Asianet News MalayalamAsianet News Malayalam

ആൻഡമാനിൽ നിന്നും പുതിയ സസ്യം, പേര് അസെറ്റബുലേറിയ ജലകന്യക, കണ്ടെത്തിയത് മലയാളി

ഇന്ത്യന്‍ ജേണല്‍ ഓഫ് ജിയോ മറൈന്‍ സയന്‍സസിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കേമ ചെന്ദ് സെയ്നി, അരവിന്ദ് എന്നിവരും വിദ്യാര്‍ത്ഥികളുമാണ് പഠനത്തില്‍ ഡോ. ഫെലിക്സിനൊപ്പം സഹകരിച്ചത്. 

Acetabularia jalakanyaka plant species found
Author
Kannur, First Published Aug 18, 2021, 4:03 PM IST

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ നിന്നും പുതിയൊരു സസ്യജാലത്തെ കണ്ടെത്തി. പഞ്ചാബ് കേന്ദ്രസര്‍വകലാശാല ജീവശാസ്ത്രവിഭാഗം മേധാവിയും പയ്യന്നൂര്‍ സ്വദേശിയുമായ ഡോ. ഫെലിക്സ് ബാസ്റ്റിന്‍റെ നേതൃത്വത്തിലാണ് കണ്ടെത്തല്‍. സസ്യത്തിന് 'അസെറ്റബുലേറിയ ജലകന്യക' എന്നാണ് പേരിട്ടിരിക്കുന്നത്. 

2019 -ല്‍ ആന്‍ഡമാനിലേക്ക് നടത്തിയ കുടുംബയാത്രയ്ക്കിടെ തികച്ചും യാദൃച്ഛികമായിട്ടാണ് സസ്യത്തെ കണ്ടത് എന്ന് ഡോ. ഫെലിക്സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കണ്ടപ്പോള്‍ ഒരു പുതുമ തോന്നിയതിനാലാണ് അത് ശേഖരിച്ചത്. തുടര്‍ന്ന് പഞ്ചാബിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ആ സസ്യത്തെ കുറിച്ച് പഠനം നടത്തി. സ്കാനിംഗ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് വച്ചായിരുന്നു പഠനം. പിന്നീട് ഡിഎന്‍എ വേര്‍തിരിച്ചു. പുതിയ ഇനമാണ് എന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് വര്‍ഷത്തോളം എടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. 

Acetabularia jalakanyaka plant species found

ഡോ. ഫെലിക്സ് ബാസ്റ്റ്

കുടപോലെയിരിക്കുന്ന മനോഹരമായ സസ്യമായതിനാലാണ് ജലകന്യക എന്ന് പേരിട്ടത് എന്നും ഫെലിക്സ് വിശദീകരിക്കുന്നു. ഈ സസ്യത്തിന് ഒരേയൊരു കോശമേ ഉള്ളൂ, 2-3 വരെ സെന്‍റിമീറ്ററാണ് നീളം. ഒരൊറ്റ കോശം മാത്രമുള്ള വലിയ സസ്യമാണിതെന്ന് ഫെലിക്സ് പറയുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ് ജിയോ മറൈന്‍ സയന്‍സസിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കേമ ചെന്ദ് സെയ്നി, അരവിന്ദ് എന്നിവരും വിദ്യാര്‍ത്ഥികളുമാണ് പഠനത്തില്‍ ഡോ. ഫെലിക്സിനൊപ്പം സഹകരിച്ചത്. 

കടല്‍പായലുകളെ കുറിച്ച് നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അന്തരീക്ഷ ഓക്സിജന്‍ പ്രദാനം ചെയ്യുന്നത് കാടും വൃക്ഷങ്ങളുമാണ് എന്നാണ് നാം കരുതുന്നത്. അതില്‍ കടല്‍പായലുകളുടെ പങ്ക് നാം വേണ്ടത്ര കാര്യമാക്കാറില്ല. എന്നാല്‍, 65 ശതമാനം ഓക്സിജന്‍ പ്രദാനം ചെയ്യുന്നത് ഈ സമുദ്രത്തിലെ പായലുകളാണ്. ഇവ ചത്തുകഴിഞ്ഞാല്‍ സമുദ്രത്തിന്‍റെ ഏറ്റവും അടിത്തട്ടിലെത്തുകയും ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്ത് ദ്രവ്യമായി മാറുകയും പെട്രോളും ഡീസലും ഉണ്ടാവുകയും ചെയ്യുന്നുവെന്നും ഫെലിക്സ് വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios