സാമൂഹ്യ മാധ്യമങ്ങൾക്ക് വേണ്ടിയുള്ള യാത്രകൾക്ക് പകരം, കേരളത്തിൻ്റെ സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കുന്ന 'മൈൻഡ്‌ഫുൾ ട്രാവൽ' പ്രോത്സാഹിപ്പിക്കുകയാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കേരളത്തിലൂടെയുള്ള യാത്ര അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര പ്രചാരണവുമായി കേരള ടൂറിസം. യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ' (ട്രാവല്‍ നൗ, പോസ്റ്റ് ലേറ്റര്‍) എന്ന ഡിജിറ്റല്‍ പ്രചാരണത്തിന് തുടക്കമായി. സംസ്ഥാനത്തിന്‍റെ തനത് പ്രകൃതി സൗന്ദര്യവും പൈതൃകവുമെല്ലാം മനസറിഞ്ഞ് ആസ്വദിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സാമൂഹ്യ മാധ്യമങ്ങളില്‍ ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി മാത്രമായി വിനോദയാത്രകള്‍ ഒതുങ്ങിപ്പോകുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും യഥാര്‍ത്ഥ യാത്രാനുഭവം അറിയുന്നതിനുമാണ് പുതിയ പ്രചാരണ പരിപാടി. ആഗോളതലത്തില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി മാത്രമായി യാത്രകള്‍ ഒതുങ്ങിപ്പോകുന്ന രീതി വ്യാപകമാവുകയാണ്. സമൂഹ മാധ്യമ ഉള്ളടക്കത്തിനു വേണ്ടി മാത്രമായി യാത്രകള്‍ മാറുമ്പോള്‍ സ്ഥലങ്ങള്‍, ജനത, അനുഭവങ്ങള്‍ എന്നിവ നഷ്ടമാവുകയാണ്.

എന്നാല്‍ വൈകാരികമായി യാത്രകളെ കാണുന്നവരും ഉയര്‍ന്നു വരുന്നുണ്ട്. സാര്‍ഥകവും സൗഖ്യകേന്ദ്രീകൃതവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവരും വര്‍ധിച്ചു വരികയാണ്. ഈ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താനായാണ് കേരള ടൂറിസം യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ എന്ന പ്രചാരണവുമായി മുന്നോട്ടു വരുന്നത്. ഇതിനായി https://travelnowpostlater.com എന്ന മൈക്രോസൈറ്റും പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രമേയത്തിനെ പിന്തുണയ്ക്കുന്ന സേവനങ്ങള്‍ മൈക്രോ സൈറ്റ് വഴി ലഭ്യമാക്കും.

ആഗോള ടൂറിസം ലോകത്തെ ചെറിയ മാറ്റങ്ങള്‍ പോലും സ്വാംശീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രചാരണങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിലുള്ള കേരള ടൂറിസത്തിന്‍റെ നേതൃപരമായ കഴിവാണ് ഇതിലൂടെ വെളിവാകുന്നത്. യാത്രയുടെ പ്രാധാന്യം, മനസുടക്കി നില്‍ക്കുന്ന ടൂറിസം സവിശേഷതകള്‍, പ്രാദേശിക സംസ്ക്കാരത്തിനോടും പ്രകൃതിയോടും കാണിക്കേണ്ട ബഹുമാനം തുടങ്ങിയവയെല്ലാം പ്രചാരണത്തിന്‍റെ ഭാഗമാകും.

ആഗോള മേഖലയിലെ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി മൈന്‍ഡ് ഫുള്‍ ട്രാവല്‍ എന്ന പ്രചാരണം മുന്നോട്ടു വച്ചതിലൂടെ കേരളം മാതൃകയായിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനുഭവങ്ങളില്‍ മുഴുകുന്ന, സമൂഹവുമായി മാനസികമായി ആത്മബന്ധം രൂപപ്പെടുത്തുന്ന യാത്രാനുഭവം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.