Asianet News MalayalamAsianet News Malayalam

സ്ത്രീകളോടുള്ള വിവേചനം: ഇന്ത്യയുടെ റാങ്ക് 112; ബംഗ്ലാദേശും ശ്രീലങ്കയും ചൈനയും ഇന്ത്യക്ക് മുന്നില്‍

2006ലാണ് ലോക എക്കണോമിക് ഫോറം ആദ്യമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അന്ന് 98ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്ത്രീ അതിജീവനത്തിലും ആരോഗ്യത്തിലും 150 ആണ് ഇന്ത്യയുടെ സ്ഥാനം.

India ranks 112th globally on gender gap report by WEF
Author
New Delhi, First Published Dec 17, 2019, 9:36 AM IST

ദില്ലി: ലിംഗ സമത്വം പാലിക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. ലോക എക്കണോനിക് ഫോറത്തിന്‍റെ പുതിയ സര്‍വേ പ്രകാരം ഇന്ത്യ 108ല്‍ നിന്ന് 112ലേക്ക് താഴ്ന്നു. സ്ത്രീ ആരോഗ്യത്തിലും അതിജീവനത്തിലും ഇന്ത്യയുടെ റാങ്ക് താഴോട്ടു തന്നെ. ലിംഗ സമത്വത്തില്‍ ഐസ്‍ലന്‍ഡാണ് ഒന്നാമത്. ചൈന(106), ശ്രീലങ്ക(102), നെപ്പാള്‍(101), ബ്രസീല്‍(92), ഇന്തൊനേഷ്യ(85), ബംഗ്ലാദേശ്(50) എന്നിവര്‍ ഇന്ത്യക്ക് മുന്നിലാണ്. പാകിസ്ഥാന്‍(151), ഇറാഖ്(152), യെമന്‍ (153) എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ലോക എക്കണോമിക് ഫോറത്തിന്‍റെ ലിംഗ വിവേചന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 

ആഗോളതലത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ലോക എക്കണോമിക് ഫോറം പറയുന്നു. 95 വര്‍ഷത്തില്‍ ലിംഗ വിവേചനം ഏറ്റവും കുറഞ്ഞ് നില്‍ക്കുന്നതും ഈ വര്‍ഷമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ലമെന്‍റ് സഭകളില്‍ 25.2 ശതമാനവും മന്ത്രി തലത്ത് 21.2 ശതമാനവുമാണ് ആഗോളതലത്തില്‍ സ്ത്രീകളുടെ സാന്നിധ്യം. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 24.1 ശതമാനവും 19 ശതമാനവുമായിരുന്നു. അതേസമയം, സ്ത്രീകളുടെ സാമ്പത്തിക അവസരം ഏറ്റവും മോശമായ അവസ്ഥയിലാണ്.

2006ലാണ് ലോക എക്കണോമിക് ഫോറം ആദ്യമായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അന്ന് 98ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്ത്രീ അതിജീവനത്തിലും ആരോഗ്യത്തിലും 150 ആണ് ഇന്ത്യയുടെ സ്ഥാനം. സാമ്പത്തിക ഇടപെടലിലും അവസരത്തിലും വിദ്യാഭ്യാസത്തിലും 112ാമതാണ് ഇന്ത്യ.  ഇന്ത്യയില്‍ 35.4 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് സാമ്പത്തിക അവസരം ലഭിക്കുന്നുള്ളൂ. സ്ത്രീ-പുരുഷ ജനന നിരക്കില്‍ ഇന്ത്യ പാകിസ്ഥാന്‍റെയും പിന്നിലാണ്. 100 ആണ്‍കുട്ടികള്‍ക്ക് 91 പെണ്‍കുട്ടികളാണ് ഇന്ത്യയുടെ നിരക്കെങ്കില്‍ 92 പെണ്‍കുട്ടികളാണ് പാകിസ്ഥാന്‍റെ നിരക്ക്.

അതേസമയം, രാഷ്ട്രീയത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ നിരക്കില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധവനവുണ്ട്.14.4 ശതമാനമാണ് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ സ്ത്രീകളുടെ സാന്നിധ്യം. കാബിനറ്റില്‍ 23 ശതമാനവും. 
പ്രൊഫഷണല്‍ രംഗത്ത് നേതൃസ്ഥാനത്തേക്ക് 14 ശതമാനം സ്ത്രീകള്‍ മാത്രമാണ് എത്തുന്നത്. ഐസ്‍ലന്‍ഡിന് പിന്നില്‍ നോര്‍വെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. നികരാഗ്വ, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സ്പെയിന്‍, റുവാണ്ട, ജര്‍മനി എന്നിവരാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചത്. ലിംഗ സമത്വത്തെ പിന്തുണക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സുശക്തമായ സാമൂഹ്യഘടന നിര്‍മിക്കാന്‍ സഹായകരമാകുമെന്ന് ലോക എക്കണോമിക് ഫോറത്തിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios