അമേരിക്കയിലെ പൗരാവകാശ, നിയമ സഹായം ലഭിക്കുന്ന ചാരിറ്റി സ്ഥാപനമായ 'NACCP' ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്‍റെ നാല്‍പത്തിയഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് താരം തുക സംഭാവന നല്‍കിയത്. 

ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ലോകമെങ്ങും വംശവെറിക്കെതിരെ ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു. ഇപ്പോഴിതാ ഈ അനീതിക്കെതിരെ വലിയൊരു തുക സംഭാവന ചെയ്താണ് ഹോളിവുഡ് താരം ആഞ്ജലീന ജോളി തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. 

അമേരിക്കയിലെ പൗരാവകാശ, നിയമ സഹായം ലഭിക്കുന്ന ചാരിറ്റി സ്ഥാപനമായ 'NACCP' ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്‍റെ നാല്‍പത്തിയഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് താരം തുക സംഭാവന നല്‍കിയത്. വര്‍ണ വിവേചനത്തിന് എതിരെയും സാമൂഹിക നീതി ഉറപ്പാക്കാനും നിയമപരിരക്ഷ ലഭിക്കാനും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഒരുകോടി അമ്പത്തിയൊന്ന് ലക്ഷത്തോളം രൂപയാണ് ആഞ്ജലീന സംഘടനയ്ക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ മാത്രം ആരുടെയും കുത്തകയല്ല എന്നും വിവേചനവും ഇത്തരത്തിലുള്ള ശിക്ഷാനടപടികളും നീതീകരിക്കാനാവുന്നതല്ല എന്നും ആഞ്ജലീന പറഞ്ഞു. ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ നമുക്കോരോരുത്തര്‍ക്കും അണിചേരാം എന്നും ആഞ്ജലീന കൂട്ടിച്ചേര്‍ത്തു. 

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരൻ കാൽമുട്ടമർത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ മാത്രമല്ല, ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും വംശീയവെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. 


Also Read: 'നോ ജസ്റ്റിസ്, നോ പീസ്'; വംശവെറിക്കെതിരെ മുഷ്ടി ചുരുട്ടി പത്ത് വയസ്സുകാരി; വൈറലായി വീഡിയോ...