'അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്' എന്നു പറയുന്നതു പോലെയാണ് ഇന്നെത്ത സ്ത്രീസമൂഹത്തിന്‍റെ മാറ്റം. ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട് എന്നു എടുത്തുപറയേണ്ട കാര്യമില്ല. ഇന്ത്യയുടെ കാര്യം മാത്രമല്ല, ലോകത്തിലെ മുഴുവന്‍ കണക്കെടുത്താലും വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു പഠനത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്. 

ചെറുപ്പകാലം മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അവര്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന സമയത്ത് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകുമെന്നാണ് ഈ പഠനം പറയുന്നത്. 36 വര്‍ഷം നീണ്ട സര്‍വ്വേ അടിസ്ഥാനമാക്കിയുളള പഠനമാണിത്. 1967ല്‍ 30നും 44നും ഇടയില്‍ പ്രായമുള്ള 5100 സ്ത്രീകളിലാണ് പഠനം നടത്തിയത്. അവര്‍ 66-80 വയസ്സാകുന്നത് വരെയുളള അവരുടെ ശാരീരികമായ ആരോഗ്യവും മാനസ്സികമായുമുളള ആരോഗ്യവുമാണ് പഠനത്തിനുവിധേയമാക്കിയത്. 

ജോലി ഇല്ലാതിരുന്ന സ്ത്രീകളെയപേക്ഷിച്ച് നീണ്ട 20 വര്‍ഷം ജോലി ചെയ്ത സ്ത്രീകള്‍ക്ക്  നല്ല ആരോഗ്യമുണ്ടാകുമെന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. ജര്‍മനിയിലെ മാക്സ് പ്ലാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ചാണ് പഠനം നടത്തിയത്. ശാരീരികമായ ആരോഗ്യം മാത്രമല്ല, വിഷാദം പോലെയുള്ള അവസ്ഥ കുറവായിരിക്കുമെന്നും വളരെയധികം സന്തോഷമുള്ളവരായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ആയുസ്സും കൂടുതലായിരിക്കുമത്രേ. ജേണല്‍ ഡെമോഗ്രഫിയില്‍ പഠനനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.