ആരോഗ്യമുള്ള ചെടികള്‍ നന്നായി പരിചരിച്ച് വളര്‍ത്തുമ്പോള്‍ ഈ രോഗബാധ സാധാരണയായി കണ്ടുവരാറില്ല. ശരിയായ രീതിയില്‍ നടീല്‍ മിശ്രിതം തയ്യാറാക്കണം. നല്ല നീര്‍വാര്‍ച്ചയും കൃത്യമായ വളപ്രയോഗവും ആവശ്യമാണ്. 

തോട്ടത്തിലെ ചെടികളുടെ ഇലകളില്‍ മഴക്കാലത്ത് ചാരനിറത്തിലോ ഓറഞ്ച് നിറത്തിലോ പച്ചനിറത്തിലോ ഉള്ള പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ടോ? തുടക്കത്തില്‍ ഇലകളില്‍ കാണപ്പെടുന്ന ഈ രോഗം ചിലപ്പോള്‍ ശാഖകളിലേക്കും പൊട്ടിമുളയ്ക്കുന്ന ചിനപ്പുകളിലേക്കും പകരുന്നതും കാണാം. ഇലകള്‍ക്ക് അല്‍പം കരുതല്‍ നല്‍കി ശ്രദ്ധിച്ചാല്‍ ഇലപ്പുള്ളി രോഗം ഒഴിവാക്കി ആരോഗ്യത്തോടെ ചെടികള്‍ വളര്‍ത്താം.

മഴക്കാലത്തും തണുപ്പുകാലത്തും ചെടികളില്‍ കൂടുതലായി കണ്ടുവരുന്നതാണ് ഇലപ്പുള്ളി രോഗം അഥവാ ആല്‍ഗല്‍ ലീഫ് സ്‌പോട്ട്. ഏകദേശം 200 -ല്‍ക്കൂടുതല്‍ സസ്യവര്‍ഗങ്ങളുടെ ഇലകളില്‍ പ്രശ്‌നമുണ്ടാക്കുന്ന ഈ രോഗത്തിന് കാരണം ആല്‍ഗകളാണ്. സെഫാല്യൂറസ് വൈറസന്‍സ് എന്നാണ് ഈ പരാദ ആല്‍ഗകള്‍ അറിയപ്പെടുന്നത്. ബോഗണ്‍വില്ലയിലും റോഡോഡെന്‍ഡ്രോണ്‍ ഇനത്തില്‍പ്പെട്ട ചെടികളിലും ഇലപ്പുള്ളിരോഗം കാണാറുണ്ട്. ഗ്രീന്‍ സ്‌കര്‍ഫ് എന്നും ഇത് അറിയപ്പെടുന്നു.

ആരോഗ്യമുള്ള ചെടികള്‍ നന്നായി പരിചരിച്ച് വളര്‍ത്തുമ്പോള്‍ ഈ രോഗബാധ സാധാരണയായി കണ്ടുവരാറില്ല. ശരിയായ രീതിയില്‍ നടീല്‍ മിശ്രിതം തയ്യാറാക്കണം. നല്ല നീര്‍വാര്‍ച്ചയും കൃത്യമായ വളപ്രയോഗവും ആവശ്യമാണ്.

വായുസഞ്ചാരം സുഗമമാക്കാന്‍ കൊമ്പുകോതല്‍ നടത്തണം. അപ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഇലകളില്‍ പതിക്കും. വല്ലാതെ തണല്‍ നല്‍കുന്ന രീതിയില്‍ തൂങ്ങിനില്‍ക്കുന്ന മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റണം.

രോഗബാധയുള്ള ചെടിയുടെ ചുവട്ടില്‍ നിന്ന് ഇലകളുടെ അവശിഷ്ടങ്ങള്‍ മാറ്റണം. തണുപ്പുകാലത്ത് ഇത്തരം കൊഴിഞ്ഞുവീണ ഇലകളില്‍പ്പോലും അതിജീവിക്കാനുള്ള കഴിവ് ആല്‍ഗകള്‍ക്കുണ്ട്.

വെള്ളമൊഴിക്കുമ്പോള്‍ ചെടികളുടെ ചുവട്ടില്‍ത്തന്നെ ഒഴിക്കുക. ഇലകളില്‍ ഈര്‍പ്പമുണ്ടാകുന്നത് ഒഴിവാക്കണം. കോപ്പര്‍ അടങ്ങിയ കുമിള്‍നാശിനി ഉപയോഗിച്ചാല്‍ ഗുരുതരമായി ബാധിച്ച ചെടികളെ സംരക്ഷിക്കാം. തണുപ്പുകാലത്ത് രണ്ടാഴ്ച കൂടുമ്പോള്‍ ഇത് നല്‍കിയാല്‍ മതി.