ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലത്ത് ഗോവയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വര്‍ധന. ഈ നിരക്ക് വർധനവ് ഗോവയിൽ അവധി ആഘോഷിക്കാൻ പദ്ധതിയിട്ടവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലം ആഘോഷിക്കാൻ ഗോവയിലേയ്ക്ക് പറക്കാൻ പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടി. ഗോവയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. ഡിസംബർ പകുതി മുതൽ ജനുവരി ആദ്യ വാരം വരെ ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനയാണ് വിമാനക്കമ്പനികൾ വരുത്തിയിരിക്കുന്നത്. ഇതോടെ ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലം ഗോവയിൽ അടിച്ചുപൊളിക്കാൻ പ്ലാൻ ചെയ്തവർക്ക് വലിയ നിരാശയാണ് ഉണ്ടായിരിക്കുന്നത്.
സാധാരണ 3,000 രൂപ മുതൽ 5,000 രൂപ മാത്രം ചെലവിൽ കൊച്ചിയിൽ നിന്ന് ഗോവയിലേയ്ക്ക് പറക്കാമായിരുന്നു. എന്നാൽ, ഈ സ്ഥാനത്ത് ഇപ്പോൾ ഏതാണ്ട് 12,000 - 15,000 രൂപയാണ് കൊച്ചി-ഗോവ വിമാന ടിക്കറ്റ് നിരക്ക്. അതായത് മൂന്നിരട്ടിയിലധികമാണ് നിരക്കിലെ വർധന. ഇത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.
ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലും ന്യൂ ഇയറിനോട് അടുത്ത ദിവസങ്ങളിലും പ്രധാന ആഘോഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളെയാണ് ഈ നിരക്ക് വർധനവ് വലിയ രീതിയിൽ ബാധിക്കുന്നത്. ക്രിസ്മസും തുടർന്ന് വരുന്ന ന്യൂ ഇയറും ഗോവയിലെ ടൂറിസം മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. മലയാളികളും ഈ സമയം കൂടുതലായി ഗോവയിലെത്താറുണ്ട്.
ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേയ്ക്കുള്ള ആഭ്യന്തര യാത്രയ്ക്കും ഈ സമയം ചെലവേറും. ഈ റൂട്ടുകളിലെല്ലാം നിരക്ക് വർധനവ് പ്രകടമാണ്. ആഭ്യന്തര യാത്രകൾക്ക് പുറമെ വിദേശ യാത്രകൾക്കും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.


