വാട്ട്സ്ആപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് വലിയ ചര്‍ച്ചയാകുകയാണ് ലോകത്തെന്പാടും. ഇതില്‍ പ്രധാനമായും മാറിയത് വാട്ട്സ്ആപ്പിന്‍റെ ഡാറ്റ ഷെയറിംഗ് പോളിസിയാണ്. ഇത് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ വിവരങ്ങള്‍ അടക്കം മൂന്നാംകക്ഷിക്ക് കൈമാറാനുള്ള വാട്ട്സ്ആപ്പിന്‍റെ അവകാശം നല്‍കുന്നു എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇതിനാല്‍ തന്നെ ലോകത്തെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ സാഹചര്യം ഗുണപരമായി മുതലാക്കുകയാണ് മറ്റൊരു സന്ദേശ കൈമാറ്റ ആപ്പ്. സിഗ്നല്‍ എന്നാണ് ഈ ആപ്പിന്‍റെ പേര്.

വ്യാഴം വെള്ളി ദിവസങ്ങളില്‍ സിഗ്നല്‍ അഡ്വാന്‍സ് എന്ന കമ്പനി ഓഹരി വിപണിയില്‍ വന്‍ പ്രകടനം നടത്തി. വാട്ട്സ്ആപ്പിന്‍റെ പുതിയ പ്രൈവസി അപ്ഡേഷന്‍റെ ഭാഗമായി ഉണ്ടായ പ്രശ്നത്തില്‍ നിന്നാണ് ഈ ഓഹരി സിഗ്നല്‍ ആപ്പുമായി ബന്ധപ്പെട്ടതാണ് എന്ന് കരുതി വലിയ നിക്ഷേപം വന്നത് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. വ്യാഴാഴ്ച 527 ശതമാനമാണ് സിഗ്നല്‍ അഡ്വാന്‍സ് എന്ന കമ്പിനയുടെ ഓഹരി മൂല്യം വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച ഇത് 91 ശതമാനം കൂടി. എന്നാല്‍ ഈ കമ്പനിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇപ്പോള്‍ സിഗ്നല്‍ ആപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ അല്ല അതെന്നും, ഞങ്ങളുടെ എക നിക്ഷേപം ഉപയോക്താക്കളുടെ സ്വകാര്യതയിലാണെന്നും കമ്പനി പറയുന്നു.

അതേ സമയം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും, ടെസ്ല പോലുള്ള സ്ഥാപനങ്ങളുടെ മേധാവിയുമായ ഇലോണ്‍ മസ്ക് പോലുള്ളവര്‍ ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ അടക്കം സിഗ്നലിന് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. 2014 മുതല്‍ രംഗത്തുള്ള ആപ്പാണ് സിഗ്നല്‍. സേ, ഹാലോ പ്രൈവസി എന്നത് തന്നെയാണ് ഈ ആപ്പിന്‍റെ ടാഗ് ലൈന്‍. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് സംവിധാനമുള്ള ആപ്പാണ് ഇത്. സിഗ്നല്‍ ഫൗണ്ടേഷന്‍ ആരംഭിച്ച ഈ ആപ്പിന് പിന്നില്‍ വാട്ട്സ്ആപ്പ് സഹസ്ഥാപകനായ ബ്രയന്‍ ആക്ടോണാണ്. 

ഗൂഗിള്‍ ഡ്രൈവിലോ, ഐ ക്ലൗഡിലോ ബാക്ക് അപ്പ് അനുവദിക്കാത്തതാണ് സിഗ്നലിന്‍റെ രീതി. ഒപ്പം ആളുകളെ അവരുടെ അനുവാദം ഇല്ലാതെ ഗ്രൂപ്പുകളിലും ആഡ് ചെയ്യാന്‍ സാധിക്കില്ല. ഐഫോണ്‍, ഐപാഡ്, വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയില്‍ ഇത് സപ്പോര്‍ട്ട് ചെയ്യും.