വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകുമെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാതയുടെ ഭാഗമായി വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും. ചിലക്കൂര്‍ ബീച്ചിനെ ആകര്‍ഷണീയമായ ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഇതിലൂടെ സാധിക്കും. ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. ബീച്ചില്‍ നിരവധി ടൂറിസം സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിന്‍റെ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുന്നതിനായി പൂര്‍ത്തിയാക്കിയ 350 മീറ്റര്‍ എഞ്ചിനീയറിംഗ് അത്ഭുതമാണ് ചിലക്കൂര്‍ തുരങ്കം. പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായി ഇത് സഞ്ചാരയോഗ്യമാക്കി പുനഃസ്ഥാപിച്ചു.

നവീകരണത്തിന്‍റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. വര്‍ക്കലയുമായുള്ള ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ബന്ധം, പ്രദേശത്തിന്‍റെ പൈതൃകം, കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം എന്നിവയും ഈ ഷോയില്‍ ഉണ്ടാകും. ഇതിനു പുറമേ തുരങ്കത്തിന്‍റെ ഉപരിതലത്തില്‍ മാപ്പിംഗ് സാങ്കേതികവിദ്യയുള്ള അത്യാധുനിക ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉണ്ട്. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പിലാക്കിയത്.

ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യാത്രയ്ക്കും ചരക്ക് നീക്കത്തിനുമായുള്ള ഉള്‍നാടന്‍ ജലപാതയിലെ പ്രധാന ഭാഗമായിരുന്ന ചിലക്കൂര്‍ തുരങ്കം ഇപ്പോള്‍ പൈതൃക കേന്ദ്രമെന്ന നിലയില്‍ വീണ്ടും ഉയര്‍ന്നുവരികയാണെന്നും ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. അതിന്‍റെ പുരാവസ്തു പ്രാധാന്യം വലുതാണ്. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ നവാള്‍ട്ട് ഗ്രീന്‍ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 20 പേര്‍ക്ക് സഞ്ചരിക്കാനാകും. ഉയര്‍ന്ന തീവ്രതയുള്ള നാല് ലേസര്‍ പ്രൊജക്ടറുകള്‍, നൂതന സൗണ്ട് സിസ്റ്റം, ബാറ്ററി പവര്‍ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബോട്ടിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മികച്ച അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്‍റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് പൊതു ഗതാഗതം, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വിപുലമായ അവസരങ്ങള്‍ തുറന്ന് കേരളത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്തും.

തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.