കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് അഞ്ചാം ക്ലാസ്സുകാരിയായ ഗൗരി അച്ഛന്റെ ജോലി ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനോടൊപ്പം ഇരുന്ന് കൗതുകത്തിന് പഠിച്ചെടുത്ത വിദ്യ ഇന്ന് ഗൗരിക്ക് ഒരു തൊഴിലാണ്.
മണ്ണഞ്ചേരി:കഷ്ടപ്പാടുകളുടെ കയ്പ്പേറിയ അനുഭവങ്ങൾക്കിടയിലും അതിജീവനത്തിന്റെ വലിയ പാഠം പറഞ്ഞുതരികയാണ് പൊന്നാട് വാത്തിശേരി ചിറയിൽ ഗവേഷിന്റെ മക്കളായ ഗൗരിയും ശരണ്യയും. ശാരീരികമായ അവശതകൾ മൂലം പിതാവ് തളർന്നുപോയപ്പോൾ കുടുംബത്തിന്റെ ഭാരം തങ്ങളുടെ കുഞ്ഞിക്കൈകളിലേക്ക് ഏറ്റെടുത്തിരിക്കുകയാണ് ഈ പത്തു വയസ്സുകാരിയും ഏഴു വയസ്സുകാരിയും. എൽഇഡി ബൾബുകൾ നിർമ്മിച്ച് ഈ മിടുക്കികൾ ഇന്ന് നാലംഗ കുടുംബത്തെ അഭിമാനത്തോടെ പോറ്റുന്നു. കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് അഞ്ചാം ക്ലാസ്സുകാരിയായ ഗൗരി അച്ഛന്റെ ജോലി ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനോടൊപ്പം ഇരുന്ന് കൗതുകത്തിന് പഠിച്ചെടുത്ത വിദ്യ ഇന്ന് ഗൗരിക്ക് ഒരു തൊഴിലാണ്.
വിധിയുടെ തുടർച്ചയായ പ്രഹരങ്ങൾ
ഇലക്ട്രീഷ്യനായിരുന്ന വി ജി ഗവേഷിന്റെ ജീവിതം പ്രതിസന്ധിയിലായത് അപ്രതീക്ഷിതമായിട്ടായിരുന്നു. രണ്ടു വർഷം മുൻപ് ഒരു സംഘട്ടനത്തിനിടയിൽപ്പെട്ട് നെഞ്ചിലും വയറ്റിലും ഗുരുതരമായി കുത്തേറ്റതോടെയാണ് ഗവേഷിന്റെ അധ്വാനശേഷി കുറഞ്ഞത്. ശസ്ത്രക്രിയകളും തുടർച്ചയായ ചികിത്സകളും കാരണം പണി നടന്നുകൊണ്ടിരുന്ന വീടിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. പിന്നീട് ആയാസമുള്ള ജോലികൾ ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ബാങ്ക് വായ്പയെടുത്ത് വാടകവീട്ടിൽ എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. സുമനസ്സുകളുടെ സഹായത്താൽ ഡൽഹിയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിച്ച് ജോലി മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് അടുത്ത അപകടം ഗവേഷിനെ തേടിയെത്തിയത്. ഏണിയിൽ നിന്ന് വീണ് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റതോടെ ബൾബ് നിർമ്മാണവും വഴിമുട്ടി.
മുതിർന്നവർ പോലും ശ്രദ്ധയോടെ ചെയ്യുന്ന സോൾഡറിങ് അയൺ ഉപയോഗിച്ചുള്ള ജോലികൾ ഗൗരി അനായാസം ചെയ്യുന്നു. അക്കങ്ങൾക്കൊപ്പം സർക്യൂട്ടുകളും ഈ കുരുന്നിന് ഇന്ന് വഴങ്ങും. ചേച്ചി നിർമ്മിക്കുന്ന ബൾബുകൾ കൃത്യമായി പാക്കറ്റിലാക്കി പെട്ടികളിൽ അടുക്കിവെക്കുന്നത് രണ്ടാം ക്ലാസ്സുകാരിയായ ശരണ്യയാണ്. പഠനത്തിനിടയിലും കളിക്കാനിറങ്ങുന്ന പ്രായത്തിലും ഈ കുട്ടികൾ കാണിക്കുന്ന പക്വത കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തും. വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തി അന്നത്തെ പാഠഭാഗങ്ങൾ പഠിച്ചു തീർത്ത ശേഷമാണ് ഇരുവരും നിർമ്മാണ യൂണിറ്റിലേക്ക് കടക്കുന്നത്.
കുട്ടികൾ നിർമ്മിക്കുന്ന ബൾബുകൾ ഗവേഷ് തന്നെയാണ് സമീപത്തെ കടകളിൽ എത്തിക്കുന്നത്. വീട്ടുവാടക നൽകാനും കുടുംബത്തിന്റെ ദൈനംദിന ചിലവുകൾക്കും മുത്തശ്ശിയുടെ മരുന്നിനുമുള്ള വക ഈ കുരുന്നുകൾ അധ്വാനിച്ചു കണ്ടെത്തുന്നു. മുഹമ്മ ആര്യക്കര എബി വിലാസം എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ് ഗൗരി. പൊന്നാട് ഗവ. എൽപി സ്കൂളിലാണ് ശരണ്യ പഠിക്കുന്നത്. പാതിവഴിയിൽ നിലച്ചുപോയ തങ്ങളുടെ വീട് പണി പൂർത്തിയാക്കി അച്ഛനെയും മുത്തശ്ശിയെയും കൂട്ടി അവിടെ താമസിക്കണമെന്നതാണ് ഈ കൊച്ചു മിടുക്കികളുടെ ഏറ്റവും വലിയ സ്വപ്നം.കഷ്ടപ്പാടുകളിൽ പതറാതെ വിരിഞ്ഞുനിൽക്കുന്ന ഈ സഹോദരിമാർ നാടിനാകെ ഇന്ന് മാതൃകയാണ്.


