ചിരിച്ചും കളിച്ചും കൂടെ നടന്ന ഭർത്താവ് ഒരു ദിവസം തളർന്നുവീഴുക. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോമയിലേക്ക് വീണുപോവുക. ആരെയും തിരിച്ചറിയാതെ, ഒരാളോടും മിണ്ടാതെ, ഫാനിലേക്ക് കണ്ണും നട്ട് അങ്ങനെ കിടക്കുക. ഏതൊരു പങ്കാളിയെയും തളർത്തുന്നതാണ്  ഈ ദിനങ്ങൾ. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഹുബൈയിൽ നിന്നുള്ള ലി ഷിഹുവാ ഒരു ജോലിക്കു പോകും വഴിയുണ്ടായ ഒരു സ്കൂട്ടറപകടത്തെ തുടർന്ന്  കോമയിലേക്ക് വീണുപോകുന്നത്. ഭാഗ്യവശാൽ, തികഞ്ഞ ആത്മാർപ്പണത്തോടുകൂടി അയാളെ പരിചരിക്കാൻ തയ്യാറായി സാങ് ഗിഹുവാൻ കൂടെത്തന്നെ ഉണ്ടായിരുന്നു. ഒന്നല്ല, രണ്ടല്ല, 2000  ദിവസങ്ങളാണ്, ദിവസം 20  മണിക്കൂറോളം നേരം അവർ തന്റെ ഭർത്താവിനെ പരിചരിച്ചു.  ഒടുവിൽ അഞ്ചുവർഷങ്ങൾക്കൊടുവിൽ, ലി കണ്ണുതുറന്നു. കണ്ണീരണിഞ്ഞ കണ്ണുകളോടെ മുന്നിൽ നിന്ന പത്നിയോട്  തന്റെ അഞ്ചുവർഷത്തെ മൗനം ഭഞ്ജിച്ചുകൊണ്ട് അയാൾ ഇങ്ങനെ പറഞ്ഞു, " സാങ്‌, ഐ ലവ് യു.." 

ഡോ. ഹാനാണ് ഈ അഞ്ചുവർഷവും ലിയെ ചികിത്സിച്ചത്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് പരിക്കേറ്റ് ജീവച്ഛവമായ അവസ്ഥയിലായിരുന്നു ലി എന്ന് ഡോ. ഹാൻ പറഞ്ഞു. " ഇത്രമേൽ സ്നേഹിച്ചുകൊണ്ട് കൂടെ ഭാര്യയെന്ന ആ നല്ല സ്ത്രീയിലായിരുന്നു എങ്കിൽ അയാൾ ഒരു പക്ഷേ, ആജീവനാന്തം ആ കിടപ്പു കിടന്നുപോയേനെ. അയാളെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന്റെ മുഴവുമാണ് ക്രെഡിറ്റും അവർ ഒരാൾക്ക് മാത്രമാണ്.."  അദ്ദേഹം കൂട്ടിച്ചേർത്തു. 

ദിവസത്തിൽ ആകെ മൂന്നോ നാലോ മണിക്കൂർ നേരം മാത്രമാണ് സാങ് ഉറങ്ങാനായി മാറ്റിവെച്ചിരുന്നത്. അതും ഒറ്റക്കണ്ണടച്ചു കൊണ്ടുള്ള ഒരു ശ്വാനനിദ്രയായിരുന്നു എന്ന് പറയാം. എപ്പോഴാണ് ഭർത്താവിന് തന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടാവുക എന്നായിരുന്നു സദാസമയവും അവരുടെ ചിന്ത. രാപ്പകലില്ലാതെ അവർ അയാളെ പരിചരിച്ചു. അതുതന്നെ ജീവിതവ്രതമാക്കി. ഭർത്താവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി അവർ പ്രാർത്ഥനകളിൽ മുഴുകി. ഭർത്താവിന്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാൻ അവർ വേറെ ആരെയും അനുവദിച്ചില്ല.  ദേഹം വൃത്തിയായി സൂക്ഷിച്ചും, മുടി ചീകിക്കൊടുത്തും, ഇഷ്ടമുള്ള പാട്ടുകൾ വെച്ചുകൊടുത്തും, പുറം മസാജ് ചെയ്തുകൊടുത്തും  അവർ അദേഹത്തെ പരിചരിച്ചുപോന്നു. തിരിച്ച് ഒരു പുരികക്കൊടിയുടെ അനക്കം കൊണ്ടുപോലും തന്റെ ഭർത്താവ് പ്രതികരിക്കില്ല എന്നറിയാമായിരുന്നിട്ടും അവർ ദിവസേന അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നെങ്കിലും ഒരു ദിവസം തന്റെ ഭർത്താവിനെ തനിക്കു തിരിച്ചുകിട്ടും എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. 


" ചിലപ്പോൾ എന്റെ ഭർത്താവ് ഒരിക്കലും ഈ കിടപ്പിൽ നിന്ന് എണീറ്റെന്നു വരില്ല എന്നുവരെ ഡോക്ടർമാർ എന്നോട് തുടക്കത്തിൽ പറഞ്ഞിരുന്നു. അത് വിശ്വസിക്കാൻ എനിക്കായില്ല. അദ്ദേഹം എന്നെങ്കിലും ഒരു ദിവസം എന്റെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.." സാങ്, മെയിൽ ഓൺലൈനിനോട് പറഞ്ഞു. ഡോക്ടർമാരുടെ പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ തന്നെ അവരുറപ്പിച്ചു.   

ഭാര്യയുടെ സ്‌നേഹപൂർണമായ സാന്നിധ്യം, പരിചരണം, അവരുടെ നിരന്തര സംഭാഷണങ്ങൾ, അവർ സ്ഥിരമായി വെച്ചുകൊടുത്തിരുന്ന ഇഷ്ടഗാനങ്ങൾ അതൊക്കെ ചേർന്നാണ് ലിയുടെ ആരോഗ്യാവസ്ഥയിൽ  വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ച പുരോഗതിയുണ്ടാക്കിയത് എന്ന് ഡോക്ടർമാർ കരുതുന്നു. ഇത് ഒരു അത്ഭുതത്തിൽ കുറഞ്ഞ ഒന്നുമല്ല എന്ന് അവർ പറയുന്നു. ഭർത്താവിനെ പരിചരിക്കുന്നതിലുള്ള നിഷ്ഠ സാങ്ങിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. ഈ അഞ്ചുകൊല്ലം കൊണ്ട് അവരുടെ ഭാരം പത്തുകിലോയോളം കുറഞ്ഞു. അവർ മെലിഞ്ഞു. 

ദ്രാവകരൂപത്തിലുള്ള ഭക്ഷണം, ഒരു സ്പൂണിലെടുത്ത് വായിൽ വെച്ചുകൊടുത്ത്, നാക്കിൽ ചെറുതായി ഒന്നമർത്തിയാൽ മാത്രമേ ലി തനിക്ക് ആഹാരം കഴിക്കാൻ നേരമായെന്നു പോലും അറിഞ്ഞിരുന്നുള്ളൂ. ഒടുവിൽ കഴിഞ്ഞ വർഷമാണ് ആദ്യത്തെ സന്തോഷവാർത്ത എത്തിയത്. പൂർണമായും കോമയിൽ കിടന്നിരുന്ന അവസ്ഥയിൽ നിന്നും ലി ഉണർന്നത് കഴിഞ്ഞ വർഷമായിരുന്നു. ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ വേണ്ടി അവർ വീണ്ടും ആശുപത്രിയിൽ തുടർന്നു. താമസിയാതെ ലി എഴുന്നേറ്റിരുന്നു. വീൽചെയറിൽ അദ്ദേഹത്തെ സാങ് ആശുപത്രി പരിസരത്തെല്ലാം കൊണ്ടുനടന്ന് കാഴ്ചകൾ കാണിച്ചു. 

അപ്പോഴും സംസാരിക്കാറായിരുന്നില്ല എങ്കിലും തനിക്കുചുറ്റും നടക്കുന്നതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു ലിക്ക്. ഭാര്യ പറയുന്നതിനോടൊക്കെ ആംഗ്യങ്ങളിലൂടെ പ്രതികരിക്കാനും തുടങ്ങി. ഒരു വർഷത്തോളം നിതാന്തപരിശ്രമം നടത്തിയാണ് സാങ് ആ അവസ്ഥയിൽ നിന്നും ലിയെ എഴുന്നേൽപ്പിച്ച് നടത്തിയത്. ഒരു പിഞ്ചു കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കും പോലെ തന്റെ ഭർത്താവിനെ അവർ വീണ്ടും ഓരോന്നും പഠിപ്പിച്ചെടുത്തു. 

'ലി ഷിഹുവാ-സാങ് ഗിഹുവാൻ' ദമ്പതികൾ ഒരു മാതൃകയാണ്. അപകടങ്ങളിൽ പെട്ട്, സ്ട്രോക്ക് വന്ന് ജീവിതപങ്കാളികളും തളർന്നുകിടക്കുന്ന എത്രയോ കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടിൽ. അവർക്കൊക്കെ മുന്നിൽ, സങ്കടത്തിന്റെ ഇരുളടഞ്ഞ വീഥികളിൽ  പ്രതീക്ഷയുടെ കെടാത്ത തിരിനാളങ്ങൾ..!