ദില്ലി: ഗൂഗിളിന്‍റെ മര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജനപ്രിയ പേമെന്‍റ് ആപ്പായ പേടിഎം അടുത്തിടെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്തായിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പേടിഎം വീണ്ടും തിരിച്ചെത്തിയെങ്കിലും, ഗൂഗിള്‍ തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

ഇപ്പോഴിതാ രണ്ട് ജനപ്രിയ ആപ്പുകള്‍ കൂടി ഗൂഗിളിന്‍റെ നിരീക്ഷണത്തിലായിരിക്കുന്നു. ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കുമാണ് ഗൂഗിളിന്‍റെ നോട്ടീസ് ലഭിച്ചിരിക്കുന്നു. തങ്ങളുടെ ആപ്പില്‍ പുതുതായി ബെറ്റിംഗ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എന്നതിനാലാണ് ഇത്തരം ഒരു നോട്ടീസ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരം ഒരു നോട്ടീസ് ലഭിച്ചതായി സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് തീര്‍ത്തും ശരിയായ രീതിയല്ലെന്നും സൊമാറ്റോ പ്രതികരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാന്‍ സ്വിഗ്ഗി തയ്യാറായിട്ടില്ല. 

ഞങ്ങള്‍ ചെറിയൊരു കമ്പനിയാണ്, ഞങ്ങളുടെ ബിസിനസ് മോഡല്‍ ഗൂഗിളിന്‍റെ മാര്‍ഗ്ഗനിര്‍ദേശവുമായി ചേര്‍ന്ന് പോകുന്നില്ല എന്ന മനസിലാക്കിയതിനാല്‍ അടുത്ത ആഴ്ച തന്നെ ഇപ്പോഴുള്ള സൊമാറ്റോ പ്രീമിയര്‍ ലീഗിന് പകരം സംവിധാനം ഒരുക്കും സൊമാറ്റോ പറയുന്നു.

അതേ സമയം നോട്ടീസിന് വിശദീകരണം നല്‍കാന്‍ സ്വിഗ്ഗി ഒരാഴ്ച സമയം ചോദിച്ചുവെന്നാണ് സ്വിഗ്ഗിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.