'ലോക്കലാക്കി' മാറ്റുന്ന ഈ സംവിധാനത്തിന് സാധ്യമാകും. അതിനാല്‍ തന്നെ തീര്‍ത്തും ഗൗരവമായ കാര്യം തന്നെയാണ് സമാന്തര എക്സേഞ്ചുകള്‍ എന്ന് പറയാം.

തടയാന്‍ ചെയ്യേണ്ടത്

ഇത്തരം അനധികൃത സംവിധാനങ്ങളെ തടയാന്‍ നിയമം ശക്തമാക്കുക, ടെക്നോളജി ഉപയോഗം കൂട്ടുക എന്നതാണ് പ്രധാനമായും പരിഹാരം

  • ഇന്‍റര്‍നെറ്റ് കോളുകളെ സര്‍വര്‍ത്രികമായി ഉപയോഗിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സാധിക്കണം
  • വ്യാജ സിം എടുക്കുന്നതും, ഉപയോഗിക്കുന്നതും കര്‍ശ്ശനമായി നേരിടണം.
  • സിമ്മിനെ ആധാറുമായി ബന്ധിപ്പിക്കണം എന്ന ആശയം അടക്കം ചിലര്‍ മുന്നോട്ട് വയ്ക്കുന്നെങ്കിലും, അതിലെ സ്വകാര്യത ലംഘനം അടക്കം ചര്‍ച്ചയാകുന്നതിനാല്‍ അതിന്‍റെ പരിമിതിയും സാധ്യതയും തേടേണ്ടതാണ്.

സാങ്കേതിക വിവരങ്ങൾ നൽകിയത്- ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ , ആറ്റിങ്ങൽ ഐഎച്ച്ആർഡി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാളും ഐടി വിദഗ്ധനും ആണ്.