Asianet News MalayalamAsianet News Malayalam

കറ്റാര്‍വാഴക്കൃഷിയിലൂടെ ലക്ഷങ്ങളുടെ വരുമാനം, ഒപ്പം ഗ്രാമത്തിന് വികസനവും

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിശീലന പരിപാടികളില്‍ ലൈലാന്‍ഡ് പങ്കെടുത്തു. ശേഷം ആ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു.

Aloe Vera harvest and profit
Author
Garo Hills, First Published Sep 13, 2020, 4:04 PM IST
  • Facebook
  • Twitter
  • Whatsapp

മനുഷ്യര്‍ക്ക് ജീവിതത്തില്‍ എപ്പോഴും ശരിയായ കാര്യം തന്നെ ചെയ്യാന്‍ പറ്റണമെന്നില്ല. എപ്പോഴും ഒരാള്‍ ശരിയായിരിക്കണം എന്നുമില്ല. എന്നാല്‍, ചിലപ്പൊഴൊക്കെ ഏതെങ്കിലും വഴിയില്‍വെച്ച് ശരിയിലെത്തിച്ചേരും. അങ്ങനെ തന്നെയാണ് മേഘാലയയിലെ ഗാരോ ഹില്‍സിലെ ഗ്രാമത്തില്‍ താമസിക്കുന്ന ലൈലാന്‍ഡ് മറാകും വിശ്വസിക്കുന്നത്. കൃഷി സ്നേഹിയും, സംരംഭകനും, സമുദായ നേതാവും, അധ്യാപകനും, അച്ഛനും തുടങ്ങി ഒരുപാട് റോളുകളുണ്ട് ലൈലാന്‍ഡിന്. 

''ഞാന്‍ ജനിച്ചത് ഒരു ധനിക കുടുംബത്തിലായിരുന്നില്ല. പാവപ്പെട്ട കര്‍ഷകരായിരുന്ന എന്‍റെ മാതാപിതാക്കള്‍ക്ക് ഞാനടക്കം ഏഴ് കുട്ടികളെ നോക്കാനുണ്ടായിരുന്നു. എന്നാല്‍, സ്ഥിതി കൂടുതല്‍ വഷളായത് അവരിരുവരും ഒരു അപകടത്തില്‍ മരിച്ച ശേഷമാണ്. അവിടം മുതല്‍ ജീവിതം ദുഷ്കരമായിത്തീര്‍ന്നു. പുതിയ പാഠങ്ങളോരോന്നും ഞങ്ങള്‍ പഠിച്ചു തുടങ്ങി. അതില്‍ നിന്നെല്ലാം രക്ഷയ്ക്കുള്ള വഴി വിദ്യാഭ്യാസം മാത്രമാണ് എന്നെനിക്ക് മനസിലായി'' -ലൈലാന്‍ഡ് പറയുന്നു.

 അതേ ലൈലാൻഡ് പിന്നീട് ഒരു സാമൂഹ്യ സംരംഭത്തിന്റെ തുടക്കക്കാരനായി മാറുക മാത്രമല്ല, റോംഗ്രാം കമ്മ്യൂണിറ്റി ആന്‍ഡ് റൂറൽ ഡെവലപ്മെന്‍റ്  ബ്ലോക്കിന് കീഴിലുള്ള തന്‍റെ മുഴുവൻ സമൂഹത്തെയും സഹായിക്കുകയും ചെയ്തു. 2008 -ലാണ് Chizingjang എന്ന സ്വയം സഹായ സംഘത്തിന്‍റെ സഹായത്തോടെ ലൈലാന്‍ഡ് കറ്റാര്‍വാഴ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പനയും തുടങ്ങിയത്. ഗ്രാമത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം നല്‍കുക എന്നതിലുപരി നാടിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കി. 

വിദ്യാഭ്യാസം, പരിശീലനം

മാതാപിതാക്കളുടെ മരണശേഷം ലൈലാന്‍ഡ് വില്ല്യംനഗറിലെ ബന്ധുക്കളുടെ അടുത്തേക്ക് പോയി. അതുപോലെതന്നെ എവിടെനിന്നാണോ ആശ്രയം കിട്ടുന്നത് അങ്ങനെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് സഹോദരങ്ങളും പോയി. പക്ഷേ, എല്ലാ ബുദ്ധിമുട്ടുകളെയും കഷ്ടപ്പാടുകളെയും അഭിമുഖീകരിക്കുമ്പോഴും പഠനത്തില്‍ ലൈലാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനത്തില്‍ അവന്‍ മികവ് പുലര്‍ത്തി. സ്കൂള്‍ പഠനത്തിനുശേഷം ലൈലാന്‍ഡ് ഒരു കോളേജില്‍ ബിരുദത്തിനായി ചേര്‍ന്നു. എന്നാല്‍, പിന്നെയും ചില ദുരിതങ്ങള്‍ അവനെയും കാത്തിരിപ്പുണ്ടായിരുന്നു. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കണ്ണിന് വയ്യായ്ക വരികയും അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ണിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ശസ്ത്രക്രിയയും ചികിത്സയും എല്ലാം ചേര്‍ന്ന് അവന്‍റെ ആ വര്‍ഷം നഷ്‍ടപ്പെട്ടു. മാത്രവുമല്ല, കണ്ണിന്‍റെ അവസ്ഥ പിന്നേയും വഷളായി. ഇതേത്തുടര്‍ന്ന് അവന് പഠനം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. 

കോളേജ് പഠനം പോലും പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്ക് ഒരു ജോലി എന്നത് ബുദ്ധിമുട്ടേറിയ സംഗതി തന്നെയായിരുന്നു. പക്ഷേ, ഒരുപാട് അലഞ്ഞശേഷം 1995 -ല്‍ ഗാരോ ഹില്‍സിലെ ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ അസിസ്റ്റന്‍റ് ടീച്ചറായി അവന്‍ ജോലിയാരംഭിച്ചു. മറ്റുള്ള കുട്ടികളെ അക്ഷരം പഠിപ്പിക്കുക, അവരെ വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുക എന്നതെല്ലാം അവനെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. അതവനെ ഒരുപാട് സന്തോഷിപ്പിച്ചു. അഞ്ച് വര്‍ഷത്തോളം അവര്‍ ഒരു ജോലി നേടുന്നതുവരെ ലൈലാന്‍ഡ് തന്‍റെ സഹോദരിമാരുടെ വിദ്യാഭ്യാസത്തിന് സഹായിച്ചു. 2000 -ത്തില്‍ വിവാഹിതനായ ശേഷമാണ് ഒരു അധ്യാപകന്‍ എന്നതിലുമുപരി എന്തെങ്കിലും തന്‍റെ നാടിനുവേണ്ടി ചെയ്യണമെന്ന് ലൈലാന്‍ഡിന് തോന്നുന്നത്. അങ്ങനെയാണ് തന്‍റെ സമുദായത്തെ സേവിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. 

കറ്റാര്‍വാഴയുടെ സാധ്യത മനസിലാക്കുന്നു

ലോകത്ത് മിക്കയിടങ്ങളിലും ഇന്ന് കറ്റാര്‍വാഴ കൃഷി ചെയ്യുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്നുവെന്നതിനാല്‍ത്തന്നെ നാള്‍ക്കുനാള്‍ കറ്റാര്‍വാഴയുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. 2006 -ല്‍ ഇന്‍റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്‍റിന്‍റെ സഹായത്തോടെ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ റിസോഴ്സ് മാനേജ്മെന്‍റ് പ്രൊജക്ട് ഫോര്‍ അപ്‍ലാന്‍ഡ് ഏരിയാസ് ഒരു പരിശീലനം സംഘടിപ്പിച്ചു. കറ്റാര്‍വാഴയുടെ ഉത്പാദനവും സംസ്കരണവുമായിരുന്നു പരിശീലന വിഷയം. 

ആ സമയമായപ്പോഴേക്കും തന്നെ നാല് വര്‍ഷം ലൈലാന്‍ഡ് ഒരു സ്വയം സഹായ സംഘത്തിലെ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒപ്പം നാച്ചുറല്‍ റിസോഴ്സസ് മാനേജ്മെന്‍റ്  ഗ്രൂപ്പിന്‍റെ ഭാഗമായി സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. പല പരിശീലനവും പൂര്‍ത്തിയാക്കുകയും സമുദായത്തിന് ഏതെങ്കിലും രീതിയില്‍ മാറ്റമുണ്ടാക്കാനും ലൈലാന്‍ഡ് ശ്രമിച്ചുകൊണ്ടേയിരുന്നു. 78 അംഗങ്ങളുമായി ചേര്‍ന്ന് പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം സമുദായത്തിനിടയ്ക്ക് നടത്തി. അപ്പോഴാണ് പരിശീലനത്തിന്‍റെ ഭാഗമായി കറ്റാര്‍വാഴയുടെ സാധ്യതകള്‍ അദ്ദേഹം തിരിച്ചറിയുന്നത്. ആറ് മാസം കഴിഞ്ഞപ്പോള്‍ കര്‍ണാടകയിലെ അലൊവേര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് 40,000 കറ്റാര്‍വാഴത്തൈകള്‍ അവര്‍ക്ക് നല്‍കി. അവ നട്ടുവെങ്കിലും അപ്പോഴവര്‍ക്ക് സാങ്കേതികമായ അറിവുകളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍, രണ്ട് വര്‍ഷം കൊണ്ട് ആ തടസവും ലൈലാന്‍ഡ് മറികടന്നു. 

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിശീലന പരിപാടികളില്‍ ലൈലാന്‍ഡ് പങ്കെടുത്തു. ശേഷം ആ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു. നിരവധിപ്പേരെ കറ്റാര്‍വാഴ കൃഷിയിലേക്കും അതില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കും പരിശീലനം നല്‍കി വഴിതിരിച്ചു വിട്ടു. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനായി അദ്ദേഹത്തെ വേറെയും സ്ഥലങ്ങളിലേക്ക് ക്ഷണിക്കുകയുണ്ടായി. അവസാനം 2009 -ല്‍ വെസ്റ്റ് ഗാരോ ഹില്‍സിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കറ്റാര്‍വാഴ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി ഒരു ഫാക്ടറി തന്നെ നിര്‍മ്മിച്ചു. സര്‍ക്കാരിന്‍റെ പദ്ധതികളിലുള്‍പ്പെടുത്തിയായിരുന്നു ഇത്. ഒപ്പം അവിടേക്കുള്ള ഉപകരണങ്ങളും സജ്ജമാക്കി. അവിടെനിന്നും സോപ്പ് മുതല്‍ ജെല്‍ വരെ പല ഉത്പന്നങ്ങളും അവിടെ നിര്‍മ്മിക്കപ്പെട്ടു. വില്‍ക്കപ്പെട്ടു. പല കടകളിലേക്കും എത്തിക്കപ്പെട്ടു. 

വേനൽക്കാലത്ത് കറ്റാർ വാഴയുടെ വളർച്ച കൂടുമ്പോള്‍, ഫാക്ടറി ഓരോ ദിവസവും 500 -ലധികം കുപ്പി ജ്യൂസ്, 500 കുപ്പി കറ്റാർ വാഴ ജെൽ, 500 -ലധികം സോപ്പ് എന്നിവ നിർമ്മിക്കും. കറ്റാര്‍വാഴയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ ആവശ്യക്കാര്‍ കൂടി, സാമ്പത്തികമായ നേട്ടവും കൂടി. ഏഴ് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടായിരുന്നിടത്തുനിന്ന് 2019 ആയപ്പോഴേക്കും 20 ലക്ഷമായി വരുമാനം വര്‍ധിച്ചു. വരുമാനത്തില്‍നിന്നും ഗ്രാമത്തിലേക്കും ഗ്രാമവാസികളുടെ ജീവിതത്തിനും ഗുണകരമായി എന്തെങ്കിലും നല്‍കണമെന്ന തീരുമാനത്തില്‍ നിന്നും ആ തുക ഉപയോഗിച്ച് ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലൈലാന്‍ഡ് ശ്രമിച്ചു. റോഡ്, കലുങ്കുകള്‍, ശുചിമുറികള്‍ എന്നിവയെല്ലാം നിര്‍മ്മിച്ചു. ഗ്രാമത്തിലെ ഓരോ വീട്ടിലും ശുചിമുറികളുണ്ട് എന്ന് അദ്ദേഹം ഉറപ്പു വരുത്തി. 

എന്നിരുന്നാലും, മികച്ച ഫലങ്ങളും സ്വാധീനവും ഉണ്ടായിരുന്നിട്ടും 2020 -ൽ, പണി നിലച്ചു. കറ്റാര്‍ വാഴ നന്നായി വളര്‍ന്നുവെങ്കിലും ഉത്‌പന്നങ്ങൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് വിലകൂടിയ നിരക്കിൽ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അങ്ങനെ ചെയ്യുന്നുവെങ്കിലും ഈ വര്‍ഷം സാധനങ്ങള്‍ വേണ്ടത്ര കിട്ടാതായി. ഒപ്പം പകര്‍ച്ചവ്യാധി കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി. സിലിഗുരി, ഗുവാഹത്തി, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് വരുന്ന വസ്‍തുക്കള്‍ പോലും കൂടുതൽ ചെലവേറിയതായി. മഴക്കാലത്തെ പവര്‍കട്ടുകളും ഉപകരണങ്ങള്‍ക്ക് തകരാറ് സംഭവിച്ചതുമെല്ലാമടക്കം ഒരുപാട് ഭീഷണികളെ ലൈലാന്‍ഡിനും സംഘത്തിനും അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. അതുപോലെ സ്വയം സഹായ സംഘത്തിന് പുറത്തുള്ള തൊഴിലാളികള്‍ അതൃപ്തി കാട്ടിത്തുടങ്ങിയതുകൂടിയായപ്പോള്‍ ഫാക്ടറി അടച്ചിടേണ്ടി വന്നു. 

NERCOMP -ലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്മെന്‍റ് ഓഫീസറായ സീതാറാം പ്രസാദ് നിലവിലെ അവസ്ഥയിലും എന്നാല്‍ ലൈലാന്‍ഡിനും സംഘത്തിനും പ്രചോദനമാകുന്നുണ്ട്. ''ലൈലാൻഡ് നടപ്പിലാക്കിയ വിജയകരമായ മാതൃക കാരണം, അയൽ‌പ്രദേശങ്ങളിലെ 20 -ലധികം ഗ്രാമങ്ങളിൽ‌ ഞങ്ങൾ‌ ഇത്‌ നടപ്പിലാക്കാന്‍ ശ്രമിച്ചു. എന്നാൽ കാലക്രമേണ, COVID-19 മൂലം വിപണനത്തിന്‍റെ അഭാവവും അസംസ്കൃത വസ്തുക്കള്‍ കിട്ടാത്ത വെല്ലുവിളികളും കാരണം മിക്ക ജോലികളും നിർത്തിവച്ചു. ഇവിടെ ആയിരക്കണക്കിന് ജീവിതങ്ങളെ സ്വാധീനിച്ച ഈ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ട്. അതേസമയം, കന്നുകാലികളെയും ജൈവകൃഷിയെയും ചുറ്റിപ്പറ്റിയുള്ള നിരവധി പരിശീലന പരിപാടികളും ഗ്രാമീണരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നു” സീതാറാം പറയുന്നു.

ഇപ്പോഴും ലൈലാന്‍ഡ് തന്‍റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ മഹാമാരി അവസാനിക്കുമ്പോള്‍ കൂടുതല്‍ കരുത്തോടെ കറ്റാര്‍ വാഴയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും മേഖലയിലേക്ക് തിരികെ പോകാമെന്നും ഗ്രാമത്തിന്‍റെ വികസനത്തിന് വീണ്ടും ശക്തി പകരാമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. നിലവില്‍ ജൈവകൃഷി, ഫിഷറി തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കി വരികയാണ് അദ്ദേഹം. നാല് മക്കളാണ് അദ്ദേഹത്തിന്. അവര്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കുമെന്നും വിദ്യാഭ്യാസം വളരെയധികം പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ കാര്‍ഷികമേഖലയെയും വളരെ ഗൗരവത്തില്‍ നോക്കിക്കാണുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios