Asianet News MalayalamAsianet News Malayalam

വാട്ട്സ്പ്പില്‍ നിങ്ങളെ നിരീക്ഷിച്ച് 'ഒളിഞ്ഞുനോട്ടക്കാര്‍'; വലിയ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണം 'ഓണ്‍ലൈന്‍'

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ അവരുടെ പേരിന് അടിയില്‍ ഓണ്‍ലൈന്‍ എന്ന് കാണിക്കും. നിങ്ങളുടെ നമ്പര്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്കും ഇത് കാണുവാന്‍ സാധിക്കും.

WhatsApp has status flaw, stalkers are using it to track women online using automated apps
Author
London, First Published Apr 15, 2021, 5:56 PM IST

ലോകത്തിലെ ഏറ്റവും ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. കോടിക്കണക്കിന് പേര്‍ ആഗോളതലത്തില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന സുരക്ഷ പ്രശ്നങ്ങള്‍ എന്നും ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ അപകടത്തിലാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്. ഇപ്പോഴിതാ വിവിധ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ട്രാക്കര്‍ ആപ്പുകളെയും, സൈറ്റുകളെയും കുറിച്ചാണ്.

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ഓണ്‍ലൈനില്‍ വന്നാല്‍ അവരുടെ പേരിന് അടിയില്‍ ഓണ്‍ലൈന്‍ എന്ന് കാണിക്കും. നിങ്ങളുടെ നമ്പര്‍ കോണ്‍ടാക്റ്റില്‍ ഇല്ലാത്തവര്‍ക്കും ഇത് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം ഒരു വ്യക്തി ഓഫ് ലൈനാണോ, ഓണ്‍ലൈനാണോ എന്ന് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ട്രാക്കറുകള്‍ ഈ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ട്രെയ്സ്ഡ് സിടിഒ മാറ്റ് ബോഡി ഇത്തരത്തിലുള്ള ചില ട്രാക്കറുകള്‍ ഉപയോഗിക്കുകയും, അതില്‍ നിന്നും ലഭിക്കുന്ന പല വിവരങ്ങളും ആധികാരികമാണെന്ന് പറയുന്നുമുണ്ടെന്നാണ് പറയുന്നത്. ചില ആപ്പുകളിലും സൈറ്റുകളിലും ഏത് നമ്പര്‍ അടിച്ച് നല്‍കിയാലും അതില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഏപ്പോള്‍ ഓണ്‍ലൈന്‍ വന്നു എത്ര സമയം ഓണ്‍ലൈന്‍ ഉണ്ടായിരുന്നു തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നു. ഇത്തരത്തിലുള്ള സൈറ്റുകളുടെയും, ആപ്പുകളുടെയും പൊതു രീതികള്‍  ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളെ ആപ്പുകളെ പ്രമോട്ട് ചെയ്യാതിരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്.

ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം, ഇതില്‍ ഒരു ആപ്പ് 'ചതിക്കുന്ന പങ്കാളിയെ, അല്ലെങ്കില്‍ കാമുകി കാമുകന്മാരെ കണ്ടെത്തി തരാം എന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആപ്പിന്‍റെ ഡിസ്ക്രിപ്ഷന്‍ ഇങ്ങനെ പറയുന്നു. 'നിങ്ങളുടെ പങ്കാളിയോ, ബോയ് ഫ്രണ്ടോ, ഗേള്‍ ഫ്രണ്ടോ ചതിക്കുന്നു എന്ന് സംശയമുണ്ടോ, അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വച്ച് അത് നോക്കാം'- എന്ന് പറയുന്നു. മറ്റൊരു ആപ്പ് രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഓണ്‍ലൈന്‍ ഉണ്ടായി, അയാള്‍ ആര്‍ക്കാണ് ടെക്സ്റ്റ് ചെയ്യുന്നത് എന്ന് പോലും കണ്ടെത്തും എന്നും അവകാശപ്പെടുന്നു. 

ഇത്തരം ചാര, ഒളിഞ്ഞുനോട്ട ആപ്പുകള്‍ ഇത്രയും കര്‍ശ്ശനമായ ഓഡിറ്റുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റും എങ്ങനെ കടന്നു കയറുന്നുവെന്നതിനും ട്രെയ്സ്ഡ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കുന്നു, കുട്ടികളെ രക്ഷിതാക്കള്‍ക്ക് ട്രാക്ക് ചെയ്യാന്‍ എന്ന പേരിലാണ് പല ആപ്പുകളും സ്റ്റോറുകളില്‍ കടന്നുകയറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നും ഈ ആപ്പുകള്‍ അവകാശപ്പെടും. എന്നാല്‍ ഉപയോഗത്തില്‍ വരുമ്പോള്‍ ആതായിരിക്കില്ല സ്ഥിതി. 

ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തരം ചാര സൈറ്റുകള്‍ക്കും, ഒളിഞ്ഞുനോട്ട സൈറ്റുകള്‍ക്കും ഓണ്‍ ലൈനില്‍ നിലനില്‍പ്പ് എളുപ്പമാണ്. ഇത്തരത്തിലുള്ള വെബ് സൈറ്റുകള്‍ ട്രെയ്സ്ഡ് കണ്ടെത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ് സ്റ്റാറ്റസുകള്‍ നിരീക്ഷിക്കുന്ന ഇത്തരം ഒരു സൈറ്റ് - 'വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, വാട്ട്സ്ആപ്പ് സ്റ്റാറ്റസും, അയാള്‍ ആര്‍ക്ക് എപ്പോള്‍ ഏത് സമയത്ത് സന്ദേശം അയക്കുന്നു ഇവയെല്ലാം നിരീക്ഷിക്കുകയാണ് ഞങ്ങളുടെ സേവനം' - എന്ന് എഴുതിവച്ചിരിക്കുന്നു. 

വളരെ ആശ്ചര്യകരമായ കാര്യം തങ്ങളുടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്ന ഇത്തരം ആപ്പുകള്‍ക്കെതിരെയും, സൈറ്റുകള്‍ക്കെതിരെയും വാട്ട്സ്ആപ്പ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരിക്കലും ഒരു ഉപയോക്താവിന് താന്‍ നിരീക്ഷിക്കപ്പെടുന്നു, അല്ലെങ്കില്‍ തന്‍റെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു എന്ന് മനസിലാക്കാന്‍ സാധിച്ചേക്കില്ല. ചിലപ്പോള്‍ 'ലാസ്റ്റ് സിയിംഗ്' എന്നത് ഹൈഡ് ചെയ്യാന്‍ ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് സാധിച്ചേക്കും. എന്നാല്‍ 'ഓണ്‍ലൈന്‍' എന്നത് മാറ്റാന്‍ സാധിക്കില്ല. ഇത് വാട്ട്സ്ആപ്പിന്‍റെ ഭാഗത്തെ പോരായ്മയാണ്. എപ്പോഴും മികച്ച സുരക്ഷയെക്കുറിച്ച് പറയുന്ന വാട്ട്സ്ആപ്പിന്‍റെ ഭാഗത്തുനിന്നുള്ള പോരായ്മയാണ് ഇതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

'വളരെ അലംഭാവം ഇതില്‍ വാട്ട്സ്ആപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ട്, അതിന്‍റെ ഏറ്റവും വലിയ ഉദാഹാരങ്ങളില്‍ ഒന്നാണ് അടിസ്ഥാന ഡിസൈനിലെ ചില തീരുമാനങ്ങള്‍ എങ്ങനെ ബാധിക്കുന്നു എന്നത്, വാട്ട്സ്ആപ്പ് ഉപയോക്താവിന് അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് വേണമോ, വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം കൊടുക്കണം' - ഇഎഫ്എഫ് സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഈവ ഗാള്‍പറീന്‍ പ്രതികരിച്ചു. അതേ സമയം ഈ റിപ്പോര്‍ട്ടിനോട് വാട്ട്സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios