ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍ എന്നിവര്‍ക്കൊപ്പം യൂട്യൂബ് സ്ഥാപിക്കുന്നതില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കരീം. യൂട്യൂബിലെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി കരീം ആണ്.

സന്‍ഡിയാഗോ: അടുത്തിടെ യൂട്യൂബ് (Youtube) എടുത്ത വലിയ തീരുമാനമായിരുന്നു (Youtube Update) യൂട്യൂബ് വീഡിയോകളിലെ ഡിസ് ലൈക്ക് എണ്ണം (Dislike Numbers) നീക്കം ചെയ്യാനുള്ള തീരുമാനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇപ്പോള്‍ ഇതാ യൂട്യൂബ് സഹസ്ഥാപകന്‍ തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. യൂട്യൂബ് സഹസ്ഥാപകന്‍ ജാവേദ് കരീം ( Jawed Karim) ആണ് ഇതിനെതിരെ രംഗത്ത് എത്തിയത്. 

ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍ എന്നിവര്‍ക്കൊപ്പം യൂട്യൂബ് സ്ഥാപിക്കുന്നതില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളാണ് കരീം. യൂട്യൂബിലെ ആദ്യത്തെ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി കരീം ആണ്. 'മീ അറ്റ് സൂ' എന്ന വീഡിയോ ആണ് കരീം അന്ന് അപ്ലോഡ് ചെയ്തത്. ഇതിനകം 2 കോടിപ്പേര്‍ കണ്ട യൂട്യൂബിലെ ആദ്യത്തെ വീഡിയോയുടെ ദൈര്‍ഘ്യം 18 സെക്കന്‍റാണ്. ഈ വീഡിയോയില്‍ തന്‍റെ പിന്നിലുള്ള മൃഗശാലയിലെ ആനയെക്കുറിച്ചാണ് കരീം സംസാരിക്കുന്നത്. 

അതേ സമയം തന്‍റെ 16 കൊല്ലം പഴക്കമുള്ള യൂട്യൂബിലെ ആദ്യത്തെ വീഡിയോയുടെ ഡിസ്ക്രിപ്ഷന്‍ എ‍ഡിറ്റ് ചെയ്താണ് ജാവേദ് ഡിസ് ലൈക്ക് എണ്ണം കാണിക്കുന്നത് എടുത്തുകളയാനുള്ള തീരുമാനത്തോട് പ്രതികരിച്ചത്. 

ഡിസ് ലൈക്കില്‍ വരുത്തുന്ന മാറ്റത്തിന് പിന്നില്‍ ഒരു കാരണമുണ്ട്. പക്ഷെ അത് നല്ലതല്ല. ആ കാരണം അവര്‍ പരസ്യമായി പറയില്ല. അതേ സമയം ഈ തീരുമാനത്തെ സാധൂകരിക്കാന്‍ പല പഠനങ്ങളും ചൂണ്ടിക്കാട്ടും. പക്ഷെ അവയെല്ലാം ഒരു യൂട്യൂബറുടെ സാമന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്. ജനക്കൂട്ടത്തിന്‍റെ അഭിലാഷങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ഡിസ് ലൈക്ക് എന്നാണ് കരീം പറയുന്നത്. 

അതേ സമയം കരീം അടക്കമുള്ളവര്‍ യൂട്യൂബ് ഉണ്ടാക്കിയ 2005 ല്‍ അതില്‍ ലൈക്കും ഡിസ് ലൈക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അന്ന് പകരം ഉണ്ടായത് 5 സ്റ്റാര്‍ റൈറ്റിംഗ് ആയിരുന്നു. 2006 ല്‍ യൂട്യൂബിനെ ഗൂഗിള്‍ ഏറ്റെടുത്തു. അതിന് ശേഷം 2009 ല്‍ ഗൂഗിള്‍ യൂട്യൂബില്‍ ലൈക്ക്, ഡിസ് ലൈക്ക് സംവിധാനം അവതരിപ്പിച്ചു. 

യൂ ട്യൂബ് വീഡിയോകൾക്കുള്ള ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള തീരുമാനം നവംബര്‍ 11 നാണ് യൂട്യൂബ് പ്രഖ്യാപിച്ചത്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക. മറ്റുള്ളവർക്ക് ഡിസ്ലൈക്ക് നൽകാൻ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകൾ ഉണ്ടെന്നത് അടക്കമുള്ള വിവരങ്ങൾ കാണാൻ കഴിയില്ല. വീഡിയോകൾ ഇടുന്നവർക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് യൂ ട്യൂബ് അറിയിച്ചു.

വീഡിയോകൾക്കെതിരെ ഡിസ്ലൈക്കുകൾ നൽകുന്ന ക്യാംപയിനുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തൽ. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നൽകുന്നത് തിരിച്ചറിയാൻ ഡിസ്ലൈക്കുകൾ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്. യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണങ്ങൾ തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്കാരം യൂട്യൂബ് നടപ്പിലാക്കുന്നത്.