മെൽബേൺ: ഭർത്താവിന്റെ കട്ടൗട്ടുമായി ലോകം ചുറ്റുകയാണ് 58-കാരി മിഷേൽ ബോർക്ക്. മരണക്കിടക്കയിൽ കിടക്കുന്ന ഭർത്താവ് പോൾ ബോർക്കിന് മിഷേൽ നൽകിയ വാക്കായിരുന്നു അത്. പോളിന്റെ ചിത്രത്തോടൊപ്പം ഈ ലോകം മുഴുവനും താൻ സഞ്ചരിക്കുമെന്നാണ് അവസാനമായി പോളിന് മിഷേൽ നൽകിയ വാക്ക്. പോൾ ലോകത്തോട് വിടപ്പറഞ്ഞിട്ടിപ്പോൾ മൂന്ന് വർഷമായി. ഇന്നും തന്റെ പ്രിയതമന് നൽകിയ വാക്ക് പാലിക്കുകയാണ് മിഷേൽ.

30 വർ‌ഷങ്ങൾ‌ക്ക് മുമ്പാണ് പോളും മിഷേലും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹദിനത്തിൽ എടുത്ത പോളിന്റെ ചിത്രവും കെട്ടിപ്പിടിച്ചാണ് മിഷേൽ ലോകം ചുറ്റുന്നത്. മടക്കി ഉപയോ​ഗിക്കാൻ കഴിയുന്ന ചിത്രം തന്റെ ബാ​ഗിലാണ് മിഷേൽ സൂക്ഷിച്ച് വയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലെ സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ ബാ​ഗിൽ സൂക്ഷിച്ചിരിക്കുന്ന പോളിന്റെ കട്ടൗട്ട് ചിത്രവും മിഷേൽ കൂടെ കൊണ്ടുപോകും. എന്നിട്ട് താൻ പോകുന്നിടത്തെല്ലാം പോളിന്റെ ചിത്രവും ഒപ്പം കൂട്ടും. താൻ കാണുന്ന എല്ലാ കാഴ്ച്ചകളും മിഷേൽ പോളിന്റെ കട്ടൗട്ട് ചിത്രത്തെയും കാണിക്കും.

ഓസ്രേലിയൻ സ്വദേശിയായ മിഷേൽ ന്യൂയോർക്ക്, തായ്ലാൻഡ്, ഈഫൽ ടവർ, ബക്കിങ്ഹാം കൊട്ടാരം, സ്റ്റോൺഹെൻജ് എന്നീ സ്ഥലങ്ങളാണ് ഇതുവരെ സന്ദർശിച്ചത്. അടുത്ത തവണ യാത്രയ്ക്ക് പോകുമ്പോൾ അമ്പത് വയസ്സായപ്പോഴുള്ള ഭർത്താവിന്റെ ചിത്രം കൂടെ കൊണ്ടുപോകണമെന്നാണ് മിഷേലിന്റെ ആ​ഗ്രഹം. 


2016-ൽ അർബുദം ബാധിച്ചാണ് പോൾ ലോകത്തോട് വിടപറഞ്ഞത്. അവസാനനാളുകളിൽ പോളുമായുള്ള തന്റെ സംഭാഷണങ്ങൾ ഉൾപ്പെടുത്തി  മിഷേൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കോൺവർസേഷൻ വിത്ത് പോൾ' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയത്. പോളിന്റെ കട്ടൗട്ടുമായി താൻ നടത്തിയ യാത്രകളെക്കുറിച്ചും മിഷേൽ പുസ്തകം രചിച്ചിട്ടുണ്ട്. 'ട്രാവലിങ് വിത്ത് കാർബോർഡ്' എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുക.