Asianet News MalayalamAsianet News Malayalam

'ഭാര്യയ്ക്ക് ഫ്രീഡം കൊടുക്കുന്ന ഭർത്താവാണെന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത അഭിനേതാക്കളാണവർ'; കുറിപ്പ്

സോഫയിലിരുന്ന് അടുക്കളയിലേയ്ക്ക് വിളിച്ച് ഒരു ചായ എന്നു പറയുന്ന ആൺമക്കളെ തിരുത്തേണ്ടത് രക്ഷിതാക്കളാണെന്നും അഞ്ജലി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 
 

anjali chandran facebook post on domestic violence is viral
Author
Thiruvananthapuram, First Published Oct 24, 2021, 3:03 PM IST
  • Facebook
  • Twitter
  • Whatsapp

ലിം​ഗസമത്വത്തെ (gender equality) കുറിച്ച് നിരന്തരം പ്രസംഗിച്ചിട്ടും ഇന്നും സമൂഹത്തിലെ (society) തുല്യനീതിയെക്കുറിച്ച് ധാരണയില്ലാത്ത നിരവധി പേരുണ്ട് നമ്മുക്ക് ചുറ്റും. അത്തരത്തില്‍ സ്ത്രീകൾ (women) അനുഭവിക്കുന്ന നീതിനിഷേധങ്ങളെക്കുറിച്ച് വനിതാ സംരംഭകയായ അഞ്ജലി ചന്ദ്രൻ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) ശ്രദ്ധ നേടുന്നത്. 

ഭാര്യയ്ക്ക് ഫ്രീഡം കൊടുക്കുന്ന ഭർത്താവാണെന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത അഭിനേതാക്കളാണ് പലരുമെന്നാണ് അഞ്ജലി പറയുന്നത്.സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന നിരവധി കുറിപ്പുകൾ അഞ്ജലി പങ്കുവയ്ക്കാറുണ്ട്. സോഫയിലിരുന്ന് അടുക്കളയിലേയ്ക്ക് വിളിച്ച് ഒരു ചായ എന്നു പറയുന്ന ആൺമക്കളെ തിരുത്തേണ്ടത് രക്ഷിതാക്കളാണെന്നും അഞ്ജലി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം...

പെണ്ണിനെന്തിനാ സാമൂഹിക ജീവിതമൊക്കെ?

പഠിക്കുന്ന കാലത്ത് പലപ്പോഴും രക്ഷിതാക്കൾ പെൺകുട്ടികളോട് പറയുക "പഠിച്ച് വേഗം ഒരു ജോലി ആയിട്ട് നിന്റെ ഇഷ്ടം പോലെ നടന്നോളൂ " എന്നാണ്. കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലിയിൽ കയറുന്നയുടൻ തന്നെ അവളുടെ മാട്രിമോണിയൽ പ്രൊഫൈൽ ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ കയറും. ഇനി പഠിക്കുന്ന സമയത്ത് തന്നെ പ്രണയിച്ചവർ ആണെങ്കിൽ 'ചീത്തപ്പേര് ' കേൾപ്പിക്കുന്ന മുൻപ് തന്നെ വീട്ടുകാർ കല്യാണം 'കഴിപ്പിച്ചു വിടും'. കൈകൾ കെട്ടി നീന്താൻ വിടുന്നതിനു തുല്യമാവും പലപ്പോഴുമിത്. പത്തിരുപത്തേഴു വയസായ ഒരു ആൺകുട്ടിയെ നോക്കാൻ പോവുന്ന ഒരു ജോലിക്കാരിയാവും പലപ്പോഴും പെൺകുട്ടികൾ.

ഒരേ സ്ഥാപനത്തിൽ ഒരേ ജോലി സമയം ഉള്ളവരാണ് ഭാര്യാഭർത്താക്കൻമാരെങ്കിലും പെൺകുട്ടിയുടെ ദിവസം തുടങ്ങുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? തന്റെ പങ്കാളി മൂടിപ്പുതച്ചുറങ്ങുന്ന ഏഴാം പുലർച്ചെ എണീറ്റ് രണ്ടു പേർക്കും വേണ്ട പ്രാതൽ അവളുണ്ടാക്കിയാൽ മാത്രമേ ശരിയാവുള്ളൂ. ഓടിപ്പിടച്ച് ഉച്ചഭക്ഷണവുമുണ്ടാക്കി ഒരു കാക്കക്കുളി കുളിച്ച് തനിക്കും ഭർത്താവിനുമുള്ള ഭക്ഷണം വിളമ്പുന്ന സമയത്തേ ഇന്നത്തെ സൂചിക നിലവാരം വരെ നോക്കി ചങ്ങാതി തീൻമേശയിലെത്തുള്ളൂ.

ഓഫീസിലെത്തി തിരികെ വരുന്ന വഴി ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി വീടെത്തിയാൽ രാത്രിയിലേയ്ക്കുള്ള ഭക്ഷണമുണ്ടാക്കുന്നതിലേയ്ക്ക് അവൾ ചുരുങ്ങുകയും തന്റെ സൗഹൃദ സദസ്സുകളിലേയ്ക്ക് (അതിപ്പോൾ ഓൺലൈനായാലും ഓഫ്‌ലൈനായാലും ) അയാൾ വളരുകയും ചെയ്യും. കുട്ടികൾ കൂടി ഉള്ളവരാണെങ്കിൽ ഈ ജോലിത്തിരക്കുകൾക്കിടയിൽ അവരെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവളുടെ മാത്രമാവും. ഫോക്ക് ഡാൻസിനോ ഫാൻസി ഡ്രസിനോ കുഞ്ഞുമോൾക്ക് വേണ്ട സാധനങ്ങൾ 'നീ തന്നെ പോയാലേ ശരിയാവൂ' എന്നു പറഞ്ഞ് ഹാഫ് ഡേ ലീവെടുപ്പിച്ച് അവളെ യാത്രയയ്ക്കുന്ന ഭർത്താവ് സ്കൂൾ ആനുവൽ ഡേയ്ക്ക് പോലും ജോലിത്തിരക്ക് കാരണം വരാൻ പറ്റാത്ത വല്യ മനുഷ്യനാവും. ഈ തിരക്കുകൾക്കിടയിലും മകളെ പ്രാക്ടീസിനു കൊണ്ടുപോയി സമ്മാനം വാങ്ങി വരുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ പോലും പലപ്പോഴും അമ്മയുടെ പേരു കാണില്ല. ഇങ്ങനെ കുട്ടികളുടെ സ്കൂൾ, പഠനം, അസുഖം എന്നിങ്ങനെ ലീവിനു കാരണങ്ങൾക്ക് യാതൊരു ക്ഷാമവുമില്ലാതാവുന്ന അമ്മമാരുടെ കരിയർ ലാഡർ വലിയ ഉയർച്ചകളില്ലാതെ പോവും. സ്വന്തം കുട്ടിയുടെ പ്രോഗ്രാമിനു ലീവ് പോലുമിടാതെ ജോലി ചെയ്യുന്ന അച്ഛൻ മികച്ച ഉദ്യോഗസ്ഥനായി ഞെളിഞ്ഞിരിക്കും.

ഇതേ അവസ്ഥ തന്നെയാണ് ജോലിയുള്ള സ്ത്രീകളുടെ മാതാപിതാക്കൾക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അസുഖം വന്നാലും പലപ്പോഴുംഅവളെ കാത്തിരിക്കുക. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോവാനും അഡ്മിറ്റായവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുത്തയയ്ക്കാനോ വേണ്ടി ലീവെടുക്കേണ്ട ബാധ്യത മിക്കപ്പോഴും അവളുടേത് മാത്രമാവും.

ഈയിടെ കണ്ടു വരുന്ന വർധിച്ച ആരോഗ്യപരിപാലന ഗ്രൂപ്പുകളിലും ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രാതിനിധ്യം എത്രയുണ്ടെന്ന് നമുക്കൊന്ന് നോക്കാവുന്നതാണ്. രാവിലെയോ വൈകുന്നേരമോ ജോലി കഴിഞ്ഞ് വന്ന് നടക്കാനോ സൈക്കിളിങ്ങിനോ പോവുന്ന ഭർത്താക്കൻമാരുടെ എണ്ണം കുത്തനെ കൂടുന്നുണ്ട്. 'അവൾക്കിതിലൊന്നും വല്യ ശ്രദ്ധയില്ല , ഞാൻ പറയാഞ്ഞിട്ടോ സമ്മതിക്കാഞ്ഞിട്ടോ അല്ല അവൾ വരാത്തതെന്നു 'പറയുന്ന വിശാലമനസ്കർ സ്വന്തം വീട്ടിൽ ഓഫീസ് കഴിഞ്ഞ് വന്നു ചക്കാട്ടുന്ന കാളയെ പോലെ നിർത്താതെ പണിയെടുക്കുന്ന ഭാര്യയുടെ ബുദ്ധിമുട്ട് മനസ്സിലാവാത്തവരല്ല. നേരെ മറിച്ച് നൈസായി അതിലൊന്നും ഇടപെടാതെ തന്റെ സൗഹൃദ സദസ്സുകളിൽ ഭാര്യയ്ക്ക് ഫ്രീഡം കൊടുക്കുന്ന ഭർത്താവാണെന്ന് പറയാൻ യാതൊരു മടിയും കാണിക്കാത്ത യഥാർത്ഥ അഭിനേതാക്കളാണവർ.

ഇനി ഇത്തിരിനേരം FBയിലോ സ്കൂൾ / കോളേജ് വാട്ട്സാപ്പ് ഗ്രൂപ്പിലങ്ങാനും ഭാര്യമാർ ഇരുന്നു പോയാൽ ഇങ്ങനെ ഫുൾ ടൈം ഗ്രൂപ്പിലിരിക്കണ്ട, ഇതൊക്കെ എങ്ങനെ മിസ് യൂസ് ചെയ്യപ്പെടും എന്ന് പറയാൻ പറ്റില്ല എന്നു പറഞ്ഞ് അവളുടെ സൗഹൃദത്തിന്റെ വാതിൽ കരുതൽ പൂട്ടിട്ട് പൂട്ടും. അല്ലെങ്കിലും എന്ത് കരുതലാണ് എന്റേട്ടന് ! പക്ഷേ ഇതേ കക്ഷിയ്ക്ക് ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും ഭാര്യ വെക്കാൻ പാടുള്ളതല്ല.

ഇനി വേറെ ചിലരുണ്ടാവും. ഇവർ അത്യാവശ്യത്തിന് രണ്ടു ചപ്പാത്തി പരത്തുകയോ പച്ചക്കറി നുറുക്കുകയോ ചെയ്യുന്നവരാണെങ്കിലും സ്വന്തം അച്ഛനമ്മമാരുടെ മുന്നിൽ നിന്നും ഇത്തരം ജോലി ചെയ്ത് തന്നിലെ പുരുഷന്റെ മാർക്കറ്റ് നിലവാരം തകർക്കാൻ ഇവർ ശ്രമിക്കില്ല. വീടുവിട്ടു നിൽക്കുമ്പോൾ അത്യാവശ്യം സഹായിച്ചിരുന്ന ഭർത്താവ് ലോക്ക് ഡൗൺ പ്രമാണിച്ച് വർക്ക് ഫ്രം ഹോം നാട്ടിലിരുന്ന് ചെയ്യുമ്പോൾ അതേ ജോലി ചെയ്യുന്ന ഭാര്യ ചായ വരെ തന്റെ മുന്നിലെത്തിക്കണമെന്ന ചിന്താഗതി പുലർത്തിയതിനു പിന്നിലെ ഏക കാരണം രക്ഷിതാക്കളുടെ മുന്നിൽ പെൺ കോന്തനാവാൻ വയ്യ എന്നതായിരുന്നു എന്നു പറഞ്ഞ സുഹൃത്തിനെ ഓർക്കുന്നു.

ഗാർഹിക പീഡനവുമായി ഇതിനൊന്നും ബന്ധമില്ല എന്നു നിങ്ങൾ  കരുതുന്നുണ്ടെങ്കിൽ സാമൂഹികമായി സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാത്ത സാഹചര്യങ്ങളും ഗാർഹിക പീഡന പരിധിയിൽ വരുന്നതാണ്. ഇങ്ങനെയല്ലാതെ ജീവിക്കുന്ന ചുരുക്കം ചിലരുണ്ടാവും. പക്ഷേ നമുക്ക് അഡ്രസ് ചെയ്യേണ്ടത്  മാറ്റമാവശ്യമുള്ള ഭൂരിപക്ഷത്തെയാണ്.

പ്രിയ രക്ഷിതാക്കളെ, നിങ്ങളുടെ ആൺകുട്ടികളെ വളർത്തി വലുതാക്കുമ്പോൾ നാളെ നിന്റെ കൂടെ ജീവിതം പങ്കിടുന്ന  പെൺകുട്ടിയുടെ കൂടെ ജോലികൾ പങ്കിടുന്നതിൽ നാണക്കേടല്ല, അഭിമാനമാണ് വേണ്ടതെന്ന് പറഞ്ഞു കൊടുക്കണം. സോഫയിലിരുന്ന് അടുക്കളയിലേയ്ക്ക് വിളിച്ച് ഒരു ചായ എന്നു പറയുന്ന ആൺമക്കളെ തിരുത്തേണ്ടത് നിങ്ങൾ തന്നെയാണ്. 

ജോലി - വീട്, വീട് - ജോലി എന്ന വൃത്തത്തിൽ മാത്രം  കുരുങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല സ്ത്രീകൾ. അവർക്കും ഈ സമൂഹത്തിൽ ഇടപഴകാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ട ബാധ്യത നമുക്കെല്ലാമുണ്ട്. ഇത്തിരിക്കുഞ്ഞു വൃത്തങ്ങളിൽ തട്ടിത്തടഞ്ഞു സ്വപ്നങ്ങളും സൗഹൃദങ്ങളുമില്ലാതെ കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ജൻമങ്ങളല്ല സ്ത്രീകൾ. സ്വന്തം കുഞ്ഞുങ്ങളെ മിടുക്കരായി വളർത്താനുള്ള ഉത്തരവാദിത്തം അമ്മയുടേതു മാത്രമല്ല. പങ്കാളിയെ വ്യക്തിയായി പരിഗണിക്കാൻ മാനസിക വളർച്ചയെത്തുമ്പോൾ , പ്രായപൂർത്തിയായ രണ്ടുപേരുടെ ജീവിതം എങ്ങനെ വേണമെന്നത് അവർ തന്നെ തീരുമാനിക്കട്ടെ. അതിനു വേണ്ട വിദ്യാഭ്യാസവും മാനസിക വളർച്ചയും കൈവരാനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുക എന്നത് മാത്രമാവണം മാതാപിതാക്കളുടെ  കടമ. അവരുടെ ജീവിതം ജീവിക്കാൻ അവരെ അനുവദിക്കുക.

 

Also Read: 'അമ്മ അച്ഛനോളം തുല്യയാണെന്ന് മക്കള്‍ മനസ്സിലാക്കണം'; ലിം​ഗസമത്വത്തെ കുറിച്ച് കരീന കപൂർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios