ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് കോമ്പൗണ്ടിലേക്ക് ഇന്ന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം: വസന്തോത്സവം, ന്യൂ ഇയര്‍ ലൈറ്റിംഗ് എന്നിവയിലേക്കായി കനകക്കുന്ന് കോമ്പൗണ്ടിലേയ്ക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിൽ ഇന്ന് വൈകുന്നേരം 2 മണിക്കൂറോളം നിയന്ത്രണം ഏർപ്പെടുത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാൽ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ഡിസംബർ 29) വൈകിട്ട് 7 മണിയ്ക്കാണ് തിരുവനന്തപുരത്ത് എത്തുക. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോമ്പൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ (ഡിസംബർ 30) രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നും തിരികെ പോകും.


