‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ എന്ന് വിശേഷിപ്പിക്കുന്ന മനോഹരമായ കൂർഗിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഏറ്റവും നല്ല സമയം ഏതാണെന്ന് അറിഞ്ഞിരിക്കണം. 

കർണാടകയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കൂർഗ്. പച്ചപ്പും കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കൂർഗിനെ "ഇന്ത്യയുടെ സ്കോട്ട്ലൻഡ്" എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണെങ്കിലും ഓരോ സീസണും ഓരോ തരം അനുഭവമാണ് നൽകുന്നത്. യാത്രയ്ക്ക് ശരിയായ സമയം തിരഞ്ഞെടുത്താൽ അതൊരു ഒന്നൊന്നര അനുഭവമായിരിക്കും. എന്നാൽ തെറ്റായ സമയത്താണ് പോകുന്നതെങ്കിൽ യാത്ര ബുദ്ധിമുട്ടിലാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കൂർഗിലേക്ക് പോകും മുൻപ് അവിടുത്തെ കാലാവസ്ഥയെയും സീസണുകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.

Add Asianetnews as a Preferred SourcegooglePreferred

യാത്രയ്ക്ക് ഏറ്റവും മികച്ച സമയം; ഒക്ടോബർ മുതൽ മാർച്ച് വരെ

കൂർഗ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. ഈ മാസങ്ങളിൽ കാലാവസ്ഥ നല്ല തണുപ്പുള്ളതും സുഖകരവുമായിരിക്കും. താപനില ഏകദേശം 10°C മുതൽ 25°C വരെയാകും. കാഴ്ചകൾ കാണാനും ട്രെക്കിങ്ങിനും കാപ്പിത്തോട്ടങ്ങളിലൂടെ നടക്കാനുമൊക്കെ ഏറ്റവും അനുയോജ്യമായ സമയമാണിത്. തെളിഞ്ഞ ആകാശവും പച്ചപ്പും ഫോട്ടോയെടുപ്പിന് കൂടുതൽ ഭംഗി നൽകും.

ഏപ്രിൽ മുതൽ ജൂൺ വരെ; ചെറിയ ചൂടുണ്ടെങ്കിലും യാത്രയ്ക്ക് കുഴപ്പമില്ല

വലിയ തിരക്കില്ലാതെ കൂർഗ് ആസ്വദിക്കണമെങ്കിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പോകാം. ഈ സമയത്ത് ചെറിയ ചൂട് അനുഭവപ്പെടുമെങ്കിലും, നമ്മുടെ നാട്ടിലെ വേനൽക്കാലം വെച്ച് നോക്കുമ്പോൾ കാലാവസ്ഥ വളരെ മികച്ചതാണ്. താപനില 20°C മുതൽ 35°C വരെ ഉയരാൻ സാധ്യതയുണ്ട്. എങ്കിലും രാവിലെയും വൈകുന്നേരവും നല്ല കാലാവസ്ഥയായിരിക്കും. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിരക്ക് കുറവായതിനാൽ ബജറ്റ് യാത്രക്കാർക്ക് ഈ സമയം തിരഞ്ഞെടുക്കാം.

മഴയുടെ സൗന്ദര്യവും അൽപ്പം റിസ്കും; ജൂലൈ മുതൽ സെപ്റ്റംബർ വരെ:

ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കൂർഗിലെ മഴക്കാലം. ഈ സമയത്ത് ഇവിടെ കനത്ത മഴ ലഭിക്കും. അതുകൊണ്ടുതന്നെ വെള്ളച്ചാട്ടങ്ങളും കാടുകളുമെല്ലാം കൂടുതൽ സുന്ദരമാകും. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ സമയം ഇഷ്ടപ്പെടുമെങ്കിലും, തുടർച്ചയായ മഴ കാരണം ട്രെക്കിങ്ങിനും മറ്റ് ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്കും ബുദ്ധിമുട്ടുണ്ടാകാം. കൂടാതെ, മണ്ണിടിച്ചിലിനും വഴുവഴുപ്പുള്ള റോഡുകൾക്കും സാധ്യതയുണ്ട്.

ഏതൊക്കെ മാസങ്ങളിൽ യാത്ര ഒഴിവാക്കണം?

സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂർഗിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്തെ കനത്ത മഴ കാരണം പല റോഡുകളും അടച്ചിടാൻ സാധ്യതയുണ്ട്. ഇത് യാത്രയെ വല്ലാതെ ബാധിക്കും. പ്രത്യേകിച്ചും കുടുംബവുമൊത്തോ പ്രായമായവരുമായോ യാത്ര ചെയ്യുകയാണെങ്കിൽ ഈ സമയം ഒട്ടും അനുയോജ്യമല്ല.

നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം

നിങ്ങൾ സാഹസികതയും മഴയും പച്ചപ്പും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ മഴക്കാലത്ത് കൂർഗിലേക്ക് പോകാം. എന്നാൽ സുഖപ്രദമായ കാലാവസ്ഥയിൽ കാഴ്ചകൾ കണ്ട് ഫോട്ടോയൊക്കെ എടുത്ത് അടിച്ചുപൊളിക്കാനാണ് പ്ലാനെങ്കിൽ, ശൈത്യകാലമാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ ബജറ്റും ഇഷ്ടങ്ങളും യാത്രാ പദ്ധതിയും അനുസരിച്ച് ശരിയായ സമയം തിരഞ്ഞെടുക്കുന്നതാണ് ഒരു സ്മാർട്ട് ട്രാവലറുടെ ലക്ഷണം.