ഗോള്‍ഡന്‍ ട്രംപെറ്റ്, യെല്ലോ അലമാന്‍ഡ, യെല്ലോ ബെല്‍ എന്നിങ്ങനെയുള്ള പേരുകളിലെല്ലാം അറിയപ്പെടുന്ന മഞ്ഞക്കോളാമ്പിപ്പൂക്കള്‍ നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. പിങ്ക് നിറത്തിലുള്ള മറ്റൊരിനവും ഈ പൂക്കളിലുണ്ട്. ആകര്‍ഷകത്വമുള്ള അഞ്ചിതള്‍പ്പൂക്കളും കീടരോഗ പ്രതിരോധശേഷിയുമുള്ള കോളാമ്പിച്ചെടി ബ്രസീലിലും തെക്കേ അമേരിക്കയിലും വ്യാപകമായി വളരുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ സസ്യശാസ്ത്രജ്ഞനായി ഡോ. ഫ്രെഡറിക് ലൂയിസ് അലമാന്‍ഡ് ആണ് ആദ്യമായി ഈ  ചെടിയെ പരിചയപ്പെടുത്തിയത്. ഈ ചെടിയെപ്പറ്റി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

അപ്പോസൈനേസി സസ്യകുടുംബത്തില്‍പ്പെട്ട ചെടിയാണിത്. പാല്‍നിറത്തിലുള്ള കറ ഉത്പാദിപ്പിക്കുന്ന സസ്യങ്ങളായതിനാല്‍ അല്‍പം വിഷാംശമുള്ളവയാണ് ഈയിനത്തില്‍പ്പെട്ടവയെല്ലാം. തൊലിപ്പുറത്ത് കറ വീണാല്‍ ചര്‍മത്തിന് അസ്വസ്ഥത ഉണ്ടാകാം. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഹാനികരമാണ്. പക്ഷേ, ഗുരുതരമായ അപകടങ്ങളൊന്നും ഉണ്ടാകാറില്ല. പ്രൂണിങ്ങ് നടത്തുമ്പോള്‍ ഗ്ലൗസ് ധരിക്കണം. അഥവാ തൊലിപ്പുറത്ത് പാല്‍നിറമുള്ള കറ വീണാല്‍ ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കഴുകണം.    

കേരളത്തില്‍ പണ്ടുകാലത്ത് മുറുക്കിത്തുപ്പാന്‍ ഉപയോഗിച്ചിരുന്ന കോളാമ്പിയുടെ ആകൃതിയുള്ള പൂക്കളായതുകൊണ്ടാണ് ഇതിന് കോളാമ്പിപ്പൂക്കള്‍ എന്ന പേര് വന്നത്. നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ഈ ചെടിക്ക് ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഉചിതം. ഗ്രീന്‍ഹൗസിലെ കാലാവസ്ഥയും ഈ ചെടി വളരാന്‍ അനുയോജ്യമാണ്. വീട്ടിനകത്തും വളര്‍ത്താം. നമ്മുടെ നാട്ടില്‍ പറമ്പുകളില്‍ കാട് പിടിച്ച് വളരുന്ന ഈ ചെടി ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നവര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുമ്പോള്‍ ചകിരിച്ചോറും കമ്പോസ്റ്റും മണലും കലര്‍ന്ന പോട്ടിങ്ങ് മിശ്രിതം ഉപയോഗിക്കാം. ഏകദേശം നാല് മണിക്കൂറോളം നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കളുമുണ്ടാകും. കൊമ്പ് കോതല്‍ നടത്തി വളരെ ചെറിയ രൂപത്തില്‍ ചട്ടികളില്‍ ഈ ചെടി വളര്‍ത്താവുന്നതാണ്.

വെള്ളം ചട്ടിയുടെ താഴെയുള്ള സുഷിരത്തിലൂടെ വാര്‍ന്നുപോകുന്നതുവരെ നനയ്ക്കണം. മണ്ണ് ഉണങ്ങിയാല്‍ മാത്രമേ അടുത്ത തവണ നനയ്‌ക്കേണ്ട കാര്യമുള്ളു. ഈര്‍പ്പമുള്ള മണ്ണ് ആവശ്യമില്ല. വെള്ളീച്ചകളാണ് ചെടിയെ ആക്രമിക്കാന്‍ സാധ്യതയുള്ളത്. കീടങ്ങളെ കണ്ടാല്‍ പെപ്പ് വെള്ളം ചെടികളില്‍ വീഴ്ത്തി കഴുകണം. വേപ്പെണ്ണ സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.