മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചും ടെലിവിഷന്റെ മുമ്പില്‍ ചടഞ്ഞ് കൂടിയിരുന്ന് കാര്‍ട്ടൂണുകളിലും സിനിമകളിലും മുഴുകിക്കഴിയുന്ന കുട്ടികളെക്കുറിച്ചാണ് കൊറോണാക്കാലത്ത് മിക്കവാറും ആളുകള്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍, ഫഹദ് അഹമ്മദ് എന്ന വിദ്യാര്‍ഥി അല്‍പം വ്യത്യസ്‍തനാണ്. മണ്ണിലിറങ്ങി പണിയെടുത്ത് ഓരോ ഇഞ്ച് ഭൂമിയിലും പച്ചക്കറികളുടെ പ്രപഞ്ചം തന്നെ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു ഫഹദ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയിലെ മൂര്‍ഖന്‍കുണ്ട് സ്വദേശിയായ ഫഹദ് കൃഷിയെക്കുറിച്ച് പഠിക്കുന്ന കുട്ടിക്കര്‍ഷകന്‍ കൂടിയാണ്.

താമരശ്ശേരി ജി.വി.എച്ച്.എസില്‍ അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിയായിരുന്നു ഫഹദ്. പഠിച്ചത് പരീക്ഷിച്ച് നോക്കാനുള്ള വ്യഗ്രത മാത്രമായിരുന്നില്ല ഈ വിദ്യാര്‍ഥിയെ കൃഷിയിലേക്കിറക്കിയത്. തന്റെ കൃഷിയെക്കുറിച്ച് ഫഹദ് തന്നെ പറയട്ടെ, 'പാരമ്പര്യമായി കാര്‍ഷിക കുടുംബമാണ് ഞങ്ങളുടേത്. വലിയുപ്പ നല്ല കര്‍ഷകനായിരുന്നു. അതുകണ്ടാണ് കൃഷിയിലേക്കിറങ്ങിയത്. ഒരുവിധം എല്ലാ പച്ചക്കറികളും സീസണ്‍ അനുസരിച്ച് ഞാന്‍ കൃഷി ചെയ്യുന്നുണ്ട്. മാനസികമായും ശാരീരികമായും സംത്യപ്തി തരുന്ന മേഖലയാണിത്. ശനിയും ഞായറും ഒഴിവുദിവസങ്ങളും കൃഷിക്കായി ഉപയോഗപ്പെടുത്തും.'

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ഫഹദ് കൃഷി ചെയ്തുണ്ടാക്കിയ കരനെല്ലിന്റെ വിളവെടുപ്പ് കൊയ്ത്തുത്സവമായിത്തന്നെ നാട്ടുകാരും കൃഷിഭവനിലെ ജീവനക്കാരും ചേര്‍ന്ന് നടത്തുകയുണ്ടായി. 2019-20 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കുട്ടിക്കര്‍ഷകനാണ് ഫഹദ്.

കപ്പ, ചെറുകിഴങ്ങ്, ചേന, രണ്ടുതരത്തിലുള്ള ചേമ്പ്, മധുരക്കിഴങ്ങ്, കൂര്‍ക്കല്‍, ഇഞ്ചി, മഞ്ഞള്‍, നെല്ല്, കൂവ, മധുരക്കിഴങ്ങ് എന്നിവ ഫഹദ് നട്ടുവളര്‍ത്തിയിട്ടുണ്ട്. ചാണകപ്പൊടിയാണ് പ്രധാന വളം. ഫഹദ് വീട്ടില്‍ പശുവിനെയും വളര്‍ത്തുന്നുണ്ട്. കോഴിവളവും പച്ചിലവളവും തന്റെ ചെടികള്‍ക്ക് നല്‍കുന്നുണ്ട്. 30 മുതൽ 40 കിലോ വരെ നെല്ല് എല്ലാ വർഷവും ലഭിക്കുന്നുണ്ട്. നെല്ല് വീട്ടിലെ ആവശ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുകയാണ്. പച്ചക്കറികള്‍ വീട്ടിലെ ആവശ്യത്തിന് ശേഷമുള്ളത് വിൽക്കുകയാണ് ചെയ്യുന്നതെന്ന് ഫഹദ് പറയുന്നു.

'ഒരു വിള കൃഷി ചെയ്ത സ്ഥലത്ത് അടുത്ത വര്‍ഷം അതേ വിള തന്നെ ചെയ്യാതെ പുതിയ വിളകള്‍ കൃഷി ചെയ്യുന്ന വിള ചംക്രമണം ഫഹദ് ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എല്ലാവിളകളും എല്ലാ സ്ഥലത്തും ഒരുപോല വളരണമെന്നില്ല. ഓരോന്നിനും അതിന്റേതായ സ്ഥലം കണ്ടെത്തിയാണ് ഫഹദ് കൃഷി ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്ലൊരു മാതൃകയാണ്. ഒരിഞ്ച് സ്ഥലം പോലും ഫഹദ് വെറുതെയാക്കിയില്ല. ഏറ്റവും പ്രധാനപ്പെട്ട വസ്തുത, ലോക്ക്ഡൗണ്‍ സമയത്ത് മൊബൈലില്‍ ഗെയിം കളിച്ച് നടക്കാന്‍ ശ്രമിക്കാതെ താന്‍ സ്കൂളില്‍ നിന്ന് പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ കൃഷിയിലേക്കിറങ്ങിയെന്നതു തന്നെയാണ്.' നരിക്കുനി കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഡാന മുനീര്‍ ഫഹദിലെ കര്‍ഷകനെക്കുറിച്ച് വ്യക്തമാക്കുന്നു.

ജൈവവളങ്ങളുടെയും രാസവളങ്ങളുടെയും സംയോജിത കൃഷിരീതിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. മണ്ണില്‍ സൂക്ഷ്മ പോഷകങ്ങളുടെ അഭാവമുള്ളത് തിരിച്ചറിഞ്ഞ് എന്തുചെയ്യണമെന്ന് ഉപദേശം തേടിയാണ് കൃഷി ചെയ്തിരിക്കുന്നതെന്ന് കൃഷി ഓഫീസര്‍ പറയുന്നു. 'ഈ കര്‍ഷകന്റെ വീട്ടില്‍ കയറിച്ചെന്നാല്‍ പാടത്തിനരികിലായി കൂര്‍ക്കല്‍ കൃഷിയാണ് കാണുന്നത്. വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വിവിധയിനം പച്ചക്കറികളും തെങ്ങും കവുങ്ങുമുള്ള സ്ഥലത്ത് കാച്ചിലും വളര്‍ത്തിയിട്ടുണ്ട്. ഈ കുട്ടിക്കര്‍ഷകന്റെ പറമ്പ് നിറയെ പച്ചക്കറികള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണുന്നത് തന്നെ മനസിന് സന്തോഷം നല്‍കുന്ന കാഴ്ചയാണ്.'

മണ്ണിന്റെ ഗുണം കൃഷിക്ക് വളരെയേറെ അനുകൂലമാണെന്ന് ഈ കുട്ടിക്കര്‍ഷകന്‍ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. മഴക്കാലപച്ചക്കറിയുടെ സീസണ്‍ കഴിഞ്ഞു. ഇപ്പോള്‍ ശീതകാല പച്ചക്കറികള്‍ വളര്‍ത്താനുള്ള ഒരുക്കത്തിലാണ് ഫഹദ്.