കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം പാദത്തിൽ നിരണം ചുണ്ടൻ ജേതാക്കളായി. സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ വീയപുരം ചുണ്ടനെ ഫോട്ടോ ഫിനിഷിലാണ് നിരണം അട്ടിമറിച്ചത്. 

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ അഞ്ചാം പാദത്തിലെ പത്താം മത്സരത്തിൽ ജേതാക്കളായി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ. സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുന്ന വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയപുരും ചുണ്ടനെ അട്ടിമറിച്ചാണ് നിരണം ചുണ്ടൻ കപ്പ് സ്വന്തമാക്കിയത്. സി.ബി.എല്ലിൻ്റെ ഒരു സീസണിലെ മുഴുവൻ മത്സരങ്ങളിലും വിജയികളാകുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് വീയപുരത്തിന് നഷ്ടമായത്.

കഴിഞ്ഞ ഒൻപത് മത്സരങ്ങളിലും വിജയികളായി ട്രിപ്പിൾ ഹാട്രിക് നേടിയായിരുന്നു വീയപുരം കൊച്ചിയിലെത്തിയത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ആയിരുന്നു ആവേശം നിറച്ച ഫൈനൽ മത്സരത്തിൽ ഇരു ടീമുകളുടെയും എതിരാളി. ഫോട്ടോ ഫിനിഷിലേക്ക് വന്ന മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ ആയിരുന്നു നിരണം കപ്പ് സ്വന്തമാക്കിയത്. നാല് മിനുട്ടും 10 സെക്കൻഡ് 0.064 മൈക്രോ സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. രണ്ടാംസ്ഥാനത്തെത്തിയ വിയപുരം നാല് മിനുട്ടും 10 സെക്കൻഡ് 0.119 മൈക്രോ സെക്കൻഡും സമയമെടുത്തായിരുന്നു മത്സരം പൂർത്തിയാക്കിയത്. നാല് മിനുട്ടും 11 സെക്കൻഡ് 0.159 മൈക്രോ സെക്കൻഡുമായിരുന്നു നടുഭാഗം ചുണ്ടന് വേണ്ടി വന്നത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേലേപ്പാടം ചുണ്ടൻ, ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലെ പറമ്പൻ ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, തെക്കേക്കര ബോട്ടു ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടൻ എന്നിവരാണ് യഥാക്രമം നാലു മുതൽ ഒൻപത് വരെ എത്തിയത്.

ചെറുവള്ളങ്ങളുടെ മത്സരത്തിൽ നാല് മിനുട്ടും 15 സെക്കൻഡ് 0.781 മൈക്രോ സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത ഗരുഡൻ ഒന്നാംസ്ഥാനത്തും നാല് മിനിട്ടും 32 സെക്കൻഡ് 0.087 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്ത പുത്തൻപറമ്പിൽ രണ്ടാം സ്ഥാനത്തും നാല് മിനിട്ടും 50 സെക്കൻഡ് 0.646 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്ത സെൻ സെബാസ്റ്റ്യൻ നമ്പർ. ഒന്ന് മൂന്നാം സ്ഥാനത്തും എത്തി.