ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ് പെരിയാർ കടുവാ സങ്കേതം. 

തേക്കടി എന്ന് കേൾക്കുമ്പോൾ തന്നെ വന്യമൃ​ഗങ്ങളാണ് സന്ദ‍‌ർശകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് തേക്കടിയുടെ പ്രധാന സൗന്ദര്യം. തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പേരുകേട്ടതാണ്.

171 ഇനം പുല്ലു വർഗ്ഗങ്ങളും 143 ഇനം ഓർക്കിഡുകളും ഉൾപ്പെടെ 1965 ൽപ്പരം തരം പൂച്ചെടികൾ പെരിയ‍ാർ കടുവാ സങ്കേതത്തിൽ വളരുന്നുണ്ട്. പെഡകാർപസ് വോളീഷ്യാനസ് എന്ന ശാസ്ത്രനാമമുള്ള കോണിഫർ എന്നറിയപ്പെടുന്ന സസ്യം ദക്ഷിണേന്ത്യയിൽ പെരിയാർ ടൈഗർ റിസർവിന്റെ കാടുകളിൽ മാത്രം വളരുന്നവയാണ്. ഏഷ്യൻ ആന, ബംഗാൾ കടുവ, കാട്ടുപോത്ത്, മ്ലാവ്, ചെന്നായ്, പുള്ളിപ്പുലി, കേഴ മാൻ, നീർ നായ മുതലായ 60 ൽപ്പരം സസ്തനികളും 265 ഇനം പക്ഷികളും ഇവിടെയുണ്ട്. ഉയർന്ന കൽക്കൂട്ടങ്ങളിൽ വരയാടുകളും ഉൾവനങ്ങളിൽ സിംഹവാലൻ കുരങ്ങുകളും കാണപ്പെടുന്നു. കോഴിവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കാട്ടുഞ്ഞാലി എന്നീ പക്ഷികൾക്കു പുറമേ പലതരം കാക്കകളും മരംകൊത്തികളും കുരുവികളും ചിലപ്പൻ പക്ഷികളും മനോഹരമായ തീക്കാക്കകളും ഇവിടെ ധാരാളമുണ്ട്. 

മൂര്‍ഖന്‍, അണലി, വള്ളിക്കെട്ടൻ എന്നീ വിഷപ്പാമ്പുകൾക്ക് പുറമേ വിഷമില്ലാത്ത പാമ്പുകളും ഉടുമ്പുകളും ഈ പ്രദേശത്ത് കാണപ്പെടുന്നുണ്ട്. പച്ചത്തവള, മണവാട്ടിത്തവള, മരത്തവള തുടങ്ങിയ വിവിധ തരം തവളകളും പലതരം മണ്ണിരകളും ഇവിടുത്തെ സാധാരണ കാഴ്ചയാണ്. തേയില, ഏലം, കുരുമുളക്, കാപ്പി മുതലായ തോട്ടങ്ങൾ ടൈഗർ റിസർവ്വിനു സമീപത്തായി ഉണ്ട്. വന്യജീവികളെ അടുത്തു കാണുന്നതിനും നിരീക്ഷിക്കുന്നതിനുമായി പെരിയാർ ടൈഗർ റിസർവിനുള്ളിൽ ഏതാനും വാച്ച് ടവറുകളും ഉണ്ട്. ഇതിലേയ്ക്കുള്ള റിസർവേഷൻ തേക്കടിയിലെ ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നടത്താം. 

READ MORE: വനം വകുപ്പിൽ ഒരു ജോലിയാണോ സ്വപ്നം? അതും പി.എസ്.സി പരീക്ഷ ഇല്ലാതെ! എങ്കിൽ ഇതാ അവസരം!