സര്‍ക്കുലറില്‍ പറയുന്ന കാലത്ത് രാജ്കോട്ടില്‍ പബ് ജി കളിച്ചാല്‍ രണ്ടായിരം രൂപ പിഴയും, ഒരു മാസത്തോളം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്

രാജ്കോട്ട്: പൊലീസ് ഓഡര്‍ മൂലം പബ് ജി കളിക്കുന്നത് ആദ്യമായി നിരോധിച്ച് ഗുജറാത്ത് പട്ടണമായ രാജ്കോട്ട്. ഇത് സംബന്ധിച്ച് രാജ്കോട്ട് പൊലീസ് കമ്മീഷ്ണര്‍ മനോജ് അഗര്‍വാള്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 9 മുതല്‍ മാര്‍ച്ച് 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനം ലംഘിക്കുന്നത് ഐപിസി 188 വകുപ്പ് അനുസരിച്ച് കുറ്റകരമാണെന്ന് പറയുന്നു.

സര്‍ക്കുലറില്‍ പറയുന്ന കാലത്ത് രാജ്കോട്ടില്‍ പബ് ജി കളിച്ചാല്‍ രണ്ടായിരം രൂപ പിഴയും, ഒരു മാസത്തോളം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. അല്ലെങ്കില്‍ ഇരുശിക്ഷയും ഒന്നിച്ച് ലഭിക്കാം. എന്നാല്‍ ഗെയിം കളിക്കുന്നത് കുറ്റമല്ലെന്നും. ഗെയിം കളിക്കുന്നത് മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ, പരിക്കോ സംഭവിച്ചാല്‍ ആണ് ശിക്ഷയെന്നും എന്നാണ് ഐപിസി 188 സംബന്ധിച്ച് നിയമ വിദഗ്ധര്‍ പറയുന്നു. അതേ സമയം പരീക്ഷ കാലം പ്രമാണിച്ചാണ് ഇത്തരം ഒരു നിരോധനം എന്നാണ് സൂചന.

പബ് ജിക്ക് അടിമകളാകുന്നത് കുട്ടികളാണെന്നും, അവരുടെ പഠനത്തെയും പരീക്ഷ തയ്യാറെടുപ്പിനെയും ഇത് ബാധിക്കുന്നു എന്ന പരാതിയിലാണ് ഉത്തരവ് എന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ രാജ്കോട്ട് പൊലീസിനെ വിമര്‍ശിച്ച് ട്വിറ്ററിലും മറ്റും വലിയ പ്രചരണം നടക്കുന്നു. നിങ്ങള്‍ എന്താണ് മദ്യവും പുകവലിയും നിരോധിക്കാത്തത് എന്ന് മുതല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയാണ് ഇതെന്നും തുടങ്ങുന്ന വിമര്‍ശനങ്ങള്‍ പൊലീസിനെതിരെ പബ് ജി പ്രേമികള്‍ ഉയര്‍ത്തുന്നു.