Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

  • സ്ത്രീകള്‍, രാത്രികള്‍ 
  • ദീപ പ്രവീണ്‍ എഴുതുന്നു
women nights Deepa praveen

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

women nights Deepa praveen

സ്ത്രീകള്‍ക്കു രാത്രികള്‍ നഷ്ടമാകുന്നുവോ? രാത്രിയിലും സുരക്ഷിതരായി ഇറങ്ങി നടക്കാന്‍ അവരാഗ്രഹിക്കുന്നുവോ? ഉവ്വ് എന്ന ഉത്തരം ആദ്യം പറഞ്ഞു കേട്ടത് എന്റെ അമ്മയടക്കമുള്ള ഒരുകൂട്ടം സ്ത്രീകളില്‍ നിന്നു തന്നെയായിരുന്നു.

80കളുടെ അവസാനത്തില്‍ കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും മധുര പളനി കൊടൈക്കനാലിനു ടൂര്‍ പോകുന്നത് പതിവായിരുന്നു. മധുരയിലേയ്ക്കുള്ള ഞങ്ങളുടെ യാത്രയും അത്തരത്തിലൊന്നായിരുന്നു. വൈഗ നദിയോ, സംഗപെരുമ പേറുന്ന നഗരമോ, കോട്ട കൊത്തളങ്ങള്‍ നിറയുന്ന അമ്പലമോ ആയിരുന്നില്ല ഞങ്ങളുടെ മനസ്സ് നിറച്ചത്. പകരം രാവേറെ ചെന്നിട്ടും ഉറങ്ങാത്ത അമ്പലത്തിനു ചുറ്റുമുള്ള തെരുവുകളിലെ ചുറ്റി ആത്മവിശ്വാസത്തോടെ നടക്കുന്ന തദേശീയരായ സ്ത്രീകളെ കണ്ടായിരുന്നു.

രാത്രി പത്തു മണികഴിഞ്ഞും കൈയില്‍ കുടവുമായി വെള്ളത്തിനു പോകുന്നവര്‍, രാത്രിയേറെ നീണ്ടിട്ടും തുറന്നിരിക്കുന്ന കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നവര്‍, സൈക്കിളില്‍ കൊച്ചു കുഞ്ഞുങ്ങളുമായി പോകുന്നവര്‍, രാത്രികള്‍ സ്വന്ത്രസഞ്ചാരം നിഷേധിക്കപ്പെടാത്തവര്‍!

ഇരുട്ടി തുടങ്ങുമ്പോള്‍ ഒന്നു തൊട്ടടുത്തുള്ള അമ്പലത്തില്‍ പോകാന്‍ പോലും ആണ്‍തുണ നിര്‍ബന്ധമായിരുന്ന ഞങ്ങളുടെ അമ്മമാര്‍ക്ക് രാത്രിയില്‍ ഉറക്കെ സംസാരിച്ചുകൊണ്ട് തെരുവുകളെ കീഴടക്കുന്ന സ്ത്രീകള്‍ ഒരു അത്ഭുതമായിരുന്നു.

'സന്ധ്യ കഴിഞ്ഞു എന്നെങ്കിലും നമുക്കിവരെ പോലെയോന്ന് ഇറങ്ങി നടക്കനാവുമോ?'-കൂടെയുള്ള മുതിര്‍ന്ന സ്ത്രീകള്‍ അവരെ നോക്കി സങ്കടം പറഞ്ഞു.

'കുട്ടികളുടെ കാലത്തൊക്കെ പറ്റുമായിരിക്കും' -ആരോ ആശ്വാസം കൊണ്ടു. 'നമ്മുടെ നാടും മാറുമായിരിക്കും'

എന്നാല്‍ രണ്ടു മൂന്ന് പതിറ്റാണ്ടിനിപ്പുറം സ്ത്രീകള്‍ കൂടുതല്‍ കര്‍മ്മമേഖലകളില്‍ സാന്നിദ്ധ്യമറിയിച്ചിട്ടും രാത്രികള്‍ ഇന്നും നമുക്കന്യമല്ലേ?

മറിച്ചൊന്നു പറയാന്‍ സ്വന്തം അനുഭവങ്ങള്‍ പോലും കൂട്ടില്ല.

അഭിഭാഷകയായി കോടതിയില്‍ പോയി തുടങ്ങിയത് ഏറെ ആഗ്രഹത്തോടും അഭിമാനത്തോടുമാണ്. എന്നാല്‍ ഏതൊരു ജുനിയര്‍ വക്കീലിന്റെയും കരിയറിന്റെ തുടക്കമെന്നത് പോലെ സ്ഥിരവരുമാനം അന്ന് ഒരു മരീചിക മാത്രമായിരുന്നു. ആ കാലത്ത് ജൂനിയര്‍ വക്കീലന്മാരുടെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗം കോടതി സിവില്‍ കേസുകളില്‍ തര്‍ക്ക സ്ഥലം കണ്ടു സ്ഥിതിവിവരങ്ങള്‍ തിട്ടപ്പെടുത്താന്‍ നിയോഗിക്കുന്ന കമ്മീഷനാകുമ്പോള്‍ കിട്ടുന്ന കമ്മീഷന്‍ ബത്ത മാത്രമായിരുന്നു. 

അന്ന് കോടതി അത് നല്‍കിയിരുന്നത് ആ സമയത്തു കോടതിയില്‍ ഹാജരായിരുന്ന ജൂനിയര്‍ അഭിഭാഷകരില്‍ ആര്‍ക്കെങ്കിലും ആയിരിക്കും. ഇതിനായി വൈകുന്നേരം കോടതി പിരിയും വരെ കാത്തിരിക്കണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കമ്മീഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടുമ്പോള്‍ സമയം സന്ധ്യയാകും. സംഭവത്തിന്റെ ഗൗരവം അനുസരിച്ചു മതില് പൊളിക്കുന്നിടത്തോ, റോഡ് വെട്ടുന്നിടത്തോ എത്തി സ്ഥലം കണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കി മടങ്ങുമ്പോള്‍ നേരം ഇരുട്ടും.

തിരിച്ചു നാട്ടില്‍ രാത്രി വണ്ടി ഇറങ്ങുമ്പോള്‍ അടക്കിയ സ്വരം കേള്‍ക്കാം. :കോടതിയൊക്കെ അഞ്ച് മണിക്കേ അടക്കത്തില്ലയോ.ഈ നേരം കെട്ട നേരത്ത് എന്ത് കോടതി?'

അതേ ഒരു യുവ അഭിഭാഷകയ്ക്ക് രാത്രി എട്ടു മണി അന്ന് നേരം കേട്ട നേരമായിരുന്നു!

സുഹൃത്തിന്റെ അനിയന്‍ ഒരു കേസില്‍പ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ ആയപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നു. അന്നേരം സമയം രാത്രി 9.30. ചോദ്യം ഇതായിരുന്നു: 'വക്കീലെ ഈ പാതിരായ്ക്ക് വക്കീല് വരണാരുന്നോ..ഓഫീസില്‍ ഉള്ള വേറെ ആരെയെങ്കിലും പറഞ്ഞു വിട്ടാല്‍ പോരാരുന്നോ?' 

ഈ ചോദ്യത്തിലും ഒളിച്ചിരുന്നത് സ്ത്രീയോടുള്ള കരുതലിനെക്കാളേറെ രാത്രിയില്‍ 'ഇറങ്ങി നടന്ന' പെണ്ണിനോടുള്ള കുറ്റപ്പെടുത്തലായിരുന്നു.

പിന്നെയും ജോലി സംബന്ധമായോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഇരുട്ടുവീണിട്ട് സഞ്ചരിക്കേണ്ടി വന്നിരുന്നു. അപ്പോഴൊക്കെ ചുറ്റിനും ഉയരുന്ന അടക്കം പറച്ചിലുകള്‍ കേട്ടിട്ടുണ്ട്. കേട്ടതിനെ അവഗണിച്ചു തന്നെ മുന്നോട്ടുപോയിട്ടുണ്ട്. ഉള്ളില്‍ കരഞ്ഞിട്ടുണ്ട് പലപ്പോഴും.

അങ്ങനെയാണ് ഞാന്‍ പോലും അറിയാതെ എന്നില്‍ രാത്രി യാത്രകളോടുള്ള പേടി (socio geographical fear for night) വളര്‍ന്നത്. 

രാത്രി യാത്ര എന്നത് സ്ത്രീക്ക് അപകടകരമായ ഒന്നാണെന്ന് പല തരം പറച്ചിലുകളിലൂടെയും സാരോപദേശങ്ങളിലൂടെയും സംഭവ വിവരണങ്ങളിലൂടെയും ഉ്ള്ളില്‍ പതിയുകയായിരുന്നു. പിന്നെ മുറിയ്ക്കകത്തെ ആ വെള്ള ആനയെ പോലെ ഇതെല്ലാം മനസ്സില്‍ വെച്ച്, ഞാന്‍ തന്നേ ഊഹിച്ചു കൂട്ടുന്ന ഒരു പാട് കാര്യങ്ങളിലൂടെ ഞാന്‍ എനിക്ക് രാത്രി യാത്രകള്‍ നിഷേധിക്കാന്‍ തുടങ്ങി. അതു ഒരു പാട് അവസരങ്ങളുടെ നിഷേധം കൂടിയായിരുന്നു.

അതേ ഒരു യുവ അഭിഭാഷകയ്ക്ക് രാത്രി എട്ടു മണി അന്ന് നേരം കേട്ട നേരമായിരുന്നു!

ആയിടയ്ക്ക് പത്രത്തിലെ ഒരു പരസ്യം കാണിച്ചു തന്നത് റൂം മേറ്റ് നിഷയാണ്. 'ദേ നിനക്ക് ഫോട്ടോഗ്രഫി ഇഷ്ടമല്ലേ. പ്രസ് ക്ലബ്ബില്‍ ഫോട്ടോ ജേണലിസം  ഈവനിങ്ങ് കോഴ്‌സ് തുടങ്ങുന്നുണ്ട്. നീ ചേരുന്നോ?'

'രാത്രിയാവില്ലേ ക്ലാസ് തീരാന്‍ ഞാന്‍ ഇല്ല'.

പിന്നെ നിഷയില്‍ നിന്നു കേട്ടത് നല്ല കണ്ണു പൊട്ടുന്ന ചീത്തയാണ്.

'പേടിയെ അതിജീവിക്കാന്‍ പേടിയെ അഭിമുഖീകരിക്കുക. പിന്നെ വൈകി വരുന്ന പെണ്ണിനെ കുറിച്ചു അടക്കം പറയുന്ന നാട്ടുകാരെയും വീട്ടുടമയെയും നോക്കി
മനോഹരമായി ചിരിക്കുക. അത്രയേയുള്ളൂ ചെയ്യാന്‍. പിന്നെ സൂര്യകാലടി മനയിലെ പനകളില്‍ കുടിയിരിക്കുന്ന യക്ഷിയേയും ചാത്തനെയും ഒതുക്കാന്‍ കൈയില്‍ ഒരു ചരടങ്ങ് ജപിച്ചു കെട്ടുക'.

ഒരു ചിരിയില്‍ നിഷ പറഞ്ഞു നിറുത്തിയിടത്ത് നിന്നു രാത്രികള്‍ കൂടി എന്റെ സ്വന്തമാവുകയായിരുന്നു. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന സജീവ ജീവിതത്തിന് അധികമായി കിട്ടുന്ന ഒന്നോ രണ്ടോ അധിക മണിക്കൂറുകള്‍ പോലും പുതിയ അനുഭവങ്ങള്‍ കൊണ്ട് വന്നു.

70 വയസ്സു വരെ ജീവിക്കുന്ന ഒരു പുരുഷന് ഏതാണ്ട് 30 വര്‍ഷം (മണിക്കൂര്‍ കണക്കില്‍) സജീവ സാമൂഹ്യ ജീവിതം ഉള്ളപ്പോള്‍ അതേ കാലയളവ് ജീവിക്കുന്നസ്ത്രീയുടെ സാമൂഹിക ജീവിതം അതിന്റെ പകുതിയെ വരുന്നുള്ളൂ എന്നാണു കണക്കുകള്‍ പറഞ്ഞിരുന്നത്. (ഈ കണക്കില്‍ ഇപ്പോള്‍ മാറ്റം വരുന്നു, സ്ത്രീകള്‍ കൂടുതല്‍ സമയം വീടിന്റെ നാലു ചുവരുകള്‍ക്കു പുറമേ ചിലവഴിക്കുന്നു എന്നത് ശുഭപ്രതീക്ഷ നല്‍കുന്നു). രാത്രിയാത്രകളോടുള്ള പേടി (fear), താത്പര്യമില്ലയമ (aversion) എന്നിവ സ്ത്രീകളില്‍ കൂടുതലായി കാണുന്നു.

രാത്രി വൈകി ഒരു പരിചയമില്ലാത്ത ഓട്ടോയില്‍ കയറേണ്ടി വരുമ്പോള്‍, നഗരത്തില്‍ നിന്നു പുറപ്പെടുന്ന രാത്രി വണ്ടി നാട്ടിലെത്തുന്ന സമയമാകുമ്പോള്‍, വിജന 
വഴിയില്‍ പാതി ഓടിയും നടന്നും കിതച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ അതുവരേ പിന്നില്‍ ഒരേ താളത്തില്‍ പിന്തുടര്‍ന്നത് ഒരു നായായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍,  ചിരിക്കണോ കരയണോ എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ തിരിച്ചറിയാനായി, ഒരു പേടിയുടെ ആവരണം എനിക്കു മേലുണ്ട്

ഈ പേടിയുടെ ആവരണം സമൂഹം അവള്‍ക്ക് കൊടുത്താണ്...

എന്തുകൊണ്ടാണ് സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത്? ഈ ഭയത്തിന്റെ തോത് ദേശവും സാമൂഹിക സാഹചര്യവും മാറുന്നതിനു അനുസരിച്ചു മാറുന്നുണ്ടോ?

പഠനങ്ങള്‍ പറയുന്നത് സ്ത്രീകള്‍ക്ക് എതിരെയുള്ള ക്രൂര കൃതങ്ങളുടെ തോതും (crimerate) അത് ഉടലെടുക്കുന്ന സ്ഥലവും കണക്കിലെടുത്താല്‍ രാത്രിയോ പൊതുഇടമോ (public space) നിലവിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൂട്ടുന്നില്ല എന്നാണ. തോതുവെച്ചു നോക്കിയാല്‍ സത്രീ കൂടുതലായി ആക്രമിക്കപ്പെടുന്നത് ചിരപരിചിതമായ ഇടങ്ങളില്‍ വെച്ചും പരിചിതരായ ആളുകളില്‍ നിന്നുമാണ്. എന്നിട്ടും നമ്മുടെ സമൂഹം സ്ത്രീകള്‍ക്കു രാത്രിയില്‍ പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിന്റെ കാരണമെന്താണ്?

ഈ ഭയത്തിന്റെ കാരണം അന്വേഷിക്കുന്ന സോഷ്യല്‍ ജിയോഗ്രഫി ആന്‍ഡ് മാപ്പിംഗ് ഓഫ് വിമന്‍ ഫിയര്‍ രേഖപ്പെടുത്തുന്നത്, ഒരു സ്ത്രീയ്ക്ക് ഒരു പ്രത്യേക
സ്ഥലത്തോടോ സാഹചര്യത്തോടോ ഭയം തോന്നുന്നത് ആ സ്ഥലത്തോ ആ അവസ്ഥയിലോ മുമ്പ് നടന്ന ക്രിമിനല്‍ കുറ്റ കൃത്യങ്ങള്‍കൊണ്ട് ആവണം എന്നില്ല.
മറിച്ചു സാമൂഹിക സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കീഴവഴക്കങ്ങള്‍കൊണ്ടും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കും എന്ന തോന്നല്‍ കൊണ്ടുമാണ്.

കണക്കുകള്‍ പ്രകാരം, രാത്രികാലങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെക്കാള്‍ ആക്രമിക്കപ്പെടുന്നത് പുരുഷന്മാരാണ്. എന്നിട്ടും രാത്രികളില്‍ പൊതുസ്ഥലങ്ങളില്‍ പുരുഷ സാന്നിദ്ധ്യം കൂടുതലും സത്രീ സാന്നിദ്ധ്യം കുറവുമാണ്. പുരുഷന്മാര്‍ക്കില്ലാത്ത ഒരു സാധ്യത സ്ത്രീകള്‍ക്കുള്ളത് ലൈംഗികാക്രമണമാണ്. രാത്രി സഞ്ചരിക്കുന്ന സ്ത്രീ ഒരു ലൈംഗിക ഉപകരണമായി ചിത്രീകരിക്കപ്പെടും എന്ന ഒരു പൊതുബോധ നിര്‍മിതി ഇന്നും ഇവിടെ നിലനില്‍ക്കുന്നു.

വ്യക്തികളിലെ ഭയത്തിന്റെ കാരണങ്ങള്‍ തിരഞ്ഞാല്‍ വിചിത്രമായ കാര്യങ്ങളിലാണ് നാമെത്തുക. ഇതുപോലെയുള്ള സാമൂഹ്യ ഘടകങ്ങള്‍ ആണ് യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ തോതിനേക്കാള്‍ അവരെ ഭയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ അന്യ ദേശ തൊഴിലാളികള്‍ താമസിക്കുന്ന ഒരു തെരുവുണ്ട്. അത് വഴി നടക്കാന്‍ നാട്ടുകാരില്‍ നല്ലൊരു ഭാഗത്തിനും ഭയമാണ്. അവിടെ ഒരു ക്രിമിനല്‍ കുറ്റം പോലും രേഖപ്പെടുത്തിയിട്ടില്ലങ്കില്‍ പോലും ആളുകള്‍ ആ വഴി ഒഴിവാക്കുന്നു. എന്നാല്‍ ഈ അന്യഭാഷാ തൊഴിലാളികള്‍ക്ക് പണി തരപ്പെടുത്തി കൊടുക്കുന്ന പരിചയക്കാരനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്.
ഒറ്റയ്ക്ക് നടന്നാലോ, അസമയത്ത നടന്നാലോ നാട്ടുകാരാല്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയത്തിനാല്‍ ഈ തൊഴിലാളികള്‍ ഒന്നിലധികം ആളുകളുടെ കൂട്ടമായാണ് സഞ്ചരിക്കുന്നത്. അതാണ് ഭയത്തിന്റെ മന:ശാസ്ത്രം.

ഭയത്തിന്റെ കാരണങ്ങള്‍ സൃഷ്ടിക്കുന്നതും ഊട്ടി ഉറപ്പിക്കുന്നതും നമ്മളാണ്.  പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ എന്ന പേരില്‍. എങ്ങനെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം എന്ന് പറയുമ്പോള്‍ സാമാന്യ രീതിയില്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

1. അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക 
2. താന്‍ അഭിമുഖീകരിക്കുന്ന സാഹചര്യം സ്ഥലം ഇവയെ കുറിച്ചു മനസ്സിലാക്കി ഒരു അപകട നിവാരണ പദ്ധതിയുമായി മുന്നോട്ടു പോവുക. 

പലപ്പോഴും നിത്യജീവിതത്തില്‍ പല സാഹചര്യങ്ങളിലും അബോധപൂര്‍ണ്ണമായി നമ്മളില്‍ ഏറെപേരും ഈ രണ്ടാമത്തെ രീതി പിന്തുടരുന്നവരാണ്. എന്നാല്‍ രാത്രി യാത്രചെയ്യേണ്ടി വരുന്ന ഒരു സ്ത്രീയുടെ കാര്യത്തില്‍ നമ്മള്‍ അവരോടു ആവശ്യപ്പെടുന്നത് ആദ്യ മാര്‍ഗം സ്വീകരിക്കാനാണ്. രാത്രി സുരക്ഷിതമല്ല, അതിനാല്‍ യാത്രകള്‍ ഒഴിവാക്കുക. ഐടി കമ്പനികളില്‍ പോലും സ്ത്രീകളെ രാത്രി ജോലിയില്‍ നിന്നും ഒഴിവാക്കി നേരത്തെ വീട്ടില്‍ എത്തിക്കാനുള്ള പോളിസികള്‍ വരുന്നു.

ജീവിതത്തിന്റെ നല്ലൊരുഭാഗം ജീവിതം, അവസരങ്ങള്‍, അനുഭവങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടു നല്ല പകല്‍വെളിച്ചത്തില്‍ മാത്രം 'സുരക്ഷിതമായി' പറയപ്പെടുന്ന ഇടങ്ങളില്‍ മാത്രം ചലിച്ചു ജീവിതം തീര്‍ക്കേണ്ടി വരുമ്പോള്‍ ഒരു വ്യക്തിക്ക് നാം നിഷേധിക്കുന്നത് പൂര്‍ണ്ണമായ വ്യക്തി വികാസത്തിനുള്ള അവസരം കൂടിയാണ്.

മാറേണ്ടത് ചില പൊതുബോധ നിര്‍മ്മിതികളാണ്. മാറ്റം വരേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ്. ആ പഴയ മധുരയിലെ ഉറങ്ങാത്ത സ്ത്രീകള്‍ അത്മവിശാസത്തോടെ നടക്കുന്ന തെരുവുകള്‍ എന്തുകൊണ്ടാണ് സാദ്ധ്യമായത്? അവിടുത്തെ സ്ത്രീകളുടെ ബോധത്തില്‍ ആ തെരുവുകള്‍ മാപ്പ് ചെയ്യപ്പെടുന്നത് സാമൂഹികമായി പേടിപ്പെടുത്തുന്ന ഇടമായിട്ടായിരുന്നില്ല. കേരളത്തിലുമുണ്ട് സ്ത്രീകള്‍ തങ്ങള്‍ സേഫ് എന്ന് ഇരുട്ടിലും അബോധപൂര്‍ണ്ണമായി അടയാളപ്പെടുത്തുന്ന ഇടങ്ങള്‍, പലപ്പോഴും അത് വീട്ടിലേയ്ക്ക് നീളുന്ന വഴികളാവും എന്ന് മാത്രം.

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?
 

Follow Us:
Download App:
  • android
  • ios