ബെയ്ജിംഗ്: 4ജി വന്നതോടെ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റിന്‍റെ വസന്തകാലമായിരുന്നു. ഈ സെഗ്മെന്റില്‍ ഇറങ്ങിയ എല്ലാ ഫോണുകളും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ ഹിറ്റായി. ഇതില്‍ നേട്ടമേറെയുണ്ടാക്കിയത് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ്. പ്രത്യേകിച്ച്, ഷവോമി. അടുത്ത വര്‍ഷം പുറത്തിറക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും 5 ജി ഉണ്ടായിരിക്കുമെന്നാണ് ഇപ്പോള്‍ ഷവോമി വ്യക്തമാക്കുന്നത്.

എന്നാല്‍, ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് ഇല്ലാത്തത് ഫോണിനു തിരിച്ചടിയാകുമോ? സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഏറെക്കാലമായി ഒരു രഹസ്യവാക്ക് ആയിരുന്നു 5 ജി. എന്നാല്‍, വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇപ്പോള്‍ 5ജി ലഭിക്കുന്നുണ്ട്. ഇവിടെയുള്ള ഉപയോക്കതാക്കളെ ലക്ഷ്യമിട്ട് എംഐ 3, എംഐ 9 എന്നിവ ഇപ്പോള്‍ തന്നെ 5ജിയിലാണ് ഇറങ്ങുന്നത്.

എന്നിരുന്നാലും, കൂടുതല്‍ ഫോണുകളിലൂടെ 5 ജി സാങ്കേതികവിദ്യ വിപുലമായി എത്തിക്കാന്‍ ഷവോമി ഇപ്പോള്‍ സന്നദ്ധമായിരിക്കുകയാണ്. 2020-ല്‍, എല്ലാ പ്രീമിയം ഫോണുകള്‍ക്കും 5 ജി പിന്തുണ സ്റ്റാന്‍ഡേര്‍ഡായി നല്‍കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏകദേശം 20,000 രൂപയ്ക്കു മുകളില്‍ നിരവധി പ്രീമിയം ഷവോമി ഫോണുകള്‍ നിലവിലുണ്ട്.

ഇവയിലെല്ലാം തന്നെ 5 ജി സപ്പോര്‍ട്ട് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്ന് ചൈനയില്‍ നടന്ന വാര്‍ഷിക മൊബൈല്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലെ മുഖ്യ അവതരണത്തില്‍ ഷവോമി സിഇഒ ലീ ജുന്‍ പറഞ്ഞു. ചൈന പോലുള്ള വിപണികളില്‍ വളരുന്ന മേഖലയാണ് 5 ജി. ഷവോമിയുടെ നെക്സ്റ്റ്‌ജെന്‍ മുന്‍നിര ഫോണുകള്‍ക്ക് 5 ജി കണക്റ്റിവിറ്റിയെ സ്റ്റാന്‍ഡേര്‍ഡായി പിന്തുണ ലഭിക്കുമെന്നാണ് ഇപ്പോള്‍ സ്ഥിരീകരണമായിട്ടുള്ളത്. ജനുവരിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എംഐ 10 സീരീസിന് സ്റ്റാന്‍ഡേര്‍ഡായി 5 ജി പിന്തുണ ലഭിക്കും. ഷവോമി നിര്‍മ്മിക്കുന്ന എല്ലാ പ്രീമിയം ഫോണുകള്‍ക്കും അടുത്തവര്‍ഷം മുതല്‍ 5ജി പിന്തുണ അവരുടെ ഭാഗമാകും. റെഡ്മിയും ബ്രാന്‍ഡിന്റെ ഭാഗമായതിനാല്‍, അടുത്ത ജെനറേഷന്‍ ക്വാല്‍കോം മുന്‍നിര ചിപ്‌സെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി കെ 30 പ്രോയിലും 5 ജി പിന്തുണ ഉണ്ടാവും.

ഇന്ത്യ പോലുള്ള വിപണികളിലേക്ക് 5ജി ഉടന്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ ഷവോമിയുടെ നീക്കം സംശയകരമായി തുടരുന്നുണ്ട്. അതിനാല്‍, ഷവോമി തങ്ങളുടെ 5 ജി മോഡലുകളുടെ പ്രത്യേക 4 ജി പതിപ്പുകള്‍ ഇന്ത്യ പോലുള്ള വിപണികളില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, റെഡ്മി കെ 30 പ്രോ അല്ലെങ്കില്‍ അടുത്ത ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്തു തന്നെയായാലും ഇന്ത്യയില്‍ 4 ജി പിന്തുണയോടെ മാത്രമേ വരൂ. ആഗോളതലത്തില്‍, ഷവോമിക്ക് ഇപ്പോള്‍ എന്നത്തേക്കാളും കൂടുതല്‍ പ്രീമിയം സീരീസ് ഫോണുകളുണ്ട്.

അടുത്തിടെ പുറത്തിറക്കിയ എംഐ സിസി 9 സീരീസ് പിന്തുണയ്ക്കുന്ന വിപണികളില്‍ 5 ജി പിന്തുണയുണ്ട്. അതിനുമുകളില്‍, കണ്‍സെപ്റ്റ് മോഡലുകളായ എംഐ മിക്‌സ് ആല്‍ഫ പോലുള്ള ഫോണുകള്‍ക്ക് 5 ജി പിന്തുണ നേരത്തെ തന്നെ സമ്മാനിച്ചിരുന്നതാണ്. മിക്‌സ് ആല്‍ഫയ്ക്ക് ഒരു റൗണ്ട് ഡിസ്‌പ്ലേ ഉണ്ടെങ്കിലും ഇത് ഇപ്പോഴും ഒരു കണ്‍സെപ്റ്റ് രീതിയില്‍ മാത്രമാണുള്ളത്. കാര്യമിങ്ങനെയാണെങ്കിലും ഷവോമി 5ജി ഫോണുകള്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ കിടന്നു വിലസുമ്പോള്‍ കണ്ടിരിക്കാനേ ഇന്ത്യക്കാര്‍ക്ക് ഭാഗ്യമുണ്ടാവുകയുള്ളുവെന്നു സാരം.