ദില്ലി: മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയാലോ കവര്‍ച്ച ചെയ്യാപ്പെട്ടാലോ അതിവേഗം കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം വരുന്നു. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. എല്ലാ ഫോണിനും ഉണ്ടാക്കുന്ന ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. 2017 ല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്.

ഈ നമ്പറുകള്‍ ഉള്ള ഒരു സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡ‍ന്‍ററ്റി റജിസ്റ്റര്‍ എന്ന ഡാറ്റബേസ് കേന്ദ്ര ടെലികോം മന്ത്രാലയം നടപ്പിലാക്കും. മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ റജിസ്ട്രര്‍ ചെയ്യാം. മന്ത്രാലയം ഈ നമ്പര്‍ ബ്ലാക് ലിസ്റ്റിലാക്കുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ അത് വരുന്നത് തടയാനും സാധിക്കും. 

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ടെലികോം മന്ത്രാലയത്തെയും ഇനി അറിയിക്കേണ്ടിവരും. ഇതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറും നല്‍കും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിലകളായാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ്  ഐഎംഇഎ നമ്പറുകളെ പട്ടിക പെടുത്തുന്നത്. ഇതില്‍ നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലാക്ക് പട്ടികയില്‍ ഉള്‍പ്പെടും. 

കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ 15 കോടി അനുവദിച്ച ഈ പദ്ധതി മഹാരാഷ്ട്രയില്‍ വിജയകരമായി നടപ്പിലാക്കി എന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്. ഇതിന് പിന്നാലെ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഈ പദ്ധതി രാജ്യത്ത് നിലവില്‍ വരും.