സമുദ്രനിരപ്പിൽ നിന്ന് 6,879 അടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന അ​ഗസ്ത്യാർകൂടം കീഴടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

'രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളിൽ കരേറാം
നാരായ ബിന്ദുവിൽ അഗസ്ത്യനെ കാണാം'
(അഗസ്ത്യ ഹൃദയം - മധുസൂദനൻ നായർ)

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ ട്രക്കിം​ഗ്..ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു വിസ്മയ ഭൂമി. പറഞ്ഞുവരുന്നത് അ​ഗസ്ത്യമുനി തപസിരുന്നതായി വിശ്വസിക്കപ്പെടുന്ന അ​ഗസ്ത്യാർകൂടത്തെ കുറിച്ചാണ്. വിശ്വാസവും ഭക്തിയും സമന്വയിക്കുന്ന, വിജനതയുടെയും സഹാസികതയുടെയും വന്യസൗന്ദര്യത്തിലേയ്ക്കുള്ള ഒരു മായിക യാത്ര. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി അ​ഗസ്ത്യാർകൂടം കയറണമെന്ന ആ​ഗ്രഹം മനസിൽ കൊണ്ടുനടക്കുന്നു. എന്നാൽ, പാസ് ലഭിക്കുക എന്നത് ട്രക്കിം​ഗിനേക്കാൾ വെല്ലുവിളിയുള്ള കാര്യമായതിനാൽ പലപ്പോഴും ലഭിച്ചില്ല. ഇത്തവണ ഒപ്പം അഞ്ച് സുഹൃത്തുക്കൾ കൂടി ചേർന്നു. ഓൺലൈൻ ടിക്കറ്റിന് ശ്രമിക്കാതെ ഓഫ് ലൈൻ ടിക്കറ്റ് തരപ്പെടുത്തിയെടുത്തു. പിന്നെ ദിവസങ്ങൾ എണ്ണിയുള്ള കാത്തിരിപ്പ്. യാത്രയുടെ ദിവസം അടുത്തുവരുംതോറും ആകാംക്ഷ വാനോളം ഉയർന്നു. യാത്രയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ കിലോ മീറ്ററുകൾ നടന്നു പരിശീലിച്ചു. ഒടുവിൽ ആ ദിവസം വന്നെത്തി. 

രാവിലെ 6 മണിയോടെ ബോണക്കാട് പിക്കറ്റ് സ്റ്റേഷൻ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ ഒഴികെ മറ്റാരെയും മുൻകാല പരിചയമുണ്ടായിരുന്നില്ല. എന്നാൽ, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വർഷങ്ങളായുള്ള ബന്ധമുണ്ടെന്ന് തോന്നിക്കുന്ന അടുപ്പം എല്ലാവരിലും ഉണ്ടായി. 9.30ഓടെ ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലെത്തി. സീസണായതിനാൽ നല്ല തിരക്കുണ്ടായിരുന്നു.

മലകയറ്റത്തിൽ കുത്തിനടക്കാൻ പാകത്തിനുള്ള ഒരു വടി സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം ബാ​ഗ് പരിശോധനയുടെ സമയം. പ്ലാസ്റ്റിക്കോ പ്രകൃതിയ്ക്ക് ഹാനികരമായതോ ആയ ഒന്നും അകത്തേയ്ക്ക് കൊണ്ടുപോകാൻ അനുമതിയില്ല. പരിശോധന പൂർത്തിയായതോടെ ​ഗൈഡിനൊപ്പം അ​ഗസ്ത്യാർകൂടത്തിലേയ്ക്കുള്ള ട്രംക്കിം​ഗിന് തുടക്കമായി.

പശ്ചിമഘട്ടത്തിലെ സഹ്യാദ്രി പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ (6879 അടി) ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന അ​ഗസ്ത്യാർകൂടം കീഴടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു മനുഷ്യനെ പരീക്ഷിക്കാൻ ആവശ്യമായ എല്ലാം പ്രകൃതി ഇവിടെ ഒളിച്ചുവെച്ചിട്ടുണ്ട്. കല്ലുകളും പാറകളും വേരുകളും കയറ്റവും ഇറക്കവും കാട്ടരുവികളും താണ്ടി വേണം അ​ഗസ്ത്യാർകൂടത്തിലെത്താൻ.

നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഇവിടുത്തെ പ്രത്യേകതയാണ്. മറ്റെവിടെയും കാണാൻ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുടെ വിളനിലം കൂടിയാണ് ഇവിടം. ആയിരക്കണക്കിന് അപൂർവവും അതുല്യവുമായ ഔഷധ സസ്യങ്ങളുടെ ഒരു കലവറയാണ് അഗസ്ത്യാർകൂടം. അഗസ്ത്യാർകൂടത്തിലെ വായുവിന് തന്നെ രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഔഷധസസ്യങ്ങളുടെ സമ്പന്നമായ ശേഖരത്തിന് പുറമേ, ആന, കാട്ടുപോത്ത്, പുള്ളിപ്പുലി, കടുവ, കരടി, മാൻ, മലബാർ അണ്ണാൻ തുടങ്ങിയ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിത്. 

അതിരുമല ബേസ് ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ഒന്നാം ദിവസത്തെ യാത്ര. പിക്കറ്റ് സ്റ്റേഷനിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട് ബേസ് ക്യാമ്പിലേയ്ക്ക്. ലാത്തിമൊട്ടയും വാഴപൈന്തിയാറും കരമനയാറും അട്ടയാറും കടന്ന് വേണം അതിരുമലയിലെത്താൻ. ഒരു പുഴയുടെ ഉത്ഭവം എങ്ങനെയാണെന്ന് നേരിൽ കണ്ടറിഞ്ഞ നിമിഷങ്ങൾ. ഇവിടങ്ങളിൽ നിന്ന് കുപ്പികളിൽ വെള്ളം നിറയ്ക്കുകയും ക്ഷീണമകറ്റാൻ കുളിക്കേണ്ടവർക്ക് കുളിക്കുകയും ചെയ്യാം. റഫ്രിജറേറ്ററിലെ വെള്ളത്തിന്റെ തണുപ്പിനെ വെല്ലുന്ന തണുപ്പായിരുന്നു ഓരോ കാട്ടരുവികളിലെയും വെള്ളത്തിന്.

പോകുന്ന വഴിയ്ക്കുള്ള ഒരു വെള്ളച്ചാട്ടത്തിൽ നിന്ന് കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് വിശ്രമിച്ച ശേഷം പുൽമേട് ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചു. അ​ഗസ്ത്യാ‍ർകൂടം പോയവരെല്ലാം ഒരേ സ്വരത്തിൽ കഠിനമെന്ന് വിശേഷിപ്പിക്കുന്ന പുൽമേട്. പോകുന്ന വഴികളിലെല്ലാം പുൽമേടിന്റെ വിദൂരദൃശ്യങ്ങൾ തെളിഞ്ഞുവന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ മുമ്പ് അഗസ്ത്യാർകൂടം കയറിയിട്ടുള്ളതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. വരാൻ പോകുന്നത് എന്ത് എന്ന് വ്യക്തമായ ചിത്രം ഓരോ ഘട്ടത്തിലും ലഭിച്ചു. 

ഉച്ച സമയമായതിനാൽ നടത്തത്തിന് കാഠിന്യമേറി. ആവശ്യത്തിന് വിശ്രമിച്ച് മുന്നോട്ട് നടന്നു. മരത്തണലില്ലാത്തതിനാൽ തന്നെ പുൽമേട് താണ്ടുകയെന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. പുൽമേട് കഴിഞ്ഞാൽ അതിരുമലയിലേയ്ക്ക് എത്താൻ വീണ്ടും കാഠിന്യമേറിയ വനപാത നടന്നുകയറണം. ഏകദേശം 6 കിലോ മീറ്ററോളം കയറ്റമാണ്. മുട്ടിടിച്ചാന്‍ തേരി എന്ന് വിളിക്കുന്ന പാതയും കടന്ന് ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളിലൂടെയുള്ള യാത്ര അൽപ്പം ക്ലേശകരമായി തോന്നി. പലപ്പോഴും ഇനി അടുത്ത കാലത്തൊന്നും ഇവിടേയ്ക്ക് വരില്ലെന്ന് ചിന്തിക്കേണ്ട സാഹചര്യം പോലുമുണ്ടായി. അതിരുമലയിലെ കട്ടൻ ചായയും കടിയും കഴിക്കുക എന്നതായി പിന്നീടുള്ള ലക്ഷ്യം.

വൈകുന്നേരം 6 മണിയോടെ അതിരുമലയിലെത്തി. ഇവിടെയാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. ആഗ്രഹിച്ച പോലെ കട്ടൻ ചായ കിട്ടിയെങ്കിലും കടികൾ കഴിഞ്ഞിരുന്നു. തുടർന്ന് കിടക്കാനുള്ള സ്ഥലം തരപ്പെടുത്തിയെടുത്തു. ബാഗ് ഇറക്കി വിശ്രമിച്ചു. ആദ്യത്തെ ദിനം രാത്രി കഞ്ഞിയായിരുന്നു ഭക്ഷണം. നടത്തത്തിന്റെ ക്ഷീണം കാരണം എല്ലാവരും ആവശ്യത്തിലേറെ കഞ്ഞി കുടിച്ചു. ബേസ് ക്യാമ്പിന് സമീപമുള്ള ഒരു പോയിന്റിൽ മാത്രമേ ഫോണിൽ റേഞ്ച് ലഭിക്കൂ. അതിനാൽ എല്ലാവരും ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്നത് രസകരമായ കാഴ്ചയായിരുന്നു. നല്ല തണുത്ത കാലാവസ്ഥയ്ക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. അക്ഷരാ‍ർത്ഥത്തിൽ കിടുകിടാ വിറച്ചു. 9 മണിയോടെ ക്യാമ്പിലെ ലൈറ്റുകൾ അണച്ചു. അഗസ്ത്യാർകൂടം കീഴടക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു എന്ന് ആശ്വസിച്ചുകൊണ്ട് ഗാഢനിദ്രയിലേയ്ക്ക്. 

രണ്ടാം ദിനം അതിരാവിലെ തന്നെ എഴുന്നേറ്റു. ബേസ് ക്യാമ്പിന് പുറത്ത് നിന്ന് അ​ഗസ്ത്യാ‍‍‍ർകൂടത്തിന്റെ ദൂരക്കാഴ്ച ആസ്വദിച്ചു. ആകെ 6 കിലോ മീറ്ററാണ് നടക്കാനുണ്ടായിരുന്നത്. കഠിനവും സാഹസികവുമായ യാത്രയാണ് രണ്ടാം ദിനം സഞ്ചാരികളെ കാത്തിരിക്കുന്നത്. ആവശ്യമുള്ള സാധനങ്ങൾ മാത്രം ബാഗിലാക്കി രാവിലെ 8 മണിയോടെ അഗസ്ത്യാർകൂടത്തിലേയ്ക്കുള്ള യാത്ര തുടങ്ങി. ആദ്യ ദിനത്തിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തന്നെ യാത്രയ്ക്ക് കാഠിന്യമേറി. തലേ ദിവസത്തെ ക്ഷീണവും കൂടിയായപ്പോൾ അത് ശാരീരികമായി വലിയ വെല്ലുവിളിയാണ് നൽകിയത്.

പകുതി വഴി എത്തുമ്പോൾ ഒരു ജലാശയമുണ്ട്. ഇവിടെയാണ് എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുന്നത്. ആവശ്യത്തിനുള്ള ചിത്രങ്ങൾ പകർത്തിയ ശേഷം ഇടതൂർന്ന വനമേഖലയിലൂടെ മുന്നോട്ട് നടന്നു. പോകുന്ന വഴികളിൽ പലയിടത്തും കയറുകളിലും വടങ്ങളിലും പിടിച്ചു വേണം മുകളിലേയ്ക്ക് കയറാൻ. അവസാന 2 കിലോ മീറ്ററാണ് ഏറ്റവും സാഹസികത നിറഞ്ഞ കയറ്റം. വടത്തിന്റെ സഹായത്തോടെ 90 ഡിഗ്രി ചെരിവുള്ള പാറക്കെട്ട് കയറുമ്പോൾ വിദൂരതയിൽ അതിരുമല ബേസ് ക്യാമ്പ് കണ്ടു. ഇത്രയും ദുരം താണ്ടിയല്ലോ എന്ന ആശ്ചര്യവും അഭിമാനവും ഒരുപോലെ മനസിൽ നിറഞ്ഞു.

അഗസ്ത്യാർകൂടത്തിന്റെ മുകളിലെത്തിയതോടെ രണ്ട് ദിവസം നേരിട്ട ബുദ്ധിമുട്ടുകൾക്കെല്ലാമുള്ള ഫലം ലഭിച്ചു. അത്രയേറെ അവിശ്വസനീയമായ കാഴ്ചകളാണ് കൺമുന്നിൽ തെളിഞ്ഞത്. ക്ലൗഡ് ബെഡും മലനിരകളും പച്ചപ്പുമെല്ലാം ഒറ്റ ഫ്രെയിമിൽ. അഗസ്ത്യാർകൂടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം. ഏറ്റവും മുകളിൽ അഗസ്ത്യമുനി തപസിരുന്നതായി വിശ്വസിക്കുന്ന സ്ഥലത്ത് ഒരു വിഗ്രഹം കാണാം. വെയിലുണ്ടായിരുന്നെങ്കിലും വീശിയടിച്ച ശക്തമായ കാറ്റ് എല്ലാ ക്ഷീണവും തുടച്ചുമാറ്റിക്കൊണ്ടേയിരുന്നു.

പഞ്ചപാണ്ഡവമല എന്നറിയപ്പെടുന്ന മലയും പേപ്പാറ റിസർവോയറും നെയ്യാർ റിസർവോയറും തമിഴ്നാട്ടിലെ പാപനാശവും തിരുനെൽവേലിയുമെല്ലാം അഗസത്യാർകൂടത്തിന് മുകളിൽ നിന്നാൽ കാണാൻ കഴിയും. ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി മുകളിലുള്ളവരെ താഴേയ്ക്ക് ഇറക്കി. ലോകം കീഴടക്കിയ സന്തോഷവും കൊണ്ടാണ് ഏറ്റവും അവസാനക്കാരായി മലയിറങ്ങിയത്. വൈകുന്നേരത്തോടെ അതിരുമലയിൽ തിരിച്ചെത്തുക എന്നതിന് പുറമെ ആദ്യ ദിനം നഷ്ടപ്പെട്ട കടികൾ സ്വന്തമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവും ഉണ്ടായിരുന്നു. മൂന്ന് പേർ ആദ്യം അതിരുമലയിലെത്തി കടികൾ പാഴ്സലാക്കി. തിരിച്ചെത്തിയ ശേഷം എല്ലാവരും ഒരുമിച്ചിരുന്നുള്ള ചായ കുടിയും അത്താഴവുമെല്ലാം ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. 

മൂന്നാം ദിനം രാവിലെ തന്നെ വളരെ സമാധാനപരമായി ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. എല്ലാവരും നല്ല ക്ഷീണിതരും ശാരീരികമായി പല ബുദ്ധിമുട്ടുകളും നേരിടുന്നുമുണ്ടായിരുന്നു. ആവശ്യത്തിന് വിശ്രമിച്ച് അതിരുമലയിലെത്തുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. പിക്കറ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സെൽഫിയുമെടുത്തു.

പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒന്നിക്കുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൊന്നിന്റെ ഓര്‍മ്മകളെ മനസ്സില്‍ താലോലിച്ചുകൊണ്ട് മടങ്ങുമ്പോൾ മനസ് വീണ്ടും മന്ത്രിച്ചു, ഇനിയൊരിക്കൽ കൂടി ഇവിടേയ്ക്ക് മടങ്ങിവരണം...

READ MORE: പശ്ചിമഘട്ടത്തിലെ കാഴ്ചകളുടെ പറുദീസ; മൂന്നാറും വയനാടുമല്ല, ഇവിടം സ്വർഗമാണ്!