ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച തന്‍റെ മകള്‍ക്ക് വേണ്ടി അമ്മ ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കി. 

ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച തന്‍റെ മകള്‍ക്ക് വേണ്ടി അമ്മ ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കി. വെയില്‍സിലാണ് സംഭവം. 31 വയസുള്ള മകള്‍ ട്രെസി സ്മിത്തിന്റെയും 40 വയസുള്ള മരുമകന്‍ ആദമിന്‍റെയും ആഗ്രഹം 55കാരിയായ എമ്മ മെല്‍സ് നടത്തി കൊടുക്കുകയായിരുന്നു. എമ്മയ്ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള ആരോഗ്യം ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ വി എഫ് ചികിത്സ നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

15 വയസിന് ശേഷവും മകള്‍ക്ക് ആര്‍ത്തവം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് എമ്മ മകളെ ഡോക്ടറെ കാണിച്ചത്. പരിശോധനയില്‍ ട്രെസിക്ക് ഗര്‍ഭപാത്രം ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഫലോപിയന്‍ ട്യൂബും ഓവറിയും ഉണ്ടായിരുന്നു. Mayer-Rokitansky-Küster-Hauser Syndrome (MRKH) എന്ന രോഗവസ്ഥയാണ് ഇത്. 16-ാം വയസില്‍ ട്രെസിക്ക് രോഗം സ്ഥിരീകരിച്ചു.

സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗാവസ്ഥയുള്ള സ്ത്രീകളുടെ യോനിയും ഗര്‍ഭപാത്രവും വളര്‍ച്ചയെത്താത്ത അവസ്ഥയിലായിരിക്കും. എന്നാല്‍ ഇവരുടെ ജനനേന്ദ്രിയം സ്വാഭാവികമായ രീതിയിലായിരിക്കും. പക്ഷേ ഇവര്‍ക്ക് ഒരിക്കലും ഗര്‍ഭധാരണം സാധിക്കില്ല. 

 ട്രെസിക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ട്രെസിയുടെ അമ്മ അവള്‍ക്ക് ഒരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനമാണ് എമ്മ നടത്തി കൊടുത്തത്. 2016 ലാണ് ട്രെസിയും ആദവും വിവാഹിതരായത്. മാര്‍ച്ചിലാണ് സിസേറിയനിലൂടെ എമ്മ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

സ്വന്തം അമ്മ തന്നെ തന്‍റെ കുഞ്ഞിന് ജന്മം നല്‍കിയത് അവിസ്മരണിയമായിരുന്നു എന്ന് ഇവര്‍ പറയുന്നു. മകള്‍ക്കു വേണ്ടി ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എമ്മയും പറയുന്നു. ഡെയ്ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.