ഒരു സ്പോർട്സ് ഹെഡ്‍ഫോണും ശരീരഭാരവുംതമ്മിൽ എന്ത് ബന്ധം എന്നോർത്ത് നെറ്റിചുളിക്കേണ്ട. തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിന് ചുറ്റും വളരെ അലസമായ പ്രഭാത നടത്തത്തിന് നാളിത്രവരെ  മൂന്ന് ദിവസത്തിൽ കൂടുതൽ തുടർച്ച കിട്ടിയിട്ടില്ല 'നടക്കാൻ വേണ്ടി' നടക്കുന്നതല്ലാതെ നടക്കണമെന്നുറച്ച് നടന്നിട്ടില്ല.

ചുറ്റിലും പലകഴ്ചകളാണ് വിരമിച്ച ശേഷവും സൗഹൃദം തുടരുന്ന ഒരു സംഘം, ഒരുപോലുള്ള ഉടുപ്പുമിട്ട്  കൂട്ടത്തിൽ പ്രായംചെന്ന ആളുടെ കയ്യിലെ മൊബൈലിൽ  ഉയർന്ന ശബ്ദത്തിൽ വെച്ചിരിക്കുന്ന റേഡിയോ പാട്ടുകളുടെ താളത്തിൽ നടക്കുന്നു. അപ്പോള്‍ അതാ  വരുന്നു  അടിമുടി ബ്രാൻഡിൽ മുങ്ങിയ ഫ്രീക്കൻ ചെക്കന്‍. ബ്രാൻഡ്‌ ന്യൂ കോസ്‌റ്റ്ലി ഹെഡ്‍ഫോണും വെച്ച് കാർഡിയോ വർക്ക് ഔട്ട് മ്യൂസിക്കിന്‍റെ  ടെമ്പോയിൽ അവനങ്ങനെ  പറന്നു നടക്കുകയാണ്.  

ഫോണിലൂടെ വീട്ടിലുള്ള ന്യൂജൻ മരുമകൾക്ക് കുക്കിങ് ക്ലാസ് എടുക്കുന്ന ന്യൂജൻ അമ്മായിയമ്മ  അങ്ങനെ... അങ്ങനെ വലിയ ഒരു ജനക്കൂട്ടം ഒരു ലക്ഷ്യത്തിനായി പലരീതിയിൽ നടന്നും ഓടിയും നീങ്ങുന്നതിനിടയിലെ  വളരെ അലസമായൊരു നടത്തം മാത്രമായിരുന്നു എന്‍റേത്. അപ്രതീക്ഷിതമായി കിട്ടിയ ഒരു സമ്മാനമായിരുന്നു എംഐ സ്പോട്സ് ടൂത് ബ്ലൂ ബേസിക് ഇയർ  ഫോൺ. 

ഒരുതവണ ചാർജ് ചെയ്താൽ ഒൻപത് മണിക്കൂർ ചാർജ് നില്‍ക്കുമെന്ന് വാചകം തെല്ലു അതിശയോക്തിയോടെ വായിച്ചുതീർത്ത ആ ആകാംക്ഷയിലാണ് കവറു തുറന്നത്.  ഇന്നഷൻ ഫോർ  എവരിവൺ എന്ന ടാഗ്‌ലൈൻ എഴുതിയ ഓറഞ്ചു  കവർ തുറക്കുമ്പോൾ  ആദ്യം കയ്യിൽ കിട്ടിയത് ഒരു കുഞ്ഞൻ വെള്ളനിറമുള്ള ചാർജർ കേബിൾ ആയിരുന്നു പിന്നെ പലവലുപ്പത്തിലുള്ള അഞ്ചുസെറ്റ് സിലിക്കൺ  ഇയർ ബഡ്‌സ് അത് തുറന്നു ഏറ്റവും വലുത് എടുത്തുനോക്കി.

സാധാരണ ഹെഡ്‍ഫോൺ ഇയർ ബഡ്‌സുകളെക്കാൾ നല്ല ക്വാളിറ്റിയുണ്ട്. ഹെഡ്‍ഫോൺ കയ്യിലെടുത്തപ്പോഴാണ് ഇതിന്  പതിമൂന്നുഗ്രാം ഭാരം ഉണ്ടോ എന്ന് സംശയം വന്നത്. മികച്ച ഗുണനിലവാരം ഉണ്ട് ഈ ഇയര്‍ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിന്.  വലതു ചെവിക്കു  താഴെയായി നീണ്ടു മെലിഞ്ഞ കൺട്രോൾ സെക്ഷനില്‍ മൂന്ന് ബട്ടണുകളാണ് ഉള്ളത് ശബ്ദം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പിന്നെ ഒരു ഓൺ ഓഫ് ബട്ടൺ. ഒരു കുഞ്ഞൻ എൽഇഡി ലൈറ്റും പവർ ബട്ടൺ പ്രസ് ചെയ്യുമ്പോൾ പവർ ഓൺ എന്നും ഫോൺ കണക്ട് ആകുമ്പോൾ കണക്ടഡ് എന്നും ഓഫ് ചെയ്യുമ്പോൾ പവർ ഓഫ് എന്ന് വോയിസ് കേൾക്കുന്നത് മറ്റൊരു ഗുണം.

പവർ ബട്ടൺ ലോങ് പ്രസ് ചെയ്യുമ്പോൾ ആണ് ബ്ലൂടൂത്ത് പെയറിങ് സാധ്യമാകുന്നത് മ്യൂസിക് പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ ശബ്ദം കൂട്ടാനും കുറക്കാനും ഉപയോഗിക്കുന്ന ഈ  സ്വിച്ചുകൾ ലോങ് പ്രസ് ചെയ്താണ് ട്രാക്കുകൾ മാറ്റുന്നതും. മറ്റ് തടസങ്ങൾ ഇല്ലങ്കിൽ പത്തുമീറ്റർ ഡിസ്റ്റൻസിൽ ഉപയോഗിക്കാം. ഹെർജ് ചെയ്യാനായി മൈക്രോ യു എസ് ബി പോർട്ടും ഉണ്ട് ഫോൺ കോളിൽ സംസാരിക്കാനുള്ള മൈക്ക് ഇതില്‍ തന്നെയുണ്ട്. കവറിൽ എഴുതിയപോലെ ഒൻപതുമണിക്കൂർ ദൈർഘ്യം കിട്ടണമെങ്കിൽ പകുതി ശബ്ദത്തിൽ മാത്രമേ പ്ലേ ചെയ്യാവൂ.

രാവിലെ മ്യൂസിയത്തിൽ നടക്കാൻ ഇറങ്ങിയപ്പോൾ അൽപം ഫാഷൻ ആയേക്കാം എന്ന ജാഡക്ക് പുതിയ ഹെഡ്‍ഫോണും ചെവിയിൽ വെച്ച് മ്യൂസിക് പ്ലേ ചെയ്തു.മെലഡിയും കവർ സോങ്‌സുമാണ് ഞാൻ പൊതുവെ കൂടുതലായി കേൾക്കുന്നത്. ഗപ്പിയിലെ തനിയേ മിഴികൾ തുളുമ്പിയൊ ....എന്ന പാട്ടിന്‍റെ യൂട്യൂബിലെ കവർ വേർഷനും പ്ലേ ചെയ്തു നടക്കാൻ തുടങ്ങി, ഒരു രക്ഷയില്ല നല്ല ഡൈനാമിക് റെയിഞ്ച്  ഹൈയും ലോയും ബേസ് എല്ലാം പാകത്തിന് വോക്കലും വ്യക്തമായും കേൾക്കാം .

ബെയിസ് ഇഷ്ട്ടപെടുന്നവർക്കു കണ്ണുംപൂട്ടിവാങ്ങാം പുറത്തെ ശബ്ദങ്ങൾ അധികം ശല്യപെടുത്തില്ല അതുകൊണ്ടുതന്നെ മറ്റൊന്ന് ശ്രദ്ധിക്കാതെ നടത്തത്തിന്‍റെ ടെമ്പോ കുറയാതെ തുടർച്ചയായി നടക്കാം . പുറത്തെ ശബ്ദങ്ങൾ അധികം അകത്തു കേൾക്കില്ലെങ്കിലും പകുതിയിൽ കൂടുതൽ ശബ്ദത്തിൽ  വച്ചാല്‍ ചുറ്റുപാടും ഉള്ളവർക്ക് കേള്‍ക്കാൻ പറ്റും.

അങ്ങനെ ഉണ്ടാകുന്ന   വോയിസ് ലീക് ഒരു പോരായ്മയായി തോന്നി. അങ്ങനെ ഒരു ആറ് റൗണ്ടൊക്കെ നടന്നു വരുമ്പോഴേക്കും അത്യാവശ്യം വിയർത്തു കുളിച്ചാലും പേടിക്കണ്ട സ്പ്ലാഷ് പ്രൂഫ് ആണ്. അങ്ങനെ ആ നടത്തം  പത്തുദിവസം ആയപ്പോഴേക്കും രണ്ടുകിലോ കുറഞ്ഞ കഥയാണ് ഞാൻ ആദ്യം പറഞ്ഞത്. പിന്നെ പൈസകൊടുത്തു വാങ്ങാത്തതുകൊണ്ടാണ് കാശിന്‍റെ കാര്യം പറയാഞ്ഞത് 1499 രൂപയാണ് ഇതിന്‍റെ വില .