ദില്ലി: സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി പുതിയ ഓഫറുമായി രംഗത്ത്. ഓഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ആ ഭക്ഷണം സൗജന്യമായി ലഭിക്കുന്നതാണ് ഓഫര്‍. ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ ആയിരക്കണക്കിന് ഹോട്ടലുകളിലെ ഓഡറില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് സൊമാറ്റോ പറയുന്നത്. എന്നാല്‍ ഒരു ഓഡറിന്‍റെ കൃത്യസമയം എത്രയെന്ന് സൊമാറ്റോ വ്യക്തമാക്കുന്നില്ല. പുതിയ ഓഫര്‍ ലഭിക്കണമെങ്കില്‍ ഒരു ഓഡര്‍ നല്‍കുമ്പോള്‍ തന്നെ ഇതിന്‍റെ ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. 

കൃത്യസമയത്ത് ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ഭക്ഷണ തുക സൊമാറ്റോ തിരിച്ച് നല്‍കും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യനിഷ്ഠ നിറഞ്ഞ സേവനം ലഭ്യമാക്കുവാനാണ് പുതിയ നീക്കം എന്നാണ് സൊമാറ്റോ പറയുന്നത്. ഒപ്പം പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും കഴിയും എന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി കരുതുന്നത്. അതേ സമയം സൊമാറ്റോ ഭക്ഷണം എത്തിക്കുന്നവരുടെ മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും. ഇത് അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കാന്‍ കാരണമാകുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനത്തെ സൊമാറ്റോ തള്ളിക്കളയുന്നു. അതേ സമയം ഈ ഓഫര്‍ സംബന്ധിച്ച ടെലിവിഷന്‍ പരസ്യങ്ങള്‍ ഇതിനകം സൊമാറ്റോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യൂബറിന്‍റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്‍റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യ വാങ്ങുന്നതിനായി ഉബെറുമായി സൊമാറ്റോ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.