2021ല്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് യുപിയില്‍ നിന്ന് ഇത്രയധികം പരാതികള്‍ ഉയര്‍ന്നുവന്നതെന്നതില്‍ വ്യക്തതയില്ല

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ( Crime against Women ) സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ ( National Commission for Women ) അറിയിച്ചു. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അറിയിക്കുന്നു. 2014ല്‍ 33,906 പരാതികളായിരുന്നു ലഭിച്ചിരുന്നത്. 

എന്നാല്‍ പരാതികളുടെ എണ്ണം വര്‍ധിച്ചതില്‍ ആശങ്കപ്പെടുകയല്ല, മറിച്ച് സ്ത്രീകള്‍ക്കിടയില്‍ നടന്നുവരുന്ന അവബോധം വര്‍ധിച്ചതായാണ് മനസിലാക്കേണ്ടതെന്നും ഇത് നല്ല സൂചനയായാണ് വനിതാ കമ്മീഷന്‍ കാണുന്നതെന്നും കമ്മീഷന്‍ മേധാവി രേഖ ശര്‍മ്മ പറഞ്ഞു. 

2021ല്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് യുപിയില്‍ നിന്ന് ഇത്രയധികം പരാതികള്‍ ഉയര്‍ന്നുവന്നതെന്നതില്‍ വ്യക്തതയില്ല. 15,828 പരാതിയും യുപിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യം വരുന്ന സംസ്ഥാനങ്ങള്‍. 

മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് സത്രീകള്‍ക്കെതിരായ വൈകാരികമായ പീഡനമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന് ശേഷം ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമം എന്നീ വകുപ്പുകളാണ് കൂടുതലായും വന്നിട്ടുള്ളത്. ഇവയ്ക്ക് പുറമെ ബലാത്സംഗം, ബലാത്സംഗ ശ്രമം, സൈബര്‍ കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. 

മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളും ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും യുപിയില്‍ നിന്ന് തന്നെയാണ്. 

'മുഴുവന്‍ സമയവും സേവനം നടത്തുന്ന ഹെല്‍പ്ലൈന്‍ നമ്പറുകള്‍, വര്‍ധിച്ച ക്യാംപയിനുകള്‍ എന്നിവ പരാതികള്‍ ഫയല്‍ ചെയ്യുന്നതിന് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നതിന് സഹായകമായിട്ടുണ്ടെന്നാണ് ഈ ഘട്ടത്തില്‍ ഞങ്ങള്‍ മനസിലാക്കുന്നത്. മുമ്പ് മിക്ക സ്ത്രീകള്‍ക്കും പീഡനം അനുഭവിക്കുമ്പോള്‍ പോലും അത് മനസിലാക്കാനുള്ള കഴില്ലായിരുന്നു എന്നതും പരാതിപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിവില്ലായിരുന്നു എന്നതും നാം മനസിലാക്കണം. ഇപ്പോള്‍ ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്...'- വനിതാ കമ്മിഷന്‍ മേധാവി രേഖ ശര്‍മ്മ പറയുന്നു.

Also Read:- 'ഭാര്യയ്ക്ക് ഫ്രീഡം കൊടുക്കുന്ന ഭർത്താവാണെന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത അഭിനേതാക്കളാണവർ'; കുറിപ്പ്