പറഞ്ഞ് പറഞ്ഞ് പഴകിപ്പോയൊരു വാചകമാണ് 'പ്രായം വെറും നമ്പർ മാത്രമാണെ'ന്ന്. എന്നാൽ പ്രായത്തെ വെല്ലുവിളിക്കുന്ന ചില പ്രകടനങ്ങൾ കാണുമ്പോൾ വീണ്ടും അതേ വാചകം തന്നെ പറയേണ്ടി വരുന്നുണ്ട്. അത്തരമൊരു വീഡിയോയും അതിലെ മുത്തശ്ശിയുമാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

മുത്തശ്ശിയെന്ന് പറഞ്ഞാൽ, 91 വയസ്സുള്ള മുത്തശ്ശിയാണിത്. സാധാരണ ഈ പ്രായം ജീവിത്തതിലെ അസ്തമയമാണെന്നാണ് പലരുടെയും ചിന്താ​ഗതി. മാത്രമല്ല, മനസ്സ് തയ്യാറാണെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ചിലരെ കിടക്കയിൽ തന്നെ കഴിച്ചു കൂട്ടാൻ നിർബന്ധിതരാക്കും.

എന്നാൽ ഇപ്പറഞ്ഞതിനൊക്കെ നേർവിപരീതമായിട്ടാണ് ജൂലിയ എന്ന മുത്തശ്ശി റോക്ക് മ്യൂസിക്കിനൊപ്പം ആവേശത്തോടെ ഡാൻസ് ചെയ്യുന്നത്.  അമേരിക്കയിലെ ഗോൾഡൻ ഏജ് ഹോം ഹെൽത്ത് കെയർ‌ എന്ന സ്ഥാപമാണ് ഫേസ്ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ജനുവരി 15 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം എൺപതിനായിരത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മുത്തശ്ശിയും സന്തോഷവും ഡാൻസും കണ്ട് നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുമുണ്ട്. 91 ലും ഇത്രയും ചുറുചുറുക്കോടെ ഇരിക്കുന്നതിൽ സന്തോഷം തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും മുത്തശ്ശിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.