മസാച്ചുസെറ്റ്സ്: ലോക പ്രശസ്ത ഗവേഷണ സര്‍വകലാശാല  മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന ദീര്‍ഘലേഖനം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 13നാണ്  'കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം കേരളത്തില്‍ നിന്നും എന്ത് പഠിക്കണം' എന്ന പേരിലുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോണ്‍ടാക്റ്റ് ട്രെസിംഗ്, സാമൂഹ്യ അകലം എന്നിങ്ങനെ വിവിധ നടപടികളിലൂടെ എങ്ങനെയാണ് ഇന്ത്യന്‍ സംസ്ഥാനം കേരളം പകര്‍ച്ച വ്യാധിയുടെ കര്‍വ് ഫ്ലാറ്റ് ചെയ്തത് എന്നതിന്‍റെ ഇന്‍സൈഡ് സ്റ്റോറി എന്നാണ് സോണിയ ഫലേരിയോ എഴുതിയ ലേഖനത്തിന്‍റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് എഴുത്തുകാരിയായ സോണിയ ഫലേരിയോ ബ്യൂട്ടിഫുള്‍ തിംഗ്സ് അടക്കം നിരവധി കൃതികളുടെ രചിതാവും കോളമിസ്റ്റുമാണ്. 

കേരള ആരോഗ്യമന്ത്രി കെകെ ശൈലജ, പത്തനംതിട്ട ജില്ല കളക്ടര്‍ പിഎം നൂഹ് തുടങ്ങിയവരുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പങ്കും അവരുടെ നടപടികളിലൂടെയുമാണ് കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലേഖനം വിലയിരുത്തുന്നത്.

നേരത്തെ  കൊറോണ വൈറസ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റിലും ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കൊവിഡിനെതിരെ കേരളാ സർക്കാർ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുന്നു. 

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കൊവിഡ് സംശയമുള്ളവരെ ക്വാറന്റീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തി. സംസ്ഥാനത്തെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.