കഴിഞ്ഞ വ്യാഴാഴ്ച ഒരു റെഡീറ്റ് ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അതായത് ഗൂഗിള്‍ നെസ്റ്റ് ഹോം സ്മാര്‍ട്ട് ഡിസ്പ്ലേയുമായി ഒരു ഷവോമി സുരക്ഷ ക്യാമറ കണക്ട് ചെയ്ത് അതിലെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ ക്യാമറ പകര്‍ത്താത്ത കുറേ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണപ്പെട്ടു. 

ന്യൂയോര്‍ക്ക്: ഷവോമി പുറത്തിറക്കിയ സെക്യൂരിറ്റി ക്യാമറയില്‍ ഗുരുതര സുരക്ഷ പിഴവ്. ഷവോമിയുടെ സെക്യൂരിറ്റി ക്യാമറ ബേസിക്ക് 1080 പിയിലാണ് പ്രശ്നം കണ്ടെത്തിയത്. ഇത് പ്രകാരം ഗൂഗിള്‍ നെസ്റ്റ് ഹബ്ബുമായി കണക്ട് ചെയ്ത ക്യാമറകളില്‍ മറ്റ് ക്യാമറകളിലെ ചിത്രം കയറിവരുന്നു എന്ന പ്രശ്നമാണ് കാണാപ്പെടുന്നത്. ഇതോടെ താല്‍കാലികമായി ഷവോമിയും ഗൂഗിളും ക്യാമറകളെ ഗൂഗിള്‍ നെസ്റ്റ് ഹബ് സ്മാര്‍ട്ട് ഡിസ്പ്ലേയുമായി കണക്ട് ചെയ്യുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഒരു റെഡീറ്റ് ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അതായത് ഗൂഗിള്‍ നെസ്റ്റ് ഹോം സ്മാര്‍ട്ട് ഡിസ്പ്ലേയുമായി ഒരു ഷവോമി സുരക്ഷ ക്യാമറ കണക്ട് ചെയ്ത് അതിലെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ആ ക്യാമറ പകര്‍ത്താത്ത കുറേ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ കാണപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ച മറ്റൊരു ഷവോമി സുരക്ഷ ക്യാമറ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍ എന്ന് വ്യക്തമായി.

ഇതിന് പിന്നാലെ ഗൂഗിളാണ് ആദ്യം വിശദീകരണവുമായി എത്തിയത്. ഈ പ്രശ്നത്തെക്കുറിച്ച് മനസിലാക്കിയെന്നും, ഇതില്‍ ഷവോമി തങ്ങളുടെ ദൗത്യം നിര്‍വഹിക്കും എന്ന് കരുതുന്നുവെന്നുമാണ് ഗൂഗിള്‍ പറഞ്ഞത്. താല്‍കാലികാമായി ഷവോമി ക്യാമറകളും ഗൂഗിള്‍ നെസ്റ്റ് ഹബുമായി ബന്ധിപ്പിക്കുന്നതും ഗൂഗിള്‍ അവസാനിപ്പിച്ചു.

പ്രശ്നത്തില്‍ പ്രതികരിച്ച ഷവോമി കഴിഞ്ഞ ഡിസംബര്‍ 26ന് ക്യാമറയുടെ സ്ട്രീമിംഗ് ഗുണമേന്‍മ വര്‍ദ്ധിപ്പിക്കാന്‍ ഒരു അപ്ഡേറ്റ് നടത്തിയെന്നും. ഇതില്‍ ഒരു ബഗ് കയറിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും പറയുന്നു. ഇത് വളരെ അപൂര്‍വ്വമായ അവസരങ്ങളില്‍ ഗൂഗിള്‍ നെസ്റ്റ് ഹബ് വളരെ മോശം നെറ്റ്വര്‍ക്ക് അവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നതാണെന്നും ഷവോമി പറഞ്ഞു.

ഈ പ്രശ്നം ഷവോമി സുരക്ഷ ക്യാമറ ഉപയോഗിക്കുന്ന 1044 പേര്‍ക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് ഷവോമി പറയുന്നത്. ഗൂഗിള്‍ നെസ്റ്റ് ഹബുമായി കണക്ട് ചെയ്ത ക്യാമറകളിലാണ് ഈ പ്രശ്നം എന്നാല്‍ എംഐ ഹോം ആപ്പുമായി ബന്ധപ്പെടുത്തിയ ക്യാമറകള്‍ക്ക് ഈ പ്രശ്നമില്ലെന്നും ഷവോമി പറയുന്നു.