Asianet News MalayalamAsianet News Malayalam

സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

My teacher Nadeer kadavathoor
Author
Thiruvananthapuram, First Published Nov 15, 2017, 5:13 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

My teacher Nadeer kadavathoor

കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയായിരുന്നു സ്‌കൂള്‍. ബസിലെ തിരക്കില്‍ നിന്നൊഴിവാകാന്‍ കാലത്തെ എഴുന്നേറ്റ്, എട്ട് മണിയുടെ ബസിനു തന്നെ സ്‌കൂളിലേക്ക് പോവുമായിരുന്നു.  സെക്കന്റ് ലീഡറായതിനാല്‍  ക്ലാസ്സില്‍ നേരത്തെ എത്തുകയും വേണം. 

ഒരു ദിവസം ക്ലാസ്സില്‍ നേരത്തെ എത്തി ലീഡറെന്ന നിലക്ക് ക്ലാസു വൃത്തിയാക്കാന്‍ നേതൃത്വം നല്‍കുന്നതിനിടെയാണ് ഞാനത് ശ്രദ്ധിച്ചത്. കൂട്ടുകാരന്‍ ഇഫ്‌നാസ് ബെഞ്ചില്‍ തലയും വെച്ചു കിടക്കുന്നു. എന്നിലെ ലീഡര്‍ ഉണര്‍ന്നു. ഞാന്‍ ഇഫ്‌നാസിനടുത്തെത്തി കാര്യമന്വേഷിച്ചു. അവന്‍ ബെഞ്ചില്‍ നിന്നും തലയുയര്‍ത്തി. മുഖമാകെ വീങ്ങിയിരിക്കുന്നു. 'എന്തു പറ്റിയെടാ?' ഞാന്‍ ചോദിച്ചു. 'മുണ്ടി വീക്കമാ..' വേദന കൊണ്ട് വായ അടച്ചു പിടിച്ച്, മറുപടി പറഞ്ഞ് അവന്‍ വീണ്ടും കിടന്നു.

ഞാന്‍ ഉടനടി സ്റ്റഫ് റൂമിലേക്ക് പോയി, ക്ലാസ് ടീച്ചറായ റജില ടീച്ചറോട് കാര്യം പറഞ്ഞു. ടീച്ചര്‍ വേഗം ക്ലാസിലേക്കു വന്നു. ഇഫ്‌നാസിനെ പരിശോധിച്ചു. മുഖം വല്ലാതെ വീങ്ങി വരുന്നുണ്ട്. വേദന അവന്റെ കണ്ണുകളില്‍ നിന്ന് മനസ്സിലാകുന്നുമുണ്ട്. ക്ലാസിലിരിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കിയ ടീച്ചര്‍ അവനെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം ഫസ്റ്റ് ലീഡര്‍ അഫ്‌സലിനേയും സെക്കന്റ് ലീഡറായ എന്നേയും ഏല്‍പ്പിച്ചു. ചിലവിനുള്ള കാശും തന്നു. 

മനസ്സില്‍ ലഡു പൊട്ടിയ നിമിഷമായിരുന്നു അത്. ക്ലാസു നടക്കുന്ന സമയത്ത് ക്ലാസിലിരിക്കാതെ ടീച്ചറുടെ അനുമതിയോടെ പുറത്തിറങ്ങാന്‍ പറ്റുക എന്നുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം പോലെയായിരുന്നു എല്ലാവരും കണ്ടിരുന്നത്. അത് കൊണ്ട് തന്നെ സ്‌പോര്‍ട്‌സെന്നോ യുവജനോത്സവമെന്നോ ക്ലബ്ബുകളുടെ പരിപാടിയെന്നൊക്കെ പറഞ്ഞ് ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങല്‍ ഏവരുടേയും സ്വപ്‌നമായിരുന്നു.

ഞാനും അഫ്‌സലും ഇഫ്‌നാസിനേയും കൊണ്ട് പെരിങ്ങത്തൂരില്‍ നിന്ന് വടകര ബസ്സു കയറി. വടകരക്കടുത്ത് കണ്ണൂക്കരയിലാണ് അവന്റെ വീട്. ഒരു പതിനൊന്നര മണിയായിക്കാണും വീട്ടിലെത്താന്‍. തിരിച്ചു വേഗം സ്‌കൂളിലെത്തണമെന്ന് ഇഫ്‌നാസിന്റെ ഉമ്മയോട് പറഞ്ഞപ്പോഴാണ് ഇനി തിരിച്ചു രണ്ടു മണിക്കേ ബസ്സുള്ളൂവെന്ന കാര്യം ഇഫ്‌നാസ് പറയുന്നത്. ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവന്റെ ഉമ്മയുണ്ടാക്കിയ സ്വാദൂറും ഭക്ഷണവും കഴിച്ച് വിശ്രമവും കഴിഞ്ഞ് രണ്ടു മണിയോടടുത്ത് ബസ് സ്‌റ്റോപ്പിലെത്തി. ട്രോളിംഗ് തീരുന്നതിനാല്‍ ചോമ്പാല്‍ ഹാര്‍ബറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ലോറികളേയും നോക്കി ബസ്സ് കാത്തിരുന്നു.

ഏതോ ഒരു ബസ് സ്‌റ്റോപ്പില്‍ നിന്നുയരുന്ന ഞങ്ങളുടെ കൈകള്‍ ഒരു ബസ് ഡ്രൈവറും കണ്ടില്ല. 

രണ്ടു മണിയും, മൂന്നു മണിയും കഴിഞ്ഞിട്ടും ബസു വന്നില്ല. എന്തു ചെയ്യണമെന്നറിയാതെ അടുത്തുള്ള ഒരു കോള്‍ ബൂത്തില്‍ക്കയറി അഫ്‌സലിന്റെ ഓര്‍മ്മയില്‍ നിന്നെടുത്ത റജില ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു. ഉത്തരം ഏതോ ഒരു അണ്ണന്റെ ചീത്ത വിളിയായിരുന്നു. 

നാലു മണിയും കഴിഞ്ഞു. പെരിങ്ങത്തൂരിലേക്ക് നേരിട്ട് ബസ്സു കിട്ടില്ല എന്നു തോന്നിയപ്പോള്‍ നാഷണല്‍ ഹൈവേയിലൂടെ ചീറിപ്പായുന്ന തലശ്ശേരിയിലേക്കുള്ള ബസിനു കൈകാണിക്കാന്‍ തുടങ്ങി. പക്ഷേ സ്‌കൂള്‍ യൂനിഫോമില്‍, ആരുമില്ലാത്ത ഏതോ ഒരു ബസ് സ്‌റ്റോപ്പില്‍ നിന്നുയരുന്ന ഞങ്ങളുടെ കൈകള്‍ ഒരു ബസ് ഡ്രൈവറും കണ്ടില്ല. 

ഞങ്ങള്‍ക്ക് കയറാന്‍ ദൈവം നിശ്ചയിച്ച ബസെത്തുമ്പോഴേക്കും  സമയം നാലര കഴിഞ്ഞിരുന്നു. തലശ്ശേരിയിലിറങ്ങി അവിടെ നിന്ന് വീണ്ടും ബസ്സു കയറി പെരിങ്ങത്തൂര്‍ എത്തുമ്പോള്‍, സ്‌കൂള്‍ വിട്ട് ബസില്‍ കയറാന്‍ തിരക്കുകൂട്ടുന്ന കുട്ടികളാരും ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നില്ല. അത്രയും സമയം വൈകിയിരുന്നു. ബസ്സിറങ്ങിയ ഉടനെ ഞങ്ങള്‍ വേഗത്തില്‍ സ്‌കൂളിലേക്കോടി. 

ഗെയിറ്റിനടുത്ത് തന്നെ ഞങ്ങളേയും കാത്ത് ഒരുപാട് അധ്യാപകര്‍. സ്‌കൂള്‍ ബസ്സുകാത്തു നില്‍ക്കുന്ന പെണ്‍കുട്ടികളെല്ലാം അത്ഭുത ജീവികളെ കണ്ടപോലെ ഞങ്ങളെത്തന്നെ നോക്കുന്നുണ്ട്. മനസ്സില്‍ ചെറിയ ഒരു പേടി ഉടലെടുക്കാന്‍ തുടങ്ങി. ലേഡീസ് സ്റ്റാഫ് റൂമിനു പുറത്ത് റജില ടീച്ചര്‍ ഞങ്ങളേയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 

ഞങ്ങളെ കണ്ട ഉടനെ ടീച്ചര്‍ ആരുമില്ലാത്ത സ്റ്റാഫ് റൂമിലേക്ക് കയറി ബാഗുമെടുത്ത് പുറത്ത് വന്നു. ഒന്നു കൂടെ ഞങ്ങളെ നോക്കി ഒന്നും പറയാതെ കണ്ണില്‍ നിന്നിറ്റി വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ സാരിത്തലപ്പു കൊണ്ടു തുടച്ച് ബസ് സ്‌റ്റോപ്പ് ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. അപ്പോഴേക്കും പകല്‍ മുഴുവനായും കടലിനടിയിലേക്ക് താഴ്ന്നു കഴിഞ്ഞിരുന്നു.

ഞങ്ങളെ കാണാത്തതില്‍ ടീച്ചറുടെ മനസ്സെത്ര നൊന്തു എന്നതിന് തെളിവായിരുന്നു മൗനത്തിലാര്‍ന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

Follow Us:
Download App:
  • android
  • ios