ഗിറിൽ കണ്ട സിംഹങ്ങളുടെ ചിത്രങ്ങളെല്ലാം പ്രധാനമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലോക വന്യജീവി ദിനത്തിൽ ഗുജറാത്തിലെ ഗിർ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗിറിൽ അദ്ദേഹം ലയൺ സഫാരി നടത്തി. ചില മന്ത്രിമാരും മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
"ഇന്ന് രാവിലെ, ലോക വന്യജീവി ദിനത്തിൽ ഞാൻ ഗിറിൽ ഒരു സഫാരി നടത്തി. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ഗംഭീരമായ ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഗിറിലേക്ക് വരുമ്പോൾ ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചെയ്ത പ്രവർത്തനങ്ങളുടെ നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്. ഇതിനാവശ്യമായ കൂട്ടായ ശ്രമങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യാറ്റിക് സിംഹത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും പരിസര പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് ഒരുപോലെ പ്രശംസനീയമാണ്. ഭാവിയിൽ നിങ്ങൾ എല്ലാവരും ഗിർ സന്ദർശിക്കാൻ വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു". മോദി എക്സിൽ കുറിച്ചു.
2013 ഡിസംബർ 20-നാണ് യുഎൻ പൊതുസഭയുടെ 68-ാമത് സെഷൻ ലോകത്തിലെ വന്യജീവികളെയും സസ്യജാലങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി മാർച്ച് 3 ലോക വന്യജീവി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
READ MORE: കോട പടരും, കുളിരേറും; കൊടൈക്കനാലിനേക്കാൾ ഒരു പടി മുകളിൽ, വേനലിലും തണുപ്പിക്കും കൂക്കാൽ
