ഷുഗർ കോട്ടിംഗ് ഇല്ല, എട്ട് നഗരങ്ങളിൽ ആഴ്ചകൾ പിന്നിട്ട എന്റെ സത്യസന്ധമായ അനുഭവമെന്ന എന്ന തലക്കെട്ടോടെയാണ് @discoverwithemma_ എന്ന ഹാൻഡിലിൽ എമ്മ അനുഭവം പങ്കിട്ടത്.
ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ യാത്ര ചെയ്ത വിദേശ വനിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കേരളത്തിന് പ്രശംസ. ഏഷ്യയിലുടനീളം ബാക്ക്പാക്ക് ചെയ്യുന്ന സഞ്ചാരിയായ എമ്മയാണ് ഇന്ത്യയിലെ നഗരങ്ങളെ സ്ത്രീ സുരക്ഷയുടെയും വൃത്തിയുടെയും അടിസ്ഥാനത്തിൽ തരംതിരിച്ചത്. ഷുഗർ കോട്ടിംഗ് ഇല്ല, എട്ട് നഗരങ്ങളിൽ ആഴ്ചകൾ പിന്നിട്ട എന്റെ സത്യസന്ധമായ അനുഭവമെന്ന എന്ന തലക്കെട്ടോടെയാണ് @discoverwithemma_ എന്ന ഹാൻഡിലിൽ എമ്മ അനുഭവം പങ്കിട്ടത്. 48,000-ത്തിലധികം ഫോളോവേഴ്‌സുള്ള എമ്മയുടെ പോസ്റ്റിന് വ്യാപക പ്രശംസയാണ് ലഭിച്ചത്.
ദില്ലി: 1/10
ദില്ലിയെ വിപുലമായ നഗരം എന്നാണ് എമ്മ വിശേഷിപ്പിച്ചത്. നിരന്തരമായ നോട്ടങ്ങളും, ബഹളവും, തിരക്കും വലിയ അസ്വസ്ഥതകളായി അവർ ചൂണ്ടിക്കാട്ടി. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും രാത്രിയിൽ ദില്ലിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആഗ്ര: 3/10
താജ്മഹലിനെ ആരാധിച്ചിരുന്നെങ്കിലും, വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകൾ നേരിടുന്നുണ്ടെന്ന് എമ്മ പരാമർശിച്ചു. ആഗ്രയെ മനോഹരമാണെന്ന് തോന്നിയെങ്കിലും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീക്ക് ഏറ്റവും സുഖകരമായ നഗരമല്ലെന്നും അവർ പറഞ്ഞു.
ജയ്പൂർ: 5/10
ജയ്പൂരിലെ ഗംഭീരമായ കോട്ടകളെയും രാജകീയ വാസ്തുവിദ്യയെയും എമ്മ അഭിനന്ദിച്ചു. പക്ഷേ വൈകുന്നേരങ്ങൾ ഒറ്റയ്ക്ക് യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് അവർ കരുതി. എന്നിരുന്നാലും, സുരക്ഷയുടെ കാര്യത്തിൽ ജയ്പൂർ ദില്ലിയേക്കാളും ആഗ്രയേക്കാളും മികച്ചതാണെന്നും അവർ പറഞ്ഞു.
പുഷ്കർ: 6.5/10
ആത്മീയതക്ക് പേരുകേട്ട പുഷ്കർ, എമ്മയ്ക്ക് പുതിയ അനുഭവം നൽകി. നാട്ടുകാർ ശാന്തരും ബഹുമാന്യരുമായിരുന്നു. എന്നിരുന്നാലും തട്ടിപ്പിനിരയായി. വടക്കൻ നഗരങ്ങളെ അപേക്ഷിച്ച്, ആ ശാന്തമായ അന്തരീക്ഷം ആസ്വദിച്ചുവെന്നും അവർ പറഞ്ഞു.
ഉദയ്പൂർ: 8/10
ഉത്തരേന്ത്യയിൽ പകൽസമയത്ത് ഒറ്റയ്ക്ക് നടക്കാൻ എനിക്ക് സുഖം തോന്നിയ ആദ്യ സ്ഥലമെന്ന് ഉദയ്പൂരിനെക്കുറിച്ച് എമ്മ എഴുതി. ഉദയ്പൂരിലെ ശാന്തമായ തടാകങ്ങൾ, മര്യാദയുള്ള നാട്ടുകാർ, വൃത്തിയുള്ള ചുറ്റുപാടുകൾ എന്നിവയെയും എമ്മ അഭിനന്ദിച്ചു.
മുംബൈ: 6.5/10
മുംബൈയെ തിരക്കുള്ളതും പ്രവചനാതീതവുമായ നഗരമാണെന്നാണ് എമ്മ വിശേഷിപ്പിച്ചത്. പക്ഷേ ആളുകൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു. മൊത്തത്തിൽ സുരക്ഷിതത്വം തോന്നി. എന്നിരുന്നാലും ഒറ്റയ്ക്ക് നഗരം എക്സ്പ്ലോർ ചെയ്യുന്നതിൽ അവൾ പൂർണ്ണമായും സംതൃപ്തയല്ലെന്നും അവർ പറഞ്ഞു.
ഗോവ: 8/10
ഗോവയെ സ്വാതന്ത്ര്യം എന്ന് വിളിച്ച എമ്മ, യാത്രക്കാർക്ക് സ്വതന്ത്രമായി വസ്ത്രം ധരിക്കാൻ കഴിയുന്ന തുറന്ന മനസ്സുള്ള സംസ്കാരത്തെ പ്രശംസിച്ചു. എന്നിരുന്നാലും, രാത്രിയിൽ ബീച്ചുകളിൽ ഒറ്റയ്ക്ക് നടക്കുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. പകൽസമയത്ത് ഗോവ പറുദീസയാണെന്നും അവർ കൂട്ടിച്ചേർത്തു.
കേരളം: 9/10
ശാന്തവും, വൃത്തിയുള്ളതും, സാംസ്കാരികമായി സമ്പന്നവുമായ കേരളത്തെയാണ് എമ്മ കൂടുതൽ പ്രശംസിച്ചത്. പ്രാദേശികർ മാന്യരാണ്, ഗതാഗതവും സുരക്ഷിതം. കേരളത്തിന്റെ മന്ദവും ആതിഥ്യമര്യാദയും നവോന്മേഷദായകമാണെന്ന് എമ്മ പറഞ്ഞു. ഇന്ത്യയിൽ ഒറ്റയ്ക്ക് സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും എമ്മ പറഞ്ഞു.
